India - 2024
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം: സീറോമലബാർ അൽമായ ഫോറം
പ്രവാചകശബ്ദം 05-02-2023 - Sunday
കൊച്ചി: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞ നടപടി ക്രൈസ്തവ സമുദായങ്ങളെ വിശ്വാസത്തിലെടുക്കാത്തതിന്റെ ഭാഗമാണെന്നും ഒരു സമുദായം തന്നെ വർഷങ്ങളായി ഒരേ വകുപ്പ് കൈകാര്യം ചെയ്യുന്ന നിലപാട് കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്നും ക്രൈസ്തവർ നേരിടുന്ന പല വിഷയങ്ങളിലും സംയമനം പാലിച്ചത് നിസംഗതയും നിഷ്‌ക്രിയത്വവുമായി കണ്ട് ഈ സമുദായത്തോട് എന്തുമാകാം എന്ന അവസ്ഥ ഇനിയും അനുവദിക്കാനാവില്ലെന്നും സീറോമലബാർ അല്‍മായ ഫോറം വിലയിരുത്തി.
കേരള മന്ത്രിസഭയിൽ പാലോളി മുഹമ്മദ് കുട്ടി തൊട്ട് വി. അബ്ദുറഹിമാൻ വരെ ന്യൂനപക്ഷക്ഷേമ വകുപ്പ് രണ്ടു മുന്നണികളുടെയും സർക്കാരുകളിൽ ഭരിച്ചത് ഒരേ മത വിഭാഗത്തിൽപ്പെട്ടവർ തന്നെയാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഈ മന്ത്രിസഭയിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്തുകൊണ്ടിരുന്ന ഈ വകുപ്പ് ഇപ്പോൾ സമ്മർദ്ദതന്ത്രങ്ങളുടെ ഫലമായി വി. അബ്ദുറഹിമാനെ ഏല്പിച്ചിരിക്കുന്നു. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കാനുള്ള ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ മാർച്ചിൽ സമർപ്പിക്കുന്ന റിപ്പോർട്ട് അട്ടിമറിക്കാനുള്ള ശ്രമമാണോ മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈമാറിയതിലൂടെ നടത്തുന്നതെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ ന്യൂനപക്ഷ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഒരു മത വിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് നടക്കുന്നതാണ് എന്ന ആക്ഷേപം ഈ വകുപ്പിന്റെ രൂപീകരണ കാലം മുതൽക്കെ കേൾക്കുന്നുണ്ട്. സ്വജനപക്ഷപാതം മൂലം ജീർണ്ണിച്ചിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ക്രൈസ്തവ സമുദായത്തിന് അർഹതപ്പെട്ട ക്ഷേമപദ്ധതികൾ നിരന്തരം അട്ടിമറിക്കുന്നുയെന്നതും ഒരു പ്രത്യേക മത സംവരണമായി തുടരുന്നു എന്നതും നീതികരിക്കാനാവാത്തതാണ്. ന്യൂനപക്ഷമായ ക്രൈസ്തവരെ വിശ്വാസത്തിലെടുതുകൊണ്ട് മുൻപോട്ട് പോകാൻ സർക്കാർ തയ്യാറാകണമെന്ന് സീറോമലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.