News - 2025
ബ്രസീലിയന്‍ കര്‍ദ്ദിനാള്‍ ജെറാൾഡോ മജെല്ല ദിവംഗതനായി
പ്രവാചകശബ്ദം 28-08-2023 - Monday
സാവോ സാൽവഡോർ: ബ്രസീലിലെ സാവോ സാൽവഡോർ ഡാ ബാഹിയ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജെറാൾഡോ മജെല്ല ആഗ്നെലോ ദിവംഗതനായി. ശനിയാഴ്ച രാവിലെയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 1991-1999 കാലയളവില്‍ വത്തിക്കാനിൽ ദിവ്യാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള കോൺഗ്രിഗേഷന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് കർദ്ദിനാൾ ജെറാൾഡോ. 1999-ൽ സാവോ സാൽവഡോർ ഡാ ബഹിയ അതിരൂപതയുടെ ആർച്ച് ബിഷപ്പായി ആഗ്നെലോ തിരഞ്ഞെടുക്കപ്പെട്ടു, 2001-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.
2005-ലെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തിരഞ്ഞെടുത്ത കോൺക്ലേവിൽ പങ്കെടുത്ത കർദ്ദിനാൾ ഇലക്‌ടർമാരിൽ ഒരാളായിരുന്നു കർദ്ദിനാൾ ജെറാൾഡോ ആഗ്നെലോ. മാര്‍പാപ്പയായി ബെനഡിക്ട് പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറെ ആഹ്ളാദം പ്രകടിപ്പിച്ച വ്യക്തി കൂടിയായിരിന്നു അദ്ദേഹം. അതേസമയം കർദ്ദിനാൾ ജെറാൾഡോയുടെ മരണത്തോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ അംഗങ്ങളുടെ എണ്ണം 221 ആയി. ഇതില്‍ 120 പേര്‍ക്ക് അടുത്ത കോണ്‍ക്ലേവില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്.
1978–1982 കാലയളവില്‍ ടോളിഡോ ബിഷപ്പായും ലോൻഡ്രിന ആർച്ച് ബിഷപ്പായും (1982-1991) ലാറ്റിനമേരിക്കൻ എപ്പിസ്കോപ്പൽ കൗൺസിലിന്റെ രണ്ടാമത്തെ വൈസ് പ്രസിഡന്റ് (1999-2003), ബ്രസീലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. ലോണ്ട്രിന കത്തീഡ്രലിൽ കര്‍ദ്ദിനാളിന്റെ ആത്മശാന്തിക്കായി തുടര്‍ച്ചയായ ബലിയര്‍പ്പണം നടന്നുക്കൊണ്ടിരിക്കുകയാണ്.