Editor's Pick

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01

പ്രൊഫ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേൽ/ പ്രവാചകശബ്ദം 18-08-2023 - Friday

ഏക ദൈവവിശ്വാസത്തിൽ അധിഷ്ഠിതമാണ് ക്രൈസ്തവ വിശ്വാസം. മുഹമ്മദീയമതവും ഏകദൈവവിശ്വാസമാണു പുലർത്തുന്നതെന്നു മുസ്ലീങ്ങൾ അവകാശപ്പെടുന്നു. ഇസ്മായേൽ വഴി തങ്ങൾക്കും അബ്രാഹത്തിന്റെ പിന്തുടർച്ചയുണ്ട് എന്നതാണ് ഇസ്ലാമിന്റെ ഒരു സുപ്രധാന അവകാശവാദം. യഹൂദമതത്തിന്റെ വിശ്വാസപാരമ്പര്യങ്ങളുടെ പിന്തുടർച്ചയും പൂർത്തീകരണവുമാണു ക്രിസ്തീയ വിശ്വാസം. എന്തുകൊണ്ടാണ് യഹൂദ-ക്രൈസ്‌തവ പാരമ്പര്യത്തിലെ ഇസ്മായേലിന് ഇസ്ലാമിനോട് ബന്ധമുണ്ടാകാൻ ഇടയില്ലാത്തത്? അബ്രാഹത്തിന്റെ പിന്തുടർച്ചയുടെ ചരിത്രം വിശകലനം ചെയ്തുകൊണ്ട് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ ലേഖനത്തിൽ. ഈ ലേഖനപരമ്പരയുടെ ആമുഖം വായിക്കാന്‍:

I. യഹൂദമതചരിത്രം ‍

നോഹിന്റെ സന്തതിപരമ്പരയിൽപ്പെട്ട അബ്രഹാത്തെ ദൈവം പ്രത്യേകം വിളിക്കുന്നതോടെയാണ് യഹൂദ സമൂഹത്തിന്റെ ആരംഭം (ഉൽപ 12: 1-3). അബ്രാഹത്തിന്റെ പൗത്രനായ യാക്കോബിലൂടെയാണ് പിൻതലമുറക്കാർക്ക് 'ഇസ്രായേല്യർ' (ഉൽപ. 32, 38) എന്ന പേരു ലഭിച്ചത്. ഈ ജനത പൊതുവെ അറിയപ്പെട്ടിരുന്നത് 'യഹൂദർ' എന്ന പേരിലാണ്. "ഞാൻ കർത്താവിനെ സ്തുതിക്കും" (ഉൽപ 29, 35) എന്നർത്‌ഥം വരുന്ന 'എഹൂദ' എന്ന ഹീബ്രു ക്രിയാപദത്തിന്റെ നാമരൂപമായ 'യഹൂദാ'യിൽ നിന്നാണു 'യഹൂദർ' എന്ന പദത്തിന്റെ ഉൽപത്തി. 'യൂദാജനം' അഥവാ 'യഹൂദർ' എന്ന പദം ബൈബിളിൽ ആദ്യമായി കാണപ്പെടുന്നതു രാജാക്കന്മാരുടെ രണ്ടാം പുസ്തകം 16, 6 ലാണ്. വംശീയ തലത്തിൽ (generic or ethnic level ) 'യഹൂദർ' എന്ന പദം ആദ്യം ഉപയോഗിച്ചു കാണുന്നത് എസ്തേറിന്റെ പുസ്തകത്തിലുമാണ് (2: 5-6). ഇസ്രായേല്യ സമൂഹം മുഴുവൻ കാലക്രമത്തിൽ വംശീയമായി യഹൂദജനമായി; ഇസ്രായേല്യരുടെ ചരിത്രം യഹൂദചരിത്രമായി മാറി. അങ്ങനെ, പഴയനിയമത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനം - അബ്രാഹത്തിന്റെ സന്തതിപരമ്പര - ആദ്യകാലങ്ങളിൽ 'ഹെബ്രായർ' എന്നും തുടർന്ന് 'ഇസ്രായേല്യർ' എന്നും പിന്നീട് 'യഹൂദർ' എന്നും അറിയപ്പെട്ടു.

1. അബ്രഹാം മുതൽ മൂശെ വരെ (ബി.സി.2000-1400) ‍

ചരിത്രത്തിൽ അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ ഏക ദൈവവിശ്വാസികൾ യഹൂദരാണ്. പഴയനിയമത്തിലെ വിവരണങ്ങളും യഹൂദ പാരമ്പര്യങ്ങളുമനുസരിച്ച്, യാഹ്‌വെ യഹൂദരുടെ പൂർവപിതാവായ അബ്രാഹവുമായി (ഏകദേശം ബി.സി. 2000) ചെയ്ത ഉടമ്പടിയോടെയാണ് യഹൂദമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. മധ്യ ചെമ്പുയുഗത്തിൽ (ബി.സി. 2000 -1550) ധാരാളമാളുകൾ പൂർവേഷ്യയിൽ നിന്നു മധ്യധരണ്യാഴിയുടെ (Mediterranean Sea) തീരങ്ങളിലേക്കു കുടിയേറി. അപ്രകാരം കുടിയേറിപാർത്ത ഒരു ജനതയുടെ നേതാവ് ആയിരുന്നിരിക്കണം അബ്രാഹം. അദ്ദേഹം നേതാവായിരുന്ന ജനതയ്ക്കു ലഭിച്ച ദൈവിക വെളിപ്പെടുത്തലുകളും അവരുടെ ദൈവാനുഭവവും ചരിത്രത്തിലൂടെ കൈമാറി ലഭിച്ചതാണ് യഹൂദ വിശ്വാസവും മതസംവിധാനങ്ങളും. യഹൂദമതത്തിന്റെ കേന്ദ്രസ്ഥാനത്ത് ഒരു വ്യക്തിയോ സംഘമോ അല്ല, മറിച്ച് ദൈവിക വെളിപ്പെടുത്തലുകളുടെ ലിഖിതരൂപമായ അവരുടെ വിശുദ്ധ ഗ്രന്ഥവും വിശുദ്ധ പാരമ്പര്യങ്ങളുമാണുള്ളത്.

മിശിഹായ്ക്ക് ഏകദേശം 2000 വർഷം മുമ്പാണ് അബ്രാഹം ജീവിച്ചിരുന്നത്. പ്രാചീന സുമേറിയൻ സംസ്‌കാരത്തിന്റെ കേന്ദ്രങ്ങളിലൊന്നായിരുന്ന 'ഊർ' പട്ടണമായിരുന്നു അബ്രാഹത്തിന്റെ പൂർവദേശം. ഇന്ന് 'ഊർ' ആധുനിക ഇറാക്കിലാണ്. അവിടെനിന്നുമാണ് അബ്രാഹത്തിന്റെ പിതാവായ തേരാഹ് മെസൊപ്പൊട്ടേമിയൻ സംസ്ക്കാരത്തിന്റെ ഭാഗമായ ഹാരാനിലേക്ക് (ആധുനിക തുർക്കിയിൽ) കുടിയേറിയത് (ഉൽപ 11, 31). പ്രസ്‌തുത ദേശത്തുനിന്നാണ് അബ്രാഹം ദൈവത്തിന്റെ വിളി സ്വീകരിച്ചു കാനാന്യനാട്ടിലേക്ക് വന്നത് (ഉൽപ 12, 1-5). ഈ വരവിന്റെ പിന്നിലെ ദൈവാനുഭവവും അതിന്റെ തുടർച്ചയുമാണ് യഹൂദ ചരിത്രമായി രൂപംകൊണ്ടത്. തന്നെ വലിയ ഒരു ജനതയാക്കുമെന്ന ദൈവത്തിന്റെ വാഗ്‌ദാനം അബ്രാഹം വിശ്വസിച്ചുകൊണ്ട്, ദൈവം അദ്ദേഹത്തിന് ഭാര്യയായ സാറായിൽ ഒരു പുത്രനെ - ഇസഹാക്കിനെ - നൽകി. വാഗ്ദാനത്തിന്റെ പുത്രനായ ഇസഹാക്കിലൂടെയും അവന്റെ സന്തതിപരമ്പരയിലൂടെയുമാണ് ദൈവം തന്റെ രക്ഷാകരപദ്ധതി മുമ്പോട്ടു നയിച്ചത്.

സാറായുടെ ദാസിയായ ഈജിപ്‌തുകാരി ഹാഗാറിൽ അബ്രാഹത്തിനു ജനിച്ച പുത്രനാണ് ഇസ്മായേൽ (ഉൽപ 16: 1-16). ഇസഹാക്കിലൂടെയാണ് അബ്രാഹത്തിന്റെ സന്തതികൾ അറിയപ്പെടുക (ഉൽപ. 21, 12) എന്ന ദൈവിക പദ്ധതിപ്രകാരം ഇസ്മായേൽ പുറന്തള്ളപ്പെട്ടു (ഉൽപ 21, 14). എപ്രകാരം പുറത്തക്കപ്പെട്ട ഇസ്മായേൽ ഈജിപ്തുകാരിയെ വിവാഹം കഴിച്ച് പാരാനിലെ മരുഭൂമിയിൽ ജീവിച്ചു (ഉൽപ 21, 21). ഇസ്മായേലിന്റെ മരണശേഷം അദ്ദേഹത്തിന്റെ സന്തതികൾ ഹവിലാമുതൽ ഷൂർ വരെയുള്ള ദേശത്ത് വാസമുറപ്പിച്ചു. അസീറിയായിലേക്കുള്ള വഴിയിൽ ഈജിപ്തിന്റെ എതിർവശത്താണ് ഷൂർ (ഉൽപ 25: 17-18).

അബ്രാഹത്തിൽനിന്ന് ഒരു ജനതയെ പുറപ്പെടുവിക്കുമെന്ന ദൈവിക വാഗ്‌ദാനം പൂർത്തിയായത് ഇസഹാക്കിലൂടെയാണ്. കാനാൻദേശത്തു വസിച്ചുവന്ന ഇസഹാക്കിന്റെ പുത്രനായ യാക്കോബിന്റെ പിൻതുടർച്ചക്കാർ (ഇസ്രായേല്യർ) ഭക്ഷ്യക്ഷാമം നിമിത്തം ഈജിപ്തിലെത്തുകയും (ഉൽപ. 47) അവിടെ വളരുകയും (പുറ 1, 7) കാലാന്തരത്തിൽ ഈജിപ്തുകാരുടെ അടിമകളായിത്തീരുകയും ചെയ്‌തു (പുറ 1, 8-22). ഈജിപ്തിലെ അവരുടെ വാസം 430 വർഷത്തോളം ദീർഘിച്ചു (പുറ 12, 40; ഗലാ 3, 17). അവിടത്തെ ദുരിതങ്ങളിൽനിന്ന് ഇസ്രായേൽ ജനതയെ വിമോചിപ്പിക്കുന്നതിനും അബ്രാഹവുമായുള്ള ഉടമ്പടി പൂർത്തിയാക്കുന്നതിനുമായി ദൈവം നേരിട്ട് ഇടപെടുകയും അതിനായി മൂശെയെ പ്രത്യേകം തിരഞ്ഞെടുത്തു നിയോഗിക്കുകയും ചെയ്തു. (പുറ 3).

2. മൂശെ മുതൽ രാജാക്കന്മാർ വരെ (ബി.സി.1400-1040) ‍

ഈജിപ്തിലെ അടിമത്തത്തിൽനിന്ന് ഇസ്രായേൽ ജനത്തെ മൂശെയിലൂടെ വിമോചിപ്പിച്ച ദൈവം അവരെ സീനായ് മരുഭൂമിയിലൂടെ വീണ്ടും കാനാൻദേശത്തേക്കു നയിച്ചു. ബി.സി.1400-നോടു കൂടിയായിരുന്നു ഈ പുറപ്പാടുസംഭവം. സീനായ് മലയിൽവച്ചു ദൈവം മൂശെയ്ക്കു പ്രത്യക്ഷപ്പെടുകയും ജനവുമായുള്ള ഉടമ്പടിയുടെ വ്യവസ്ഥകളായ പത്തു കൽപനകൽ (നിയമം)നൽകുകയും ചെയ്‌തു. ഈ ഉടമ്പടിയാണ് ഇസ്രായേൽ ജനത്തിന്റെ വിശ്വാസത്തിന്റെ അടിത്തറ. അങ്ങനെ സീനായ് ഉടമ്പടിയിലൂടെ യാഹ്‌വെ ഇസ്രായേലിന്റെ ദൈവവും, ഇസ്രായേൽ യാഹ്‌വെയുടെ തിരഞ്ഞെടുക്കപ്പെട്ട സ്വന്തജനവുമായി ഉടമ്പടി വ്യവസ്ഥകളായ പത്തു കൽപനകൾ അനുസരിച്ചു ജീവിച്ചുകൊള്ളാമെന്നു ഇസ്രായേൽജനം വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.

40 വർഷത്തെ മരുഭൂമി യാത്രയ്ക്കുശേഷം ഇസ്രായിൽജനം ജോഷ്വായുടെ നേതൃത്വത്തിൽ കാനാൻദേശത്തു പ്രവേശിച്ച് അവിടെ അധിവസിച്ചു. ജോഷ്വായുടെ മരണശേഷം ഇസ്രായേല്യരെ നയിച്ചത് ന്യായാധിപന്മാരായിരുന്നു. ഓരോ കാലഘട്ടത്തിലെയും ആവശ്യമനുസരിച്ചു വിവിധ ഗോത്രങ്ങളിൽ നിന്നു ന്യായാധിപന്മാരെ ദൈവം ഉയർത്തിയിരുന്നു. 300 വർഷത്തിലധികം (ന്യായാ 11, 26; 1 രാജാ 6, 1) അവർ ഇസ്രായേലിൽ ന്യായപാലനം നടത്തി.

3. രാജാക്കന്മാർ മുതൽ വിപ്രവാസം വരെ (ബി.സി.1040-587) ‍

മറ്റു രാജ്യങ്ങൾക്കുള്ളതുപോലെ തങ്ങൾക്കും രാജാവിനെ വാഴിച്ചുനൽകണമെന്ന് അവസാന ന്യായാധിപനായ സാമുവലിനോടു ഇസ്രായേൽജനം ആവശ്യപ്പെട്ടു. ദൈവമായ കർത്താവ് മാത്രമാണ് അവരുടെ യഥാർത്ഥ രാജാവെന്നു പറഞ്ഞ് സാമുവൽ അവരുടെ അഭ്യർത്ഥന നിരസിച്ചു. എങ്കിലും അവർ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതിനാൽ, കർത്താവിന്റെ നിർദേശപ്രകാരം സാമുവൽ ബഞ്ചമിൻ ഗോത്രജനായ സാവൂളിനെ ഇസ്രായേലിന്റെ ആദ്യത്തെ രാജാവായി വാഴിച്ചു. (1 സാമു 12) ബി.സി.1040-ഓടുകൂടിയാണ് ഇസ്രായേലിൽ രാജഭരണം ആരംഭിച്ചത്. ദൈവത്തിന് അപ്രീതികരമായി പ്രവർത്തിച്ച സാവൂൾ (1 സാമു 13) തിരസ്‌കൃതനാവുകയും പകരം ദാവീദിനെ രാജാവായി വാഴിക്കാൻ സാമുവലിനോടു ദൈവം കൽപ്പിക്കുകയും ചെയ്തു. അപ്രകാരം ബേത്ലഹേമിൽനിന്നുള്ള ആട്ടിടയനായ ദാവീദ് രാജാവായി. ബി.സി.1011 മുതൽ 971 വരെയായിരുന്നു ദാവീദിന്റെ ഭരണകാലം.

ഇസ്രായേൽ ഈജിപ്തിൽനിന്നു പുറപ്പെട്ടതിന്റെ 480ാം വർഷമാണ് ദാവീദിന്റെ പുത്രനായ സോളമൻ ജറുസലേമിൽ ദൈവാലയം പണിതത്. ദാവീദിന്റെയും സോളമന്റെയും (ബി.സി 971-931) ഭരണകാലത്ത് ജറുസലേം കേന്ദ്രമായി ഇസ്രായേല്യർക്ക് ഒറ്റ രാജ്യമാണുണ്ടായിരുന്നത്.

സോളമന്റെ മരണശേഷം (ബി.സി.931) രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു (1 രാജാ 12). വടക്കുഭാഗത്തു സമറിയ കേന്ദ്രമായി 'ഇസ്രായേൽ' എന്ന പേരിൽ ഒരു രാജ്യവും തെക്കുഭാഗത്തു ജറുസലേം കേന്ദ്രമായി 'യൂദയാ' എന്ന പേരിലും മറ്റൊരു രാജ്യവും നിലവിൽ വന്നു (1 രാജാ 12). അസീറിയൻ രാജാവായ ഷൽമ നേസർ സർഗൻ ബി.സി. 721-ൽ വടക്കൻ രാജ്യമായ ഇസ്രായേൽ കീഴടക്കി. തലസ്ഥാനമായ സമറിയായിൽ നിന്നു നിരവധിപേരെ തടവുകാരാക്കി അസീറിയായിലേക്കു കൊണ്ടുപോയി.

യൂദയാരാജ്യം ബി.സി. ആറാം നൂറ്റാണ്ടുവരെ സ്വതന്ത്രമായി നിലനിന്നു. ബി.സി.587-ൽ ബാബിലോണിയൻ സൈന്യം ആ രാജ്യം പൂർണമായി അധീനപ്പെടുത്തുകയും അവരുടെ ദൈവാലയം നശിപ്പിക്കുകയും ചെയ്‌തു. യഹൂദപ്രമാണികളെയും ജനത്തെയും ബാബിലോണിയായിലേക്കു നാടുകടത്തി. ഇതാണ് യഹൂദചരിത്രത്തിൽ വലിയ വിപ്രവാസകാലം എന്നറിയപ്പെട്ടത്.

4. വിപ്രവാസത്തിൽ നിന്നുള്ള മടങ്ങിവരവും ദൈവാലയ പുനർനിർമ്മിതിയും (ബി.സി.537-333) ‍

ബാബിലോൺ വിപ്രവാസത്തിൽ കഴിഞ്ഞിരുന്ന യഹൂദർക്കു മോചനം നൽകുന്നതിനു ദൈവം ഉയർത്തിയ വിജാതീയനായ അഭിഷിക്തനായിരുന്നു പേർഷ്യൻ രാജാവായ സൈറസ്. ബാബിലോണിയൻ അടിമത്തത്തിന്റെ അമ്പതു വർഷങ്ങൾക്കു ശേഷം പേർഷ്യക്കാർ ബാബിലോണിയ കീഴടക്കിയതോടെ ആ രാജ്യം മാത്രമല്ല, യൂദയായും പേർഷ്യൻ ഭരണത്തിനു കീഴിലായി (ബി.സി.539-333) യഹൂദർക്കു മതസ്വാതന്ത്ര്യം നൽകിയ സൈറസ് (എസ്രാ 1) സ്വദേശത്തേക്കു മടങ്ങിപോകുന്നതിനും ദൈവാലയം പുനർനിർമിക്കുന്നതിനും അവരെ അനുവദിച്ചു. മാതൃരാജ്യത്തു തിരിച്ചെത്തി ദൈവാലയം പുനർനിർമിക്കുന്നതിനും ആരാധന പുനരാരംഭിക്കുന്നതിനും നേതൃത്വം നൽകിയത് എസ്രായും നെഹമിയായുമായിരുന്നു (എസ്രാ 2 -6).

5. ഗ്രീക്ക് ആധിപത്യം (ബി.സി.333-64) ‍

ബി.സി. നാലാം നൂറ്റാണ്ടിൽ മാസിഡോണിയൻ ചക്രവർത്തിയായ അലക്‌സാണ്ടറിന്റെ നേതൃത്വത്തിൽ ഗ്രീക്കുസൈന്യം പേർഷ്യൻ സാമ്രാജ്യത്തെ തകർത്തു. അലക്‌സാണ്ടർ ചക്രവർത്തിയുടെ പിതാവ് ഫിലിപ്പ് ഗ്രീസ് മുഴുവൻ തന്റെ അധീനതയിലാക്കി. ബി.സി.322-ൽ ഇസ്സൂസിൽ വച്ചുള്ള വിജയത്തോടെ അലക്‌സാണ്ടറിനു സിറിയയിലേക്കുള്ള വാതിൽ തുറന്നുകിട്ടി. സിറിയയും പലസ്തീനും അലക്‌സാണ്ടർ ചക്രവർത്തിയുടെ നിയന്ത്രണത്തിലായി. ജറുസലേം ദൈവാലയം വിജാതീയവത്ക്കരിക്കപ്പെട്ടു.

യഹൂദരുടെയിടയിൽനിന്നുള്ള ഹസ്മോണിയൻ കുടുംബത്തിൽപ്പെട്ട ദേശസ്നേഹികളായ ചിലർ ഗ്രീക്കുകാർക്കെതിരെയുള്ള ജനകീയ മുന്നേറ്റങ്ങളുടെ നേതൃനിരയിലെത്തി (1-2 മക്കബായർ). ഈ കുടുംബത്തിലെ തലമുതിർന്ന മത്താത്തിയോസ്‌ എന്നൊരാൾ ലിദ്ദ എന്ന സ്ഥലത്തിനു സമീപം കലാപം അഴിച്ചുവിട്ടു. മത്താത്തിയോസും അദ്ദേഹത്തിന്റെ മക്കളും സമാനഹൃദയരായ കുറെ യഹൂദരും 'മക്കബിയൂസ്' എന്നൊരു വിളിപ്പേരോടുകൂടിയുള്ള യൂദാസിന്റെ നേതൃത്വം അംഗീകരിച്ചു മക്കബായരുടെ വിപ്ലവത്തെ യഹൂദരിലെ ഭക്തരായ വിശ്വാസികൾ പിന്തുണച്ചു.

ദൈവികനിയമം അനുസരിക്കാനും ആരാധനാസ്വാതന്ത്ര്യം വീണ്ടടുക്കാനും അവർ പൊരുതി. ബി.സി.165-ൽ യൂദാസും അനുയായികളും ജറുസലേം പിടിച്ചെടുത്തതോടെയാണു ഹസ്മോണിയൻ രാജഭരണം ബി.ബി.സി.165-64) ആരംഭിച്ചത്. അവർ ദൈവാലയം ശുദ്ധമാക്കി പുനഃപ്രതിഷ്ഠിച്ചു. ഈ വീണ്ടെടുപ്പിന്റെ വാർഷികാചരണമാണ് പ്രതിഷ്ഠയുടെ തിരുനാളായി (യോഹ 10, 22) യഹൂദർ ആചരിച്ചുപോന്നത്.

6. റോമൻ ആധിപത്യം മുതൽ ഈശോമിശിഹാ വരെ (ബി.സി.64 - എ.ഡി 1 ) ‍

ബി.സി.133-ൽ റോമാക്കാർ ഏഷ്യാ ഭൂഖണ്ഡത്തിലെത്തുകയും തങ്ങളുടെ താൽപര്യങ്ങളും സ്വാധീനവും ഉറപ്പിക്കുകയും ചെയ്‌തു. ബി.സി 64-ൽ റോമൻ ജനറൽ പോംപെ ജറുസലേമിലെത്തി. ജറുസലേം കേന്ദ്രീകരിച്ച് ഹസ്മോണിയൻ രാജാവായിരുന്ന അരിസ്റ്റോബുലസ് പ്രതിരോധം തീർത്തു. മൂന്നുമാസം നീണ്ടുനിന്ന പോരാട്ടത്തിനുശേഷം പലസ്തീനായ്ക്ക് (യഹൂദർക്ക്) റോമാസാമ്രാജ്യത്തിനു മുന്നിൽ കീഴടങ്ങേണ്ടിവന്നു.

റോമൻ സൈന്യാധിപനായിരുന്ന ഇദൂമിയാക്കാരൻ ഹേറോദ് അന്തിപാത്തറിന്റെ പുത്രനായ ഹേറോദിനെ (Herod the Great: B.C 39-4) റോമൻ ചക്രവർത്തി പലസ്തീനായുടെ സാമന്തരാജാവായി വാഴിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പഴയനിയമ വാഗ്‌ദാന പൂർത്തീകരണമായ ഈശോമിശിഹാ ജനിക്കുന്നത് (മത്താ 2, 1). അവിടുത്തെ വാഗ്‌ദാനം ചെയ്യപ്പെട്ട മിശിഹായായി യഹൂദർ കരുതുന്നില്ല.

7. രക്ഷകനായ മിശിഹായെ കാത്തിരുന്ന ഇസ്രായേൽ ‍

ഇസ്രായേൽ ചരിത്രത്തിലുടനീളം രക്ഷകനായ 'മിശിഹാ'യെക്കുറിച്ചുള്ള ദൈവികവാഗ്‌ദാനം കാണാം. ഇപ്രകാരം വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്ന രക്ഷകനായ മിശിഹായെയാണു യഹൂദർ പ്രതീക്ഷയോടെ കാത്തിരുന്നത്. ഖുമ്രാൻ ഗുഹകളിൽനിന്നു ലഭിച്ചതും എ.ഡി. ഒന്നാം നൂറ്റാണ്ടിനു മുമ്പുള്ളതുമായ ലിഖിത ചുരുളുകളിലും വരാനിരുന്ന രക്ഷകനെക്കുറിച്ചുള്ള പ്രതീക്ഷ കാണാം.

'മിശിഹാ' എന്ന വാക്കിനർത്ഥം 'അഭിഷിക്തൻ' എന്നാണ്. പഴയനിയമ ചരിത്രത്തിൽ അഭിഷേകം ചെയ്തു സ്ഥാനമേൽപ്പിച്ചിരുന്നത് മൂന്നു ഗണത്തിൽപ്പെട്ടവരെയായിരുന്നു: പുരോഹിതർ, പ്രവാചകർ, രാജാക്കന്മാർ. ഭാവിയിൽ അയയ്ക്കുമെന്നു ദൈവം വാഗ്‌ദാനം ചെയ്ത രക്ഷകന് മിശിഹായുടെ ഈ മൂന്നു സ്വഭാവ സവിശേഷതകൾ ഉണ്ടായിരിക്കും എന്ന സൂചനകളുണ്ടായിരുന്നു.

അതായത്, വരാനിരിക്കുന്ന മിശിഹായ്ക്ക് പുരോഹിത (ഉൽപ 22, 18), പ്രവാചക (നിയമ 18, 15), രാജകീയ (2 സാമു 7, 12-14) സ്വഭാവങ്ങൾ ഉണ്ടായിരിക്കും എന്നു ചുരുക്കം. ദൈവത്തിന്റെ അഭിഷിക്തൻ ദൈവപുത്രനുമായിരിക്കുമെന്നു ദൈവം മുൻകൂട്ടി അറിയിച്ചിരുന്നു (2 സാമു 2, 14; സങ്കീ 2, 7). മിശിഹായുടെ ജനനത്തെയും ജീവിതത്തെയും പ്രവർത്തനങ്ങളെയും സഹന മരണോത്ഥാനങ്ങളെയും കുറിച്ചുള്ള നിരവധി പ്രവചനങ്ങൾ പഴയ നിയമത്തിലുണ്ട്.

II. ക്രിസ്തുമത ചരിത്രം ‍

യഹൂദമതത്തിന്റെ തുടർച്ചയും പൂർത്തീകരണവുമാണ് ക്രിസ്തുമതം. മൂശെ തുടങ്ങിയുള്ള പഴയനിയമ പ്രവാചകന്മാർ വരാനിരുന്ന മിശിഹായെക്കുറിച്ച് എഴുതിയവയെല്ലാം ഈശോയിൽ പൂർത്തിയായി (ലൂക്കാ 24, 25-27, 44). ഇസ്രായേൽ ചരിത്രത്തിലൂടെ സ്വയം വെളിപ്പെടുത്തിയ ദൈവം വാഗ്‌ദാനം ചെയ്ത രക്ഷകനായ മിശിഹായാണ് ചരിത്രപുരുഷനായ നസ്രായൻ ഈശോ.

1. റോമൻഭരണകാലത്തെ ചരിത്രപുരുഷനായ മിശിഹാ ‍

റോമൻ ആധിപത്യത്തിൻകീഴിൽ ഭരണം നടത്തിയിരുന്ന ഹെറോദ് രാജാവിന്റെ കാലത്ത് ഈശോ ജനിച്ചു (മത്താ 2, 1). അബ്രാഹത്തിന്റെ സന്തതിപരമ്പരയിൽപ്പെട്ട യൗസേപ്പുമായി വിവാഹം നിശ്ചയം കഴിഞ്ഞിരുന്ന കന്യകയായ മറിയം പരിശുദ്ധ റൂഹായാൽ ഗർഭിണിയായി ദൈവപുത്രനായ ഈശോയ്ക്കു ജന്മം നൽകി (മത്താ 1, 18-25). റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറിന്റെ (ബി.സി 30- എ.ഡി. 14) കൽപ്പനപ്രകാരം പേരെഴുതിക്കാനായി ബേത്ലഹേം നഗരത്തിലായിരിക്കുമ്പോഴാണ് മറിയം മിശിഹായ്ക്കു ജന്മം നൽകിയത് (ലൂക്കാ 2, 1-20). അവിടുന്ന് അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവാലയത്തിലെ ആരാധനകളിൽ പങ്കുചേരുകയും ചെയ്തിരുന്നു.

ഹെറോദ് അന്തിപ്പാസ് ഗലീലിയിൽ ഭരണാധികാരി ആയിരിക്കുമ്പോൾ (ബി.സി. 4 - എ.ഡി. 39) പരസ്യജീവിതം ആരംഭിച്ച ഈശോ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രഘോഷിച്ചു കൊണ്ടും സകലർക്കും നന്മ ചെയ്തുകൊണ്ടും ചുറ്റിസഞ്ചരിച്ചു (ലൂക്കാ 3, 1-4,15; നടപടി 10, 37-43). ഒരേസമയം ദൈവപുത്രനും മനുഷ്യപുത്രനുമായിരുന്ന അവിടുന്നു പ്രഘോഷിച്ച ദൈവരാജ്യ സുവിശേഷമാണു ക്രിസ്തുമതത്തിന്റെ അടിസ്ഥാനം. ദൈവികാധികാരം വ്യക്തമാക്കുന്ന പ്രവർത്തങ്ങളിലൂടെയും പ്രബോധങ്ങളിലൂടെയും വാഗ്‌ദാനം ചെയ്യപ്പെട്ട ദൈവിക മിശിഹാ താനാണെന്ന് അവിടുന്നു വെളിവാക്കി.

റോമൻ ഗവർണറായിരുന്ന പൊന്തിയോസ് പീലാത്തോസിന്റെ കാലത്ത് (എ. ഡി. 26-36) ജറുസലേം പട്ടണത്തിനു വെളിയിൽ ഗാഗുൽത്താ എന്ന സ്ഥലത്ത് കുരിശിൽ തറയ്ക്കപ്പെട്ടു മരിച്ചു. (മത്താ 27, 32-50). തിരുലിഖിതങ്ങളിൽ പറയുന്നതുപോലെ, മരിച്ചവരിൽ നിന്നുയിർത്ത അവിടുന്ന് ജീവിച്ചിരിക്കുന്നവനായി ശ്ലീഹന്മാർക്കു സ്വയം വെളിപ്പെടുത്തി (നടപടി 1, 2-3). തന്റെ സഹന-മരണോത്ഥോനങ്ങൾ മനുഷ്യരക്ഷയ്ക്കു വേണ്ടിയായിരുന്നുവെന്നും ഈ പെസഹാ രഹസ്യങ്ങൾക്കു ശ്ലീഹന്മാർ സാക്ഷികളാകണമെന്നും അവിടുന്നു കൽപിച്ചു (ലൂക്കാ 24, 46-49). സാക്ഷ്യം വഹിക്കലിൽ അവരെ ശക്തിപ്പെടുത്താൻ പരിശുദ്ധാരൂപിയെ അയയ്ക്കുമെന്ന് ഉത്ഥിതനായ ഈശോമിശിഹാ അവർക്കു വാഗ്‌ദാനവും നൽകി.

2. മിശിഹായുടെ തുടർച്ചയായ തിരുസഭ ‍

മിശിഹായ്ക്കും അവിടുത്തെ സഹന-മരണോത്ഥോനങ്ങൾക്കും സാക്ഷികളാകാൻ നിയോഗിക്കപ്പെട്ട ശ്ലീഹന്മാർ തങ്ങൾ അനുഭവിച്ചറിഞ്ഞ രക്ഷകനായ മിശിഹായെക്കുറിച്ചു ലോകത്തോട് പ്രഘോഷിച്ചു തുടങ്ങിയത് പന്തക്കുസ്താദിനം മുതലാണ്. തങ്ങളിൽ വന്നു വസിച്ച പരിശുദ്ധറൂഹായുടെ ശക്തിയാൽ ശ്ലീഹന്മാർ ധൈര്യപൂർവം പ്രഘോഷിച്ചു: "കുരിശിൽ തറച്ചു കൊല്ലപ്പെട്ട നസ്രായൻ ഈശോയെ ദൈവം ഉയിർപ്പിച്ചു; ഞങ്ങൾ അതിനു സാക്ഷികളാണ്" (നടപടി 2, 32). ഈ സത്യം അംഗീകരിച്ചതിന്റെ ഭാഗമായാണ് പത്രോസിന്റെ പ്രസംഗം ശ്രവിച്ച മൂവായിരത്തോളം യഹൂദർ ഈശോമിശിഹായെ രക്ഷകനായി സ്വീകരിച്ചു മാമ്മോദീസ മുങ്ങിയത്. അപ്രകാരം മിശിഹായുടെ മൗതീകശരീരമായ തിരുസഭ ഔദ്യോഗികമായി അന്നു ജറുസലേമിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ശ്ലീഹന്മാർ ജറൂസലേമിൽ ആരംഭിച്ച് യൂദയാ, സമരിയാ പ്രദേശങ്ങളിലൂടെ ലോകത്തിന്റെ അതിർത്തികൾ വരെ രക്ഷയുടെ സുവിശേഷത്തിനു സാക്ഷ്യം വഹിക്കണമെന്നായിരുന്നു ഉത്ഥിതൻ കൽപിച്ചിരുന്നത്. (നടപടി 1, 8). അതനുസരിച്ച് ശ്ലീഹന്മാർ ജറൂസലേമിൽ ആരംഭിച്ച് ലോകത്തിന്റെ നാനാഭാഗങ്ങളിലും ഈശോമിശിഹായ്ക്കു സാക്ഷ്യം വഹിച്ചു (നടപടി 2-8). ശ്ലീഹന്മാരുടെ ഗണത്തിലേക്കു പ്രത്യേകം ചേർക്കപ്പെട്ട പൗലോസിന്റെ പ്രേഷിതപ്രവർത്തനങ്ങളാണ് നടപടി പുസ്തകത്തിന്റെ രണ്ടാം പകുതിയിൽ വിവരിച്ചിരിക്കുന്നത് (നടപടി 13-28). അതേ കാലയളവിൽ തന്നെയാണ് തോമാശ്ലീഹാ ഭാരതത്തിലെത്തിയതും സുവിശേഷമറിയിച്ചതും. ഇപ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപംകൊണ്ട പുതിയ ഇസ്രായേലായ സഭയിലൂടെയാണ് മിശിഹാ തന്റെ രക്ഷാകരദൗത്യം യുഗാന്ത്യത്തോളം തുടർന്നുകൊണ്ടു പോകുന്നത്. അങ്ങനെ ലോകരക്ഷയ്ക്കുള്ള ദൃശ്യ അടയാളമായി തിരുസഭ ലോകം മുഴുവനിലുമായി യുഗാന്ത്യത്തോളം നിലകൊള്ളും.

3. ഈശോമിശിഹായെക്കുറിച്ചുള്ള അതിപുരാതന ചരിത്രരേഖകൾ ‍

ചരിത്രപുരുഷനായ ഈശോമിശിഹായെക്കുറിച്ചുള്ള ആദ്യത്തെയും ഏറ്റവും ആധികാരികവുമായ ചരിത്രരേഖകൾ ഒന്നാം നൂറ്റാണ്ടിൽത്തന്നെ രൂപംകൊണ്ട പുതിയനിയമഗ്രന്ഥങ്ങൾ വിശിഷ്യാ നാലു സുവിശേഷവിവരണങ്ങൾ (മത്തായി, മാർക്കോസ്, ലൂക്കാ, യോഹന്നാൻ) ആണ്.

നസ്രായനായ ഈശോയെക്കുറിച്ച് അക്രൈസ്തവരായ വ്യക്തികൾ - യഹൂദരും വിജാതീയരും - നൽകിയിട്ടുള്ള സാക്ഷ്യങ്ങൾ അവിടുത്തെ അസ്തിത്വത്തിന്റെ ചരിത്രപരത അരക്കിട്ടുറപ്പിക്കുന്നു.

1. യഹൂദചരിത്രകാരനായ ഫ്‌ളാവിയൂസ് ജോസേഫൂസ് (Flavius, Josephus, ca. 37-100). ക്രിസ്‌തു എന്നു വിളിക്കപ്പെട്ടിരുന്ന ജ്ഞാനിയായ ഈശോ നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ച് വളരെയേറെ യഹൂദരെയും ഗ്രീക്കുകാരെയും ആകർഷിച്ചിരുന്നു എന്നും പീലാത്തോസ് കുരിശിൽ തറച്ചുകൊന്ന ഈശോ മൂന്നാം ദിവസം ജീവിക്കുന്നവനായി പ്രത്യക്ഷപ്പെട്ടു എന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

2.. റോമൻ സെനറ്ററായിരുന്ന പ്ലീനി (Pliny the Younger: ca, 61-113), ക്രിസ്തുമതവിശ്വാസികൾ പതിവായി പ്രഭാതത്തിനുമുമ്പ് ഒന്നിച്ചുകൂടി സ്തുതിഗീതങ്ങൾ ആലപിച്ച് ക്രിസ്തുവിനെ ദൈവമായി ആരാധിച്ചിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

3. സ്വത്തോണിയൂസ് എന്ന റോമൻ എഴുത്തുകാരൻ (Gaius Suetonius Tranquillus, ca. 70-140), ക്രിസ്‌തുവിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കിയ ചില യഹൂദരെ ക്ളോഡിയസ് ചക്രവർത്തി റോമിൽ നിന്ന് പുറത്താക്കി എന്നു സാക്ഷ്യപ്പെടുത്തുന്നുണ്ട്.

4. മറ്റൊരു റോമൻ ചരിത്രകാരനായ ടാസിറ്റസ് (Cornelius Tacitus, ca. 56-120), ക്രിസ്ത്യാനികൾ എന്ന വിഭാഗം ആരംഭിച്ചത് തിബേരിയൂസ് ചക്രവർത്തിയുടെ കാലത്ത് പന്തിയോസ് പീലാത്തോസിനാൽ വധിക്കപ്പെട്ട ക്രിസ്തുവിനാൽ ആണെന്നും യൂദയായിൽ ആരംഭിച്ച ഈ പ്രസ്ഥാനം റോമിലും എത്തിയിരിക്കുന്നു എന്നും രേഖപ്പെടുത്തുന്നുണ്ട്.

4. എന്തുകൊണ്ട് ഈശോയ്ക്കുശേഷം ഒരു പ്രവാചകൻ ഉണ്ടാവുക സാധ്യമല്ല? ‍

തന്റെ വചനംവഴിയുള്ള പ്രപഞ്ചസൃഷ്ടിയിലൂടെ സ്വയം വെളിപ്പെടുത്താൻ ആരംഭിച്ച ദൈവം താൻ പ്രത്യേകം തിരഞ്ഞെടുത്ത ഇസ്രായേൽ ജനത്തിന്റെ ചരിത്രത്തിലൂടെ തന്റെ വെളിപാട് തുടർന്നു. ദൈവത്തിന്റെ 'വചനം'തന്നെ മനുഷ്യനായി അവതരിച്ച ഈശോയിലൂടെ ദൈവത്തിന്റെ ഈ സ്വയം വെളിപ്പെടുത്തൽ പൂർത്തിയായി. "പൂർവകാലങ്ങളിൽ പ്രവാചകന്മാർ വഴി വിവിധ ഘട്ടങ്ങളിലും വിവിധരീതിയിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാൽ, ഈ അവസാന നാളുകളിൽ തന്റെ പുത്രൻ വഴി അവിടുന്നു നമ്മോടു സംസാരിച്ചിരുന്നു" (ഹെബ്രാ 1, 1-2). മനുഷ്യരക്ഷയ്ക്ക് ആവശ്യമായ എല്ലാക്കാര്യങ്ങളും ദൈവം ഈശോമിശിഹായിലൂടെ വെളിപ്പെടുത്തിക്കഴിഞ്ഞു. തിരുസഭയിൽ സദാകാലം വസിക്കുന്ന സഹായകനായ പരിശുദ്ധാരൂപി, ഈശോ പഠിപ്പിച്ച കാര്യങ്ങൾ സഭാംഗങ്ങളെ അനുസ്‌മരിപ്പിക്കുകയും (യോഹ 14, 26) സത്യത്തിന്റെ പൂര്ണതയിലേക്കു നയിക്കുകയും ചെയ്യുന്നു (യോഹ 16, 7-13). പിതാവും പുത്രനും പരിശുദ്ധാരൂപിയുമായ ഏകദൈവം തന്നെ ദൈവിക വെളിപാട് പൂർത്തിയാക്കായിരിക്കയാൽ ഈശോയ്ക്കുശേഷം മനുഷ്യചരിത്രത്തിൽ ഒരു പ്രവാചകനും പ്രസക്തിയില്ല.

ഉപസംഹാരം ‍

ചുരുക്കത്തിൽ, ചരിത്രപരമായും ദൈവശാസ്ത്രപരമായും യഹൂദമതത്തിന്റെയും ഇസ്രായേലിന്റേയും തുടർച്ചയും പൂർത്തീകരണവുമാണ് തിരുസഭ. എന്നാൽ, മുഹമ്മദീയമതം ഈ പാരമ്പര്യത്തിന്റെ ഭാഗമല്ല; മുഹമ്മദ് അബ്രാഹത്തിന്റെ വംശത്തിലോ യഹൂദപ്രവാചക പാരമ്പര്യത്തിലോ ഉൾപ്പെടുന്നില്ല. ഇസ്ലാംമതത്തിൽ യഹൂദമതത്തിന്റെയോ ക്രിസ്തുമതത്തിന്റെയോ ചരിത്രപരമോ ദൈവശാസ്ത്രപരമോ ആയ തുടർച്ചയില്ല. എന്നാൽ നിക്ഷിപ്‌ത താത്പര്യങ്ങൾ മുൻനിറുത്തി യഹൂദ-ക്രൈസ്തവമതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കാനും ചരിത്രാഖ്യാനം നിർമിക്കാനും ബോധപൂർവമായ ശ്രമങ്ങൾ ഇന്നു വലിയ തോതിൽ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ്, അബ്രാഹത്തിനു ദാസിയിൽ ജനിച്ച ഇസ്മായേലിന്റെ പിൻ തലമുറക്കാരനാണ് മുഹമ്മദ് എന്ന വാദം. ഇസ്മായേലിന് അറേബ്യയുമായോ മക്കയുമായോ എന്തെങ്കിലും ബന്ധമുണ്ടായിരുന്നതായി ബൈബിളിൽ സൂചനയൊന്നുമില്ല; യാതൊരു ചരിത്രാടിസ്ഥാനവുമില്ലാത്ത വാദം മാത്രമാണിത്. വ്യാജചരിത്രം എഴുതിയുണ്ടാക്കുന്നതും പ്രചരിപ്പിക്കുന്നതും തികച്ചും അധാർമികമാണ്.

തുടരും..... ‍

Editor's Note: ‍

ഈ ലേഖനത്തില്‍ ഉപയോഗിച്ച റഫറന്‍സ് ചുവടെ നല്കുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഇതുമായ ബന്ധപ്പെട്ട ലേഖനങ്ങള്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും വാട്സാപ്പില്‍ നേരിട്ടു ലഭിക്കും. ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുറിപ്പുകൾ

1. Antiquities of Jews, books 18-20 as cited in Feldman Louis, Flavius Josephus Revisited, 1984, 763-71.

2. Theissen G-Merz A., The Historical Jesus: A Comprehensive Guide, London, 1998, 80.

3. R.E. Van Voorst, Jesus Outside the New Testament: An Introduction to the Ancient Evidence, Grand Rapids, 2000, 30.

4. Annals, 15, 38-44 as cited in G. Theissen – G. Merz. The Historical Jesus, 82.

സഹായകഗ്രന്ഥങ്ങൾ

1. Harrison R.K., The Old Testament Times, Peabody 1970

2. Keller Werner, The Bible as History, New York 1982.

3. Norman A. Stillman. The Jews of Arab Lands. A History and Source Book, Michigan 1979.

4. Scott Julius, Jewish Background of the New Testament, Grand Rapids 1995.

5. Shurer Emil, A History of the Jewish People in the Time of Christ, Edinburgh 1890.

6. Warraq Ibn, The Origins of The Koran: Classic Essays on Islam’s Holy Book, Amherst, NY1998.

7. ……., What the Koran Really Says: Language, Text and Commentary, Amherst,, NY 2002.

8. Whiston William, The Works of Josephus, New Updated Edition, tr., Peabody 2007.

9. ജെയിംസ് കൊക്കവയലിൽ, വിശ്വാസബോദ്ധ്യങ്ങൾ ആത്മരക്ഷയ്ക്ക്, ചങ്ങനാശ്ശേരി, 2022.


Related Articles »