News
സുഡാനില്‍ കൊല്ലപ്പെട്ട വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടി ഒരു നിമിഷത്തെ മൗനമാചരിച്ച് ഫ്രാന്‍സിസ് പാപ്പ
പ്രവാചകശബ്ദം 06-02-2023 - Monday
ജൂബ: സമാധാനത്തിന്റെ തീര്‍ത്ഥാടകനായി ആഫ്രിക്കയിലെത്തിയ ഫ്രാന്‍സിസ് പാപ്പയുടെ തെക്കന്‍ സുഡാന്‍ സന്ദര്‍ശനവേളയില്‍ രാജ്യത്തു അരുംകൊല ചെയ്യപ്പെട്ട കത്തോലിക്ക വൈദികര്‍ക്കും സന്യസ്തര്‍ക്കും വിശ്വാസികള്‍ക്കും വേണ്ടി ഒരു നിമിഷത്തെ മൗനമാചരിച്ച് ഫ്രാന്‍സിസ് പാപ്പ. ചരിത്രപരമായ തെക്കന്‍ സുഡാന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തില്‍ പാപ്പ മെത്രാന്‍മാര്‍, പുരോഹിതര്‍, അത്മായ സമര്‍പ്പിതര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. ഈ അവസരത്തിലാണ് അക്രമം കവര്‍ന്നെടുത്ത വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടി ഫ്രാന്‍സിസ് പാപ്പ ഒരു നിമിഷത്തെ മൗനമാചരിച്ചത്. "ജീവന്‍ നഷ്ടപ്പെട്ട നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്ക് വേണ്ടി നമുക്ക് നിശബ്ദമായി പ്രാര്‍ത്ഥിക്കാം" എന്ന വാക്കുകളോടെയായിരിന്നു മൗനാചരണം.
പാപ്പയുമായുള്ള കൂടിക്കാഴ്ചക്കായി ആയിരങ്ങളാണ് സെന്റ് തെരേസ കത്തീഡ്രലില്‍ തടിച്ചു കൂടിയിരുന്നത്. ആയിരത്തോളം പേര്‍ കത്തീഡ്രലിനകത്തും, അയ്യായിരത്തോളം പേര്‍ ദേവാലയത്തിന് പുറത്തും ഉണ്ടായിരുന്നു. 2021-ലെ അക്രമാസക്തമായ ആക്രമണങ്ങള്‍ക്കിടെ ജീവന്‍ നഷ്ടപ്പെട്ട സിസ്റ്റര്‍ മേരി ഡാനിയല്‍ അബുദ്, സിസ്റ്റര്‍ റെജീന റോബ എന്നിവരുടെ ജീവിതത്തേക്കുറിച്ചും, പ്രേഷിത പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള സാക്ഷ്യങ്ങള്‍ പാപ്പ കേള്‍ക്കുകയുണ്ടായി. അനേകം വൈദികര്‍ക്കും, സമര്‍പ്പിതര്‍ക്കും അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സുവിശേഷത്തിനു വേണ്ടി അവര്‍ ജീവന്‍ സമര്‍പ്പിക്കുകയായിരുന്നുവെന്ന് പാപ്പ പറഞ്ഞു.
1881-ല്‍ സുഡാനില്‍വെച്ച് മരിച്ച മിഷ്ണറിയും, മധ്യ ആഫ്രിക്കയിലെ ആദ്യത്തെ കത്തോലിക്കാ മെത്രാനുമായ വിശുദ്ധ ഡാനിയല്‍ കോംബോണിയുടെ ഉദാഹരണവും പാപ്പ ചൂണ്ടിക്കാട്ടി. തന്റെ പ്രേഷിത സഹോദരര്‍ക്കൊപ്പം വിശുദ്ധ കോംബോണി ഈ മണ്ണില്‍ സുവിശേഷ പ്രഘോഷണമെന്ന മഹത്തായ വേല ചെയ്തു. ക്രിസ്തുവിനും സുവിശേഷത്തിനു വേണ്ടി എന്തു ചെയ്യുവാനും മിഷ്ണറിമാര്‍ തയ്യാറായിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. സുഡാനി ജനതയുടെ കാര്യങ്ങളില്‍ ഇടപെടുവാന്‍ വൈദികരെയും, സെമിനാരി വിദ്യാര്‍ത്ഥികളെയും, സമര്‍പ്പിത സഹോദരങ്ങളെയും പാപ്പ പ്രോത്സാഹിപ്പിച്ചു.
വത്തിക്കാൻ കണക്കനുസരിച്ച്, എഴുപതു ലക്ഷം കത്തോലിക്കരാണ് രാജ്യത്തുള്ളത്. 300 വൈദികരും 253 സന്യാസീ-സന്യാസിനികളും രാജ്യത്തു സേവനം ചെയ്യുന്നുണ്ട്. രാജ്യത്തെ വൈദികരുടെയും വിശ്വാസികളുടെയും അനുപാത നിരക്ക് വളരെ കൂടുതലാണ്. ഒരു വൈദികനു 24,000 വിശ്വാസികള്‍ എന്ന വിധത്തിലാണ് കണക്ക്. അതേസമയം തന്റെ ചരിത്രപരമായ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന് സമാപനം കുറിച്ച് ഫ്രാന്‍സിസ് പാപ്പ ഇന്നലെ റോമിലേക്ക് മടങ്ങിയിരിന്നു.