News - 2025

പാപ്പയുടെ സൗഖ്യത്തിനായുള്ള പ്രാര്‍ത്ഥനയുമായി ഫാത്തിമയിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 17,000 കുട്ടികള്‍

പ്രവാചകശബ്ദം 15-06-2023 - Thursday

ഫാത്തിമ: ഫ്രാന്‍സിസ് പാപ്പയുടെ സുഖപ്രാപ്തിക്കായി പ്രാര്‍ത്ഥനയുമായി ആഗോള പ്രസിദ്ധ മരിയൻ തീര്‍ത്ഥാടന കേന്ദ്രമായ ഫാത്തിമയിൽ നടന്ന വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് പോര്‍ച്ചുഗലിന്റെ വിവിധ രൂപതകളില്‍ നിന്നുള്ള 17,000 കുട്ടികള്‍. ജൂണ്‍ 10നാണ് ഫാത്തിമാ മാതാവിന്റെ ദേവാലയത്തിലേക്ക് വാര്‍ഷിക തീര്‍ത്ഥാടനം നടന്നത്. “മറിയത്തേപ്പോലെ, സന്തോഷം പങ്കുവെക്കൂ” എന്ന പ്രമേയവുമായി നടന്ന തീര്‍ത്ഥാടനത്തിന് പോര്‍ച്ചുഗല്‍ മിലിട്ടറി മെത്രാന്‍ മോണ്‍. റൂയി വലേരിയോ നേതൃത്വം നല്‍കി.

നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളോട് അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിവസമേതാണെന്ന് ചോദിക്കുകയാണെങ്കില്‍, തങ്ങള്‍ക്കൊരു കുട്ടി ജനിക്കുവാന്‍ പോകുന്നുവെന്നറിഞ്ഞ ദിവസമെന്നായിരിക്കാമെന്നാണ് ഒരു പക്ഷേ അവര്‍ പറയുകയെന്ന് ബിഷപ്പ് സന്ദേശത്തിൽ പറഞ്ഞു. ഒരു കുഞ്ഞ് എന്നാല്‍ ഒരു അനുഗ്രഹവും വലിയ സന്തോഷവുമാണെന്നും പറഞ്ഞ മെത്രാന്‍, ഒരാള്‍ സന്തോഷവാനാണെന്ന് പറയുന്നത് ആ വ്യക്തി സ്നേഹിക്കുകയും സനേഹിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന്‍ പറയുന്നതിന് സമമാണെന്നും കൂട്ടിച്ചേര്‍ത്തു.

സ്വര്‍ഗ്ഗീയ മാതാവ് പ്രത്യക്ഷപ്പെട്ട് യേശു അവരെ സ്നേഹിക്കുന്നുണ്ടെന്നും, സന്തോഷമുള്ള കുട്ടികളായിരിക്കണമെന്നും പറഞ്ഞപ്പോള്‍ വിശുദ്ധ ഫ്രാന്‍സിസ്കോക്കും, ജസിന്ത മാര്‍ട്ടോക്കും അനുഭവപ്പെട്ടതും ഇതുതന്നെയാണെന്ന് മെത്രാന്‍ ചൂണ്ടിക്കാട്ടി. ഇതുതന്നെയാണ് മാതാവ് ഇന്നും നമുക്ക് തരുന്ന സന്ദേശം: എവിടെ സ്നേഹമുണ്ടോ, അവിടെ സന്തോഷവുമുണ്ട്, സന്തോഷം നമ്മുടെ ഹൃദയത്തില്‍ ഉള്ളപ്പോള്‍, അത് നമുക്കായി മാത്രം വെക്കരുത്, മറ്റുള്ളവര്‍ക്കും പങ്കുവെക്കണമെന്നും മെത്രാന്‍ വിവരിച്ചു.

അതിനാല്‍ നമ്മുടെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുവാന്‍ മെത്രാന്‍ കുഞ്ഞുങ്ങളോട് ആഹ്വാനം ചെയ്തു. ഫ്രാൻസിസ് പാപ്പക്ക് വേണ്ടി കുട്ടികൾ തീർത്ഥാടന കേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. ഇക്കഴിഞ്ഞ ജൂണ്‍ 7-നാണ് ഫ്രാന്‍സിസ് പാപ്പ റോമിലെ ജെമല്ലി ആശുപത്രിയില്‍ ഹെര്‍ണിയക്കുള്ള അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനായത്. പാപ്പ സൗഖ്യം പ്രാപിച്ചു വരികയാണെന്നു വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

More Archives >>

Page 1 of 853