India - 2024
ഇരുട്ടു നിറഞ്ഞ ലോകത്തു വെളിച്ചമായി മാറേണ്ടവർ വിസ്മൃതിയിലാകാൻ ഇഷ്ടപ്പെടുന്നു: ഡോ. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത
പ്രവാചകശബ്ദം 15-02-2023 - Wednesday
മാരാമൺ. ഇരുട്ടു നിറഞ്ഞ ലോകത്തു വെളിച്ചമായി മാറേണ്ടവർ വിസ്മൃതിയിലാകാൻ ഇഷ്ടപ്പെടുകയാണെന്ന് ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത. മാരാമൺ കൺവൻഷനിൽ ഇന്നലെ വൈകുന്നേരം നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ സാദൃശ്യമുള്ള മനുഷ്യന് അന്ധകാരത്തിന്റെ പ്രതിലോമ ശക്തികളെ ധൈര്യപൂർവം നേരിടാനാകണം. എന്നാൽ, എന്തിനെയോ ഭയക്കുന്ന ഒരു സമൂഹമായി ഇന്നു വിശ്വാസികളും മാറിയിരിക്കുകയാണെന്നു മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
സത്യത്തിനുവേണ്ടി നിലകൊള്ളാൻ ആളുകൾ മടിക്കുന്നു. ദൈവസ്വരൂപം സ്വീകരിച്ചിട്ടുള്ള മനുഷ്യൻ അതു തിരിച്ചറിയാതെ പ്രവർത്തിക്കുന്നതാണ് ലോകത്ത് അന്ധകാരം വ്യാപിക്കാൻ കാരണം. പ്രാർത്ഥനകൊണ്ടും പഠനം കൊണ്ടും ആത്മീയ ജീർണതയെ അതിജീവിച്ച പിതാക്കൻമാരുടെ പാരമ്പര്യം സഭയ്ക്കുണ്ട്. വിശുദ്ധിയിലേക്കുള്ള പ്രയാണത്തിനു മനസിനെ പ്രാപ്തമാക്കുകയാണ് ഇതിനു വേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത, ഓർത്തഡോക്സ് സഭ അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത, മാർത്തോമ്മ സഭയി ലെ മറ്റു ബിഷപ്പുമാർ തുടങ്ങിയവരും പങ്കെടുത്തു.