News - 2025

തിരുപ്പട്ടം സ്വീകരിച്ചത് ഒരേ ദിനത്തില്‍; അനുജന് പിന്നാലെ ഇപ്പോള്‍ ജേഷ്ഠനും മെത്രാന്‍ പദവിയില്‍

പ്രവാചകശബ്ദം 26-08-2023 - Saturday

കൊച്ചി: ഗോരഖ്പൂര്‍ രൂപതയുടെ നിയുക്ത മെത്രാനായി പ്രഖ്യാപിക്കപ്പെട്ട ഫാ. മാത്യു നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെ അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ ജേഷ്ഠ സഹോദരന്‍. ഒരു കുടുംബത്തില്‍ നിന്ന് രണ്ടു മെത്രാന്‍മാര്‍ എന്ന അപൂര്‍വ്വ സംഭവത്തിനാണ് കേരള കത്തോലിക്ക സഭ ഇന്നു സാക്ഷ്യം വഹിച്ചത്. അനുജന്‍ ഇടുക്കി രൂപതക്കു വൈദിക പഠനത്തിന് ചേര്‍ന്നപ്പോള്‍ സി‌എസ്‌ടി സന്യാസ സമൂഹമാണ് ജേഷ്ഠന്‍ തെരഞ്ഞെടുത്തത്.

1998 ഡിസംബർ മുപ്പതാം തിയതി കോതമംഗലം രൂപതയുടെ മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിലിൽ നിന്നാണ് ഇരുവരും ഒരുമിച്ച് പൗരോഹിത്യം സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. 2018 ജനുവരി 12നാണ് ഇടുക്കി രൂപതയുടെ അധ്യക്ഷനായി മാർ ജോൺ നെല്ലിക്കുന്നേല്‍ നിയമിതനായത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ജേഷ്ഠനും മെത്രാനായി ഉയര്‍ത്തപ്പെട്ടത് അപൂര്‍വ്വ സംഭവമായാണ് നിരീക്ഷിക്കപ്പെടുന്നത്.

ഇടുക്കി രൂപതയിലെ മരിയാപുരം ഇടവകയിൽ നെല്ലിക്കുന്നേൽ വർക്കി-മേരി ദമ്പതികളുടെ മൂത്ത മകനായി 1970 നവംബർ 13-ന് ജനിച്ച ഫാ. മാത്യു ഹൈസ്കൂൾ പഠനത്തിനു ശേഷം സി.എസ്.റ്റി സന്യാസ സമൂഹത്തിന്റെ പഞ്ചാബ്- രാജസ്ഥാൻ പ്രോവിൻസിൽ ചേർന്നു ഗോരഖ്പൂരിലുള്ള മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു. 1990-ൽ ആദ്യവ്രതം ചെയ്ത അദ്ദേഹം 1996-ൽ നിത്യവ്രതവാഗ്ദാനം നടത്തി.

വൈദികപരിശീലനം വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹം 1998 ഡിസംബർ മുപ്പതാം തിയതി കോതമംഗലം രൂപതയുടെ മുൻമെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. പൗരോഹിത്യ സ്വീകരണത്തിനുശേഷം അസി. നോവിസ് മാസ്റ്റർ, മൈനർ സെമിനാരി റെക്ടർ, ഇടവക വികാരി, സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ച ഫാ. മാത്യു 2005-ൽ ഉപരിപഠനത്തിനായി റോമിലേക്കുപോയി. റോമിലെ അഞ്ചേലിക്കം യൂണിവേഴ്സിറ്റിയിൽനിന്നു തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം ആലുവ ലിറ്റിൽ ഫ്ളവർ മേജർ സെമിനാരിയിൽ അധ്യാപകനായി നിയമിതനായി.

തുടർന്നു ജർമനിയിലെ റേഗൻസ്ബുർഗ് രൂപതയിൽ അജപാലന ശുശ്രൂഷചെയ്തു. 2015 മുതൽ 2018വരെ പഞ്ചാബ്- രാജസ്ഥാൻ ക്രിസ്തുജയന്തി പ്രോവിൻസിന്റെ പ്രോവിൻഷ്യാളായി സേവനമനുഷ്ഠിച്ചു. 2018-ൽ ആലുവ ലിറ്റിൽ ഫ്ളവർ മേജർ സെമിനാരിയുടെ റെക്ടറായി ശുശ്രൂഷ നിർവഹിച്ചുവരവേയാണു ഗോരഖ്പൂർ രൂപതയുടെ വൈദികമേലദ്ധ്യക്ഷനാകാനുള്ള നിയോഗം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ജർമൻ, ഇറ്റാലിയൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ട്.

More Archives >>

Page 1 of 875