News - 2025

പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ ലോകത്തോട് പ്രഘോഷിക്കണം: തിരുനാള്‍ ദിനത്തില്‍ ആഹ്വാനവുമായി പാപ്പ

പ്രവാചകശബ്ദം 30-06-2023 - Friday

വത്തിക്കാന്‍ സിറ്റി: അപ്പസ്തോല പ്രമുഖരായ പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ പിന്തുടരാനും അവനെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കുവാനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ജൂൺ 29 പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ വിശുദ്ധ കുര്‍ബാന മധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ ജീവിക്കുകയും സഭയുടെ നേടും തൂണുകളായി നിലനിൽക്കുകയും ചെയ്യുന്ന രണ്ട് അപ്പസ്തോലന്മാരാണ് പത്രോസും പൗലോസുമെന്ന് പാപ്പ അനുസ്മരിച്ചു.

"ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്" (മത്താ 16:15) എന്ന അപ്പസ്തോലന്മാരോടുള്ള ക്രിസ്തുവിന്റെ ചോദ്യത്തിനുള്ള ഉത്തരമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ക്രിസ്തു നമുക്ക് ആരാണെന്ന ചോദ്യത്തിന് നാം അനുദിനം ഉത്തരം നൽകേണ്ടതുണ്ട്. വിശുദ്ധ പത്രോസ് ഈ ചോദ്യത്തിന് നൽകുന്ന ഉത്തരം ശ്രദ്ധേയമാണ്. "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" എന്ന പത്രോസിന്റെ ഉത്തരം, ഒരു വലിയ ആധ്യാത്മിക ജീവിത പ്രയാണത്തിന്റെ ഫലമാണ്. ക്രിസ്തുവിനൊപ്പവും അവനു പിന്നാലെയും ഏറെ നാൾ യാത്ര ചെയ്തതിന് ശേഷമാണ്, ഇത്തരമൊരു ആധ്യാത്മികവളർച്ചയിലേക്കും പക്വതയിലേക്കും ദൈവകൃപയാൽ പത്രോസ് കടന്നുവരുന്നത്. കൃത്യവും വ്യക്തവുമായ ഒരു വിശ്വാസ പ്രഖ്യാപനത്തിലേക്ക് എത്തിച്ചേരുന്നു.

പൗലോസിന്റെ ജീവിതത്തിൽ പ്രധാനപ്പെട്ടതായി നാം കാണുന്നത് സുവിശേഷപ്രഘോഷണമാണ്. ദൈവകൃപയാലും ദൈവത്താലുമാണ് പൗലോസിന്റെയും വിശ്വാസജീവിതം ആരംഭിക്കുന്നതും വളർന്നുവരുന്നതും. ക്രൈസ്തവ പീഡകനിൽനിന്ന് ക്രിസ്തുവിന്റെ പ്രഘോഷകനിലേക്ക് പൗലോസ് എത്തുന്നത് ഉത്ഥിതനായ ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിലൂടെയാണ്. അന്നുവരെ ഉണ്ടായിരുന്ന മാനുഷിക, ബോധ്യങ്ങൾ മാറ്റിവച്ച്, ക്രിസ്തുവിനായി കടലുകളും കരയും താണ്ടി, സുവിശേഷപ്രഘോഷണത്തിനായി ജീവിതം സമർപ്പിക്കാൻ പൗലോസിനു കഴിഞ്ഞു. ക്രിസ്തുവിനെക്കുറിച്ചുള്ള പ്രഘോഷണം അവനവനോടു തന്നെയുള്ള ഒരു പ്രഘോഷണം കൂടിയാണ്. ദൈവീകരഹസ്യത്തിലേക്ക് കൂടുതലായി കടന്നുചെല്ലാൻ സുവിശേഷപ്രഘോഷണം നമ്മെ സഹായിക്കും.

"സുവിശേഷം പ്രഘോഷിക്കുന്നില്ലെങ്കിൽ എനിക്ക് കഷ്ടം" (1 കോറി 9:16) എന്ന് പൗലോസ് എഴുതിയത് പാപ്പ അനുസ്മരിച്ചു. സുവിശേഷവത്കരണം നടത്തുമ്പോൾ നാം തന്നെയും സുവിശേഷവത്ക്കരിക്കപ്പെടുകയാണ്. എളിമയോടെ ക്രിസ്തുവിനെ പിഞ്ചെല്ലുന്ന സഭയായി വളർന്നുവരുവാൻ നമുക്ക് സാധിക്കണമെന്നും, മറ്റുള്ളവരിലേക്ക് തുറന്ന ഒരു സഭയായി, ലൗകികവസ്തുക്കളെക്കാൾ, സുവിശേഷപ്രഘോഷണത്തിലൂടെ മനുഷ്യഹൃദയങ്ങളിൽ ദൈവത്തെക്കുറിച്ചുള്ള ചോദ്യം വിതയ്ക്കുന്നതിന് പ്രാധാന്യം കൊടുക്കുവാൻ നമുക്ക് കഴിയണമെന്നും പാപ്പാ ആഹ്വാനം ചെയ്‌തു. പരിശുദ്ധ ബർത്തലോമിയോ അയച്ച എക്യൂമെനിക്കൽ പാത്രിയർക്കേറ്റിന്റെ പ്രതിനിധികളും വിശുദ്ധ ബലിയിൽ സന്നിഹിതരായിരുന്നു. വൈദികരും, സമർപ്പിതരും വിശ്വാസികളുമായി ഏതാണ്ട് അയ്യായിരത്തോളം ആളുകൾ ചടങ്ങുകളിൽ സംബന്ധിച്ചു.

More Archives >>

Page 1 of 857