News - 2025

താബോർ മലയിൽ തിരുനാൾ ആചരിക്കുന്നതിൽ ക്രൈസ്തവരെ തടഞ്ഞ് ഇസ്രായേല്‍

പ്രവാചകശബ്ദം 23-08-2023 - Wednesday

ജെറുസലേം: താബോർ മല മുകളിൽ രൂപാന്തരീകരണ തിരുനാൾ ആചരിക്കുന്നതിൽ നിന്നും ഇസ്രായേൽ അഗ്നിശമന സേന ക്രൈസ്തവ വിശ്വാസികളെ വിലക്കിയതായി റിപ്പോര്‍ട്ട്. മലയിലെ ദേവാലയത്തിന്റെ സുരക്ഷ പരിശോധിച്ചിട്ടില്ല, സുരക്ഷാ പദ്ധതി അപര്യാപ്തമാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ക്രൈസ്തവരെ മലയിൽ പ്രാർത്ഥിക്കുന്നതിൽ നിന്നും അധികൃതർ തടഞ്ഞത്. തിരുനാളിനോട് അനുബന്ധിച്ച് ആയിരക്കണക്കിന് തീർത്ഥാടകർ പ്രാർത്ഥനയിൽ പങ്കെടുക്കാൻ ഇസ്രായേലിൽ എത്തിയിട്ടുണ്ടായിരുന്നുവെന്ന് ഇസ്രായേലിലെ ക്രൈസ്തവ നേതാക്കളിൽ ഒരാളായ വാബിയാ അബു നാസർ വൈനെറ്റ് എന്ന മാധ്യമത്തോട് പറഞ്ഞു.

കഴിഞ്ഞവർഷവും ഇവിടെ പ്രാർത്ഥനാ സംഗമം നടന്നിരുന്നില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് അധികൃതരും, നസ്രത്തിലെ ഓർത്തഡോക്സ് കൗൺസിലും തമ്മിൽ നടന്ന ചർച്ചയിൽ സംഗമം സംഘടിപ്പിക്കാൻ സാധിക്കുമെന്ന് സമ്മതിച്ചതാണെന്നും, അവസാന നിമിഷമാണ് അധികൃതർ അനുവാദം നിരസിച്ചതെന്നും അബു നാസർ വിശദീകരിച്ചു. ഇത് ആവശ്യമില്ലാത്ത വിവാദമാണെന്നും ക്രൈസ്തവ ലോകത്തിന്റെ കണ്ണിൽ ഇസ്രായേലിനെ ഇത് മോശപ്പെടുത്തുമെന്നും ജിസ്റീൽ വാലി റീജണൽ കൗൺസിലിന്റെ അധ്യക്ഷൻ എയാൽ ബെറ്റ്സർ പറഞ്ഞു.

സമാനമായി ഇത് അന്താരാഷ്ട്ര തലത്തിൽ മാനഹാനി ഉണ്ടാക്കുന്ന കാര്യമാണെന്നും, ആരാധന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ഇൻകമിംഗ് ടൂർ ഓപ്പറേട്ടഴ്സ് അസോസിയേഷന്റെ അധ്യക്ഷൻ യോസി ഫട്ടേൽ പറഞ്ഞു. ക്രൈസ്തവരെ ഉപദ്രവിക്കുന്ന രാജ്യമെന്ന നിലയിൽ ഇസ്രായേലിന്റെ പേര് മോശമാക്കാൻ ശ്രമിക്കുന്ന ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലുള്ള ആളുകൾ ശ്രദ്ധ തിരിക്കുന്നതിന് കാരണമായി തീരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും മാസങ്ങളായി പഴയ ജെറുസലേം നഗരത്തിൽ ക്രൈസ്തവർക്കെതിരെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Related Articles »