India - 2024

സീറോ മലബാര്‍ സഭ സിനഡാനന്തര സർക്കുലറിന്റെ പൂര്‍ണ്ണരൂപം

പ്രവാചകശബ്ദം 27-08-2023 - Sunday

സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കും വൈദികർക്കും സമർപ്പിതർക്കും അല്മായ സഹോദരങ്ങൾക്കും എഴുതുന്ന സർക്കുലർ.

മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, ‍

സീറോമലബാർസഭയുടെ മുപ്പത്തിയൊന്നാമതു സിനഡിന്റെ മൂന്നാമതു സമ്മേളനം 2023 ഓഗസ്റ്റ് 21 മുതൽ 26 വരെ സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നു. നമ്മുടെ സഭയെയും സമൂഹത്തെയും ബാധിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് പഠിക്കാനും പ്രതിസന്ധികൾക്കുള്ള പരിഹാരം പ്രാർത്ഥനാപൂർവ്വം അന്വേഷിക്കാനുമാണു സിനഡ് പിതാക്കന്മാർ ശ്രമിച്ചത്. സിനഡിന്റെ വിജയത്തിനായി നിങ്ങളെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിച്ചതിനു ഹൃദയപൂർവ്വം നന്ദി പറയുന്നു.

പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ ദൗത്യനിർവ്വഹണം ‍

പതിറ്റാണ്ടുകളായി നമ്മുടെ സഭയിൽ ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണത്തിനായി നാം പരിശ്രമിക്കുകയായിരുന്നല്ലോ. സീറോമലബാർസഭയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ മറ്റെല്ലാ രൂപതകളിലും ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലായി. ഈ വിഷയത്തിൽ അതിരൂപതയിൽ രൂപപ്പെട്ട പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധ തലങ്ങളിൽ പരിശ്രമിച്ചെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല.

ഏകീകൃത വിശുദ്ധ കുർബാനയർപ്പണവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനുള്ള അവസാന മാർഗം എന്ന നിലയിലാണ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആർച്ച്ബിഷപ് സിറിൽ വാസിലിനെ പൊന്തിഫിക്കൽ ഡെലഗേറ്റായി നിയമിച്ചത്. ഓഗസ്റ്റ് 4-ന് കേരളത്തിലെത്തിയ ആർച്ച്ബിഷപ് സിറിൽ വാസിൽ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട വിവിധ വിഭാഗം ജനങ്ങളുമായി തന്റെ ദൗത്യത്തിന്റെ ഭാഗമായി ചർച്ചകൾ നടത്തി. എന്നാൽ, പൊന്തിഫിക്കൽഡെലഗേറ്റിനെതിരെ എറണാകുളം കത്തീഡ്രൽ ബസിലിക്കയിലുണ്ടായ പ്രതിഷേധം സഭയ്ക്ക് അഗാധമായ ദുഃഖമുണ്ടാക്കി. അദ്ദേഹത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതു പൊതുസമൂഹത്തിലും സാർവത്രിക സഭയിലും നമ്മുടെ സഭയ്ക്ക് അപമാനമുണ്ടാക്കി.

ഓഗസ്റ്റ് 21, 22 തിയ്യതികളിലായി രണ്ടു തവണ പൊന്തിഫിക്കൽ ഡെലഗേറ്റ് സീറോമലബാർ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. അച്ചടക്കവും കൂട്ടായ്മയുമില്ലാതെ സഭയ്ക്ക് മുന്നോട്ടു പോകാനാവില്ലെന്നും അതിനായുള്ള കർശന നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും പൊന്തിഫിക്കൽ ഡെലഗേറ്റുവഴി പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിധേയമായിരിക്കും.

തന്റെ ദൗത്യത്തിന്റെ ആദ്യഘട്ടംപൂർത്തിയാക്കി ഓഗസ്റ്റ് 23-ാം തിയതി റോമിലെത്തിയ ആർച്ച് ബിഷപ്പ് സിറിൽ വാസിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. ഓഗസ്റ്റ് 4 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ താൻ നടത്തിയ സന്ദർശനത്തെക്കുറിച്ചും അതിരൂപതയിലെ ഇപ്പോഴത്തെ സ്ഥിതിഗതികളെകുറിച്ചും പരിശുദ്ധ പിതാവിനെ അദ്ദേഹം അറിയിച്ചു. മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിന്റെയും നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാൻ മാർപാപ്പ ആവശ്യപ്പെട്ടതായി അദ്ദേഹം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ അറിയിച്ചു. പൗരസ്ത്യ സഭകളുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറോത്തിക്കും അതിരൂപതയുടെ പ്രതിസന്ധികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആർച്ച്ബിഷപ് വാസിൽ നൽകിയിട്ടുണ്ട്.

ഏകീകൃത വി. കുർബാനയർപ്പണരീതിയെക്കുറിച്ചുള്ള സീറോമലബാർ സിനഡിന്റെയും മാർപാപ്പയുടെയും തീരുമാനം പൂർത്തിയാക്കുന്നതിനുവേണ്ടിയുള്ള തന്റെ ദൗത്യം തുടരുമെന്നും പൊന്തിഫിക്കൽ ഡെലഗേറ്റ് അറിയിച്ചിട്ടുണ്ട്.

പൊന്തിഫിക്കൽ ഡെലഗേറ്റിന്റെ ദൗത്യം സുഗമമാക്കുന്നതിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളുമായി ചർച്ച തുടരുവാൻ സിനഡു തീരുമാനിച്ചു. സംഭാഷണം സുഗമമാക്കാൻ 9 മെത്രാന്മാരടങ്ങിയ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇൗ സമിതി ചർച്ചകൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. ചർച്ചയിൽ ഉരുത്തിരിയുന്ന പരിഹാരമാർ ഗങ്ങൾ പൊന്തിഫിക്കൽഡെലഗേറ്റു വഴി പരിശുദ്ധ പിതാവിനു സമർപ്പിക്കുകയും ശൈ്ല ഹിക സിംഹാസനം നൽകുന്ന നിർദ്ദേശങ്ങൾക്കനുസൃതമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ്. വ്യക്തിപരമോ പ്രാദേശികമോ ആയ അഭിപ്രായവ്യത്യാസങ്ങൾ മറന്നു നമുക്ക് ഒരു മനസ്സോടെ മുന്നോട്ട് നീങ്ങാം.

എല്ലാറ്റിനെയും ഒന്നിപ്പിക്കുന്ന നമ്മുടെ കർത്താവായ ഈശോമിശിഹായുടെ ബലിവേദി നമ്മുടെ കൂട്ടായ്മയുടെ ഉറവിടമാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. പ്രശ്നപരിഹാരത്തിനു വിഘാതമാകുന്ന പ്രസ്താവനകളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും എല്ലാവരും വിട്ടുനിൽക്കണമെന്ന് സ്നേഹപൂർവ്വം ഒാർമിപ്പിക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രതിസന്ധികളുടെ പരിഹാരം ഇൗ വർഷത്തെ എട്ടു നോമ്പാചരണത്തിലെ പ്രത്യേക നിയോഗമായി നമുക്കു സമർപ്പിക്കാം.

മണിപ്പൂർ കലാപം ‍

മതേതരഭാരതത്തിന്റെ ഹൃദയത്തിലേറ്റ ആഴമേറിയ മുറിവാണു മണിപ്പൂർ കലാപം. സാമൂഹികസംവരണത്തെക്കുറിച്ചുള്ള കോടതി വിധിയോടുള്ള പ്രതിഷേധമായി പൊട്ടിപ്പുറപ്പെട്ട ഗോത്ര കലാപമായാണു മണിപ്പൂരിലെ സംഘർഷങ്ങൾ ആരംഭിച്ചത്. ഇൗ സംഘർഷത്തിന്റെ മറവിൽ ഇരുഗോത്രങ്ങളിലെയും ആളുകൾ പീഡനങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഇവരിൽ നല്ലൊരു പങ്കും കൈ്രസ്തവരാണ്. കലാപത്തിൽ 170ൽ പരം ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും ആയിരക്കണക്കിന് ഭവനങ്ങളും ആരാധനാലയങ്ങളും തകർക്കപ്പെടുകയും ചെയ്തു.

പതിനായിരങ്ങൾ പ്രാണരക്ഷാർത്ഥം പലായനം ചെയ്യേണ്ടിവന്നു. അത്യാധുനിക ആയുധങ്ങളുമായി കലാപകാരികൾ കഴിഞ്ഞ മൂന്നരമാസമായി അഴിഞ്ഞാടുന്ന സാഹചര്യത്തിൽ ക്രമസമാധാനം തിരിച്ചുകൊണ്ടുവരാൻ സർക്കാർ ആത്മാർത്ഥമായി പരിശ്രമിക്കണം. പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ കൈ്രസ്തവർക്കെതിരേ പീഡനങ്ങൾ വർധിച്ചുവരുന്നത് തികച്ചും ആശങ്കാജനകമാണ്.

മണിപ്പൂർ കലാപത്തിനെതിരായ വികാരം രാജ്യമൊന്നാകെ ജാതിമതഭേദമന്യേ ഉയർന്നു എന്നത് മതേതരഭാരതത്തിൽ പ്രത്യാശ പകരുന്ന വസ്തുതയാണ്. മണിപ്പൂരിലെ നമ്മുടെ സഹോദരങ്ങളുടെ സങ്കടത്തിൽ അവരോടൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. മണിപ്പൂരിൽ സമാധാനവും ശാന്തിയും സുഗമമാക്കാൻ നമുക്ക് ആത്മാർഥമായി പ്രാർത്ഥിക്കാം. മണിപ്പൂരിനെ പുനർനിർമിക്കാനുള്ള പരിശ്രമങ്ങളിൽ ഭാരതകത്തോലിക്കാസഭയുടെ സാമൂഹിക സേവനവിഭാഗമായ കാരിത്താസ് ഇന്ത്യ ക്രിയാത്മകമായി ഇടപെടുന്നുണ്ട്.

കാരിത്താസ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് നമ്മുടെ സഭ എല്ലാവിധത്തിലുമുള്ള പിന്തുണയും നൽകുന്നുണ്ട്. മണിപ്പൂരിൽ ഭവനരഹിതരും അനാഥരുമായിത്തീർന്ന വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകാനുള്ള പരിശ്രമങ്ങൾ നമ്മുടെ വിവിധ രൂപതകളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുണ്ട് എന്നതും സ്വാഗതാർഹമാണ്. മണിപ്പൂരിനെ പുനർനിർമിക്കാനുള്ള പദ്ധതിയിൽ നാമെല്ലാവരും ആത്മാർത്ഥമായി സഹകാരികളാകണം.

മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി ‍

സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലി 2024 ഓഗസ്റ്റ് 23 മുതൽ 25 വരെയുള്ള തിയതികളിൽ പാലാ രൂപതയുടെ അജപാലനകേന്ദ്രമായ അൽഫോൻസിയൻ പാസ്റ്ററൽ സെന്ററിൽ നടത്തപ്പെടുന്നതാണ് “കാലാനുസൃതമായ സഭാ ജീവിതവും ദൗത്യവും സീറോമലബാർസഭയിൽ” എന്നതാണ് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ പ്രമേയം. ഇടവകരൂപത തലങ്ങളിലും സന്യാസ സമൂഹങ്ങളിലും ഇൗ വിഷയത്തെക്കുറിച്ചുള്ള മാർഗരേഖയുടെ അടിസ്ഥാനത്തിൽ സഭാംഗങ്ങളെല്ലാവരും ക്രിയാത്മകമായ ചർച്ചകൾ നടത്തണം. നിങ്ങളുടെ ചർച്ചകളിൽ ഉരുത്തിരിയുന്ന ആശയങ്ങളെ ക്രോഡീകരിച്ചുകൊണ്ട് അസംബ്ലിക്കുള്ള പ്രവർത്തനരേഖ തയ്യാറാക്കുന്നതാണ്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ വിജയകരമായ നടത്തിപ്പിനു നിങ്ങളുടെ സഹകരണവും പ്രാർത്ഥനയും ആവശ്യമാണ്.

വെബ്സൈറ്റിന്റെ ഉദ്ഘാടനം ‍

നമ്മുടെ സഭയുടെ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിൽ കൂടുതൽ ദൃശ്യമാക്കുന്നതിന്റെ ഭാഗമായി സീറോമലബാർസഭയുടെ നവീകരിച്ച വെബ്സൈറ്റ് (www.syromalabarchurch.in) ഈ സിനഡിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. സീറോമലബാർസഭയെക്കുറിച്ചും സഭയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഇവിടെ ലഭ്യമാകുന്ന വിവരങ്ങൾ നിങ്ങൾ പ്രയോജനപ്പെടുത്തുമല്ലോ.

ഗോരഖ്പൂർ രൂപതയ്ക്ക് പുതിയ ഇടയൻ ‍

സീറോമലബാർസഭയുടെ ഗോരഖ്പൂർ രൂപതയുടെ പുതിയ ഇടയനായി ചെറുപുഷ്പ സന്യാസ സമൂഹാംഗമായ ഫാ. മാത്യു നെല്ലിക്കുന്നേൽ CSTയെ മാർപാപ്പ നിയമിച്ചു. നിയുക്ത മെത്രാനും ഗോരഖ്പൂർ രൂപതയ്ക്കും എല്ലാ ഭാവുകങ്ങളും അഭിനന്ദനങ്ങളും പ്രാർത്ഥനാപൂർവ്വം നേരുന്നു. കഴിഞ്ഞ പതിനേഴു വർഷമായി ഗോരഖ്പൂർ രൂപതയെ വളർച്ചയുടെ പാതയിൽ കൃപയോടെ നയിച്ച അഭിവന്ദ്യ മാർ തോമസ് തുരുത്തിമറ്റം CST പിതാവിനോട് സീറോമലബാർസഭ ഏറെ കടപ്പെട്ടിരിക്കുന്നു. സഭയ്ക്കും സമൂഹത്തിനും പ്രത്യേകിച്ച് ഗോരഖ്പൂർ രൂപതയ്ക്കും പിതാവിന്റെ ശൈ്ലഹികശുശ്രൂഷ അനുഗ്രഹമായിരുന്നു.

നല്ല ദൈവത്തിന്റെ കരുതലാർന്ന പരിപാലനയ്ക്കു നമുക്കു നന്ദിപറയാം.ദൈവത്തിന്റെ അനുഗൃഹീതമാതാവും നമ്മുടെ അമ്മയുമായ പരിശുദ്ധ കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെയും മാധ്യസ്ഥ്യം നമുക്കു സഹായമാകട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ.

കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജർ ആർച്ചുബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നു 2023-ാം ആണ്ട് ഓഗസ്റ്റ് മാസം 26-ാം തീയതി നൽകപ്പെട്ടത്.

കർദ്ദിനാൾ ജോർജ് ആലഞ്ചേരി.

സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് ‍


Related Articles »