News - 2024
സ്വവര്‍ഗ്ഗ ബന്ധം ആശീര്‍വദിക്കുവാനുള്ള ആംഗ്ലിക്കന്‍ സഭയുടെ തീരുമാനത്തിനെതിരെ ആഫ്രിക്കന്‍ സഭ
പ്രവാചകശബ്ദം 27-04-2023 - Thursday
കിഗാലി: സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധങ്ങളെ ആശീര്‍വദിക്കുവാനുള്ള ആംഗ്ലിക്കന്‍ സഭ എന്നറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തിനെതിരെ ആഫ്രിക്കയിലെ ആംഗ്ലിക്കന്‍ സഭാനേതാക്കള്‍ രംഗത്ത്. ആംഗ്ലിക്കന്‍ സഭാ നേതാക്കളുടെ ആഗോള സമ്മേളനത്തില്‍വെച്ച് റുവാണ്ടയില്‍ നിന്നുള്ള ആംഗ്ലിക്കന്‍ നേതാക്കള്‍ പൊതു തീരുമാനത്തെ തള്ളി. 'അജപാലനപരമായ വഞ്ചനയും, മതനിന്ദയും' എന്ന വിശേഷണം നല്‍കിയ ആംഗ്ലിക്കന്‍ കൂട്ടായ്മ ഇത് പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുകയാണെന്നും പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷങ്ങളായി നിരന്തരം മുന്നറിയപ്പ് നല്‍കി വരികയാണെങ്കിലും ഭൂരിഭാഗം ആംഗ്ലിക്കന്‍ നേതാക്കളും ദൈവവചനത്തില്‍ നിന്നും അകലുകയും, മുന്നറിയിപ്പുകളെ അവഗണിക്കുകയും ചെയ്യുകയാണെന്ന് ‘ഗ്ലോബല്‍ ഫെല്ലോഷിപ്പ് ഓഫ് കണ്‍ഫസിംഗ് ആംഗ്ലിക്കന്‍സ് ഫോര്‍ത്ത് ഗ്ലോബല്‍ ആംഗ്ലിക്കന്‍ ഫ്യൂച്ചര്‍ കോണ്‍ഫറന്‍സ്’ (ഗാഫ്കോണ്‍) ഏപ്രില്‍ 21-ന് പുറത്തുവിട്ട പ്രസ്താവനയില്‍ ആരോപിച്ചു.
കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബിയുടെ തീരുമാനത്തെ എതിര്‍ത്ത കൂട്ടായ്മ തങ്ങളുടെ തീരുമാനത്തില്‍ പശ്ചാത്തപിക്കുവാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനോട് ആഹ്വാനം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചേര്‍ന്ന ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പൊതു സിനഡിലാണ് സ്വവര്‍ഗ്ഗ വിവാഹങ്ങളെ ആശീര്‍വദിക്കുവാന്‍ വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയത്. ഇതും തിരുവെഴുത്തുകളുടെ ആധികാരികതയില്‍ നിന്നുള്ള അകല്‍ച്ചയായിട്ടാണ് ഗാഫ്കോണ്‍ കാണുന്നത്. കര്‍ത്താവ് സ്വവര്‍ഗ്ഗ വിവാഹങ്ങളെ ആശീര്‍വദിക്കുന്നില്ലായെന്നും പാപത്തെ ആശീര്‍വദിക്കുവാനാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ശ്രമിക്കുന്നതെന്നും അതിനാല്‍ പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ സ്വവര്‍ഗ്ഗ വിവാഹങ്ങളെ ആശീര്‍വദിക്കുന്നത് മതനിന്ദ തന്നെയാണെന്നും ആഫ്രിക്കന്‍ ആംഗ്ലിക്കന്‍ നേതൃത്വം പ്രസ്താവിച്ചു.
ഗ്ലോബല്‍ ഫെല്ലോഷിപ്പ് ഓഫ് കണ്‍ഫസിംഗ് ആംഗ്ലിക്കന്‍സില്‍ 4 കോടി അംഗങ്ങളാണ് ഉള്ളത്. നോര്‍ത്ത് അമേരിക്കന്‍ ആംഗ്ലിക്കന്‍ സഭ, നൈജീരിയ, ഉഗാണ്ട, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ സഭക്ക് വലിയ അംഗസംഖ്യയുണ്ട്. ഏപ്രില്‍ 17 മുതല്‍ 24 വരെ ഉഗാണ്ടയില്‍ കിഗാലിയില്‍ നടന്ന ഗാഫ്കോണ്‍ കോണ്‍ഫറന്‍സില്‍ 315 മെത്രാന്മാരും, 456 വൈദികരും, 531 അത്മായരും ഉള്‍പ്പെടെ 52 രാജ്യങ്ങളില്‍ നിന്നായി 1302 പ്രതിനിധികളാണ് പങ്കെടുത്തത്. തങ്ങളുടെ തെറ്റായ തീരുമാനങ്ങളില്‍ പശ്ചാത്തപിക്കാത്തവര്‍ സഭയുടെ നേതൃത്വ നിരയില്‍ ഇരിക്കുന്നതിന് യോഗ്യതയില്ലെന്നും ഗാഫ്കോണിന്റെ പ്രസ്താവനയില്‍ പറയുന്നു. ആംഗ്ലിക്കന്‍ സഭകളുടെ ഗ്ലോബല്‍ സൗത്ത് ഫെല്ലോഷിപ്പും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനത്തിനെതിരാണ്. പതിനാറാം നൂറ്റാണ്ടിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് കത്തോലിക്ക സഭയില്‍ നിന്നും വേര്‍പിരിയുന്നത്.