India - 2024
നഷ്ടമായ ദൈവീകഛായയുടെ വീണ്ടെടുക്കലാണ് മനുഷ്യാവതാരത്തിലൂടെയുള്ള ദൈവീക പദ്ധതി: മാർ റാഫേൽ തട്ടിൽ
പ്രവാചകശബ്ദം 18-02-2023 - Saturday
മാരാമൺ: മനുഷ്യനിൽ നഷ്ടമായ ദൈവീകഛായയുടെ വീണ്ടെടുക്കലാണ് മനുഷ്യാവതാരത്തിലൂടെയുള്ള ദൈവിക പദ്ധതിയെന്ന് ഷംഷാദ്ബാദ് രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മാരാമൺ കൺവെൻഷനിൽ ഇന്നലെ രാവിലെ നടന്ന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവിക സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മാനവിക ഭാവമാണ് മനുഷ്യന്റെ ശ്രേഷ്ഠതയെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ക്രൈസ്തവ ജീവിതം ദാരിദ്ര്യത്തിന്റെ വിപ്ലവ നിലപാടുകളിൽ വളരുവാനും അതു ജീവിതത്തിൽ പ്രകടമാകുവാനുമുള്ള വിളിയാണെന്നും ബിഷപ്പ് പറഞ്ഞു.
ദൈവം ആഗ്രഹിക്കുന്നതു പോലെ നാം കാര്യങ്ങൾ ചെയ്യുന്നതാണ് നീതി. നീതി നിലനിൽക്കണമെന്ന ദാഹം വിശ്വാസ സമൂഹത്തിനുണ്ടാകണം. നീതി രൂപപ്പെടേണ്ടയിടങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നീതിയെന്നത് കേവലമായ ഔദാര്യ ഭാവത്തിനുമപ്പുറം ഗൗരവമേറിയ ഒരു ഉത്തരവാദിത്വബോധമാണ്. നമ്മുടെ കരങ്ങളിലൂടെ നിർവഹിക്കപ്പെടുന്ന ദൈവാനുഗ്രഹമാണ് നീതിയെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.