India - 2025
ആറു രൂപതകളുടെ യുവജനസംഗമം ഇന്ന് താമരശേരിയിൽ
പ്രവാചകശബ്ദം 30-12-2022 - Friday
കോഴിക്കോട്: കുടിയേറ്റ മണ്ണായ മലബാറിലെ കത്തോലിക്കാ യുവജനങ്ങൾക്ക് ആവേശം പകർന്ന് ആറു രൂപതകളുടെ യുവജനസംഗമം ഇന്നു താമരശേരിയിൽ നടക്കും. താമരശേരി രൂപത കെസിവൈഎം ആതിഥ്യം വഹിക്കുന്ന പരിപാടി താമരശേരി അൽ ഫോൺസ സ്കൂൾ മൈതാനിയിൽ ഉച്ചയ്ക്ക് 1.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉ ദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കത്തോലിക്കാ യുവജനതയുടെ കരുത്തുകാട്ടാൻ പതിനായിരം പേർ പങ്കെടുക്കുന്ന റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. താമരശേരി, കണ്ണൂർ, തലശേരി, മാനന്തവാടി, കോഴിക്കോട്, ബത്തേരി രൂപതകളിൽ നിന്നുള്ള യുവജനങ്ങളാണ് സംഗമത്തിന്റെ ഭാഗമാകുക. ഉച്ചയ്ക്ക് ഒന്നിനു കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനുള്ള സ്വീകരണത്തോടെ സംഗമത്തിന് തുടക്കമാവും.
തുടർന്ന് കെസിവൈഎമ്മിന്റെ പതാക ഉയർത്തും. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിലിൽ അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചലച്ചിത്ര താരം സിജോയ് വർഗീസ് മുഖ്യാതിഥിയായിരിക്കും. കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പകോമിയോസ് മെത്രാപ്പോലീത്ത എന്നിവരും കത്തോലിക്കാസഭയുടെ പ്രമുഖ നേതാക്കളും സംബന്ധിക്കും.
സംരംഭകൻ സെബാസ്റ്റ്യൻ പെരുമ്പള്ളിക്കാടൻ, ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സംരംഭകരായ അജിനോറ ഗ്ലോബൽ വെഞ്ചേഴ്സ് മാനേജിംഗ് ഡയറക്ടർ അജി മാത്യു എന്നിവരെ ചടങ്ങിൽ ആദരിക്കും. ദേശീയ, അന്തർദേശീയ നേട്ടങ്ങൾ കൈവരി ച്ച മലബാറിലെ പ്രതിഭകളെയും ആദരിക്കും.ആറ് രൂപതകളിൽ നിന്നുള്ള തനത് കലാ രൂപങ്ങളുടെ അവതരണവും നടക്കും. പൊതുസമ്മേളനത്തെത്തുടർന്ന് താമരശേരി ടൗണിൽ ക്രിസ്മസ് സന്ദേശ ബഹുജന റാലി നടക്കും. രാവിലെ പതിനൊന്നുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ വിദ്യാർഥികളുമായി ബിഷപ് ഹൗസിൽ സംവദിക്കും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന കോളജുകൾക്കും രൂപതകളിൽ നിന്നുള്ള യുവജനങ്ങൾക്കുമാണ് സംവാദത്തിൽ പങ്കെടുക്കാനുള്ള അവസരം.