News

"ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു"; തമാശ പറഞ്ഞ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങി

പ്രവാചകശബ്ദം 16-06-2023 - Friday

റോം: ഹെർണിയ സംബന്ധമായ ശസ്ത്രക്രിയയെത്തുടർന്ന് ഒരാഴ്ച മുന്‍പ് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ഫ്രാൻസിസ് പാപ്പയെ ഇന്നു ഡിസ്ചാർജ് ചെയ്തു. ഇന്ന് വെള്ളിയാഴ്ച രാവിലെ ആശുപത്രിക്ക് മുന്‍പാകെ തടിച്ചുകൂടിയ വന്‍ ജനാവലിയുടെ ആവേശകരമായ വരവേല്‍പ്പ് ഏറ്റുവാങ്ങിയ ശേഷം ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ മടങ്ങിയെത്തി. ആശുപത്രിയുടെ പുറത്തേക്ക് വീല്‍ചെയറില്‍ എത്തിയപ്പോള്‍ തടിച്ചുകൂടിയ അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകരോട് തമാശ പറഞ്ഞാണ് പാപ്പ പ്രതികരണം നടത്തിയത്. എങ്ങനെയിരിക്കുന്നു എന്നുള്ള ചില മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, "ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു" എന്നായിരിന്നു പാപ്പയുടെ സരസമായ മറുപടി.

വസതിയിലേക്കുള്ള യാത്രാ മദ്ധ്യേ പാപ്പ, മരിയന്‍ മേജർ ബസിലിക്കയിൽ സന്ദര്‍ശനം നടത്തി സാലുസ് പോപ്പുലി റൊമാനി രൂപത്തിനു മുന്നിൽ പ്രാര്‍ത്ഥിച്ചു. 2023 ഏപ്രിൽ 1ന് ശ്വാസനാള രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോഴും 2021 ജൂലൈ 14 ന് വൻകുടലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വത്തിക്കാനിലേക്ക് മടങ്ങുമ്പോഴും പരിശുദ്ധ പിതാവ് ബസിലിക്കയിൽ വാഹനം നിര്‍ത്തി പ്രാർത്ഥിച്ചിരുന്നു. പാപ്പയുടെ ആരോഗ്യ നില തികച്ചും തൃപ്തികരമാണെന്നു ശസ്ത്രക്രിയ വിദഗ്ധൻ ഡോ. സെർജ്ജോ ആൽഫിയേരി പറഞ്ഞു. നേരത്തെ ജൂണ്‍ 17 വരെ മുന്‍കൂട്ടി നിശ്ചയിച്ചിരിന്ന പാപ്പയുടെ എല്ലാ പരിപാടികളും വത്തിക്കാന്‍ റദ്ദാക്കിയിരിന്നു.

More Archives >>

Page 1 of 853