India - 2024

ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് തീർത്ഥാടന പദയാത്രയ്ക്കു പെരുനാട്ടിൽ ആരംഭം

11-07-2023 - Tuesday

പെരുനാട് (പത്തനംതിട്ട): മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ പുനരൈക്യ ശില്പി ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപതാം ഓർമ തിരുനാളിനോടനുബന്ധിച്ചുള്ള 43-ാമത് തീർത്ഥാടന പദയാത്രയ്ക്കു പെരുനാട്ടിൽ തുടക്കമായി. പുനരൈക്യത്തിന്റെ പിള്ളത്തൊട്ടിലായ റാന്നി പെരുനാട്ടിലെ മുണ്ടൻമലയിലെ തീർത്ഥാടന ദേവാലയത്തിൽ ഇന്നലെ രാവിലെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് പദയാത്ര ആശീർവദിച്ചത്. വള്ളിക്കുരിശേന്തി കാഷായ വസ്ത്രവും ധരിച്ച് മാർ ഈവാനിയോസ് പിതാവിന്റെ മധ്യസ്ഥത യാചിച്ചു നീങ്ങുന്ന പദയാത്രികർ 14നു തിരുവനന്തപുരത്തെത്തും.

വിവിധ രൂപതകളിൽ നിന്നും വൈദിക ജില്ലകളിൽ നിന്നുമുള്ള പദയാത്ര സംഘങ്ങൾ വിവിധയിടങ്ങളിൽ പ്രധാന പദയാത്ര സംഘവുമായി സംഗമിച്ചാണ് നീങ്ങുന്നത്. പദയാത്രയ്ക്കു മുന്നോടിയായി പെരുനാട് മാമ്പാറ തീർത്ഥാടന ദേവാലയത്തിൽ ഇന്നലെ രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.

പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ. സാമുവൽ മാർ ഐറേനിയസ്, ഡൽഹി - ഗുഡ്ഗാവ് ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ്, പൂത്തൂർ ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഗീവർഗീസ് മാർ മക്കാറിയോസ്, യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാത്യൂസ് മാർ പോളിക്കാർപ്പസ്, കൂരിയാ ബിഷപ്പ് ഡോ. ആന്റണി മാർ സിൽവാനോസ്, പത്തനംതിട്ട ഭദ്രാസന മുൻ അധ്യക്ഷൻ ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം എന്നിവർ സഹകാർമികരായി.


Related Articles »