News

ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു കുടുംബം മുഴുവന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക്; ചരിത്രത്തിലെ അസാധാരണ സംഭവത്തിന് വേദിയാകാന്‍ പോളണ്ട്

പ്രവാചകശബ്ദം 06-09-2023 - Wednesday

വാര്‍സോ: പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് എട്ടോളം യഹൂദരെ ഒളിപ്പിച്ചതിന് നാസികള്‍ അരുംകൊല ചെയ്ത ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു കുടുംബം മുഴുവന്‍ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന അസാധാരണമായ സംഭവത്തിന് വേദിയാകാന്‍ പോളണ്ട്. 1944ൽ ദാരുണമായി കൊല ചെയ്യപ്പെട്ട ഉൽമ കുടുംബത്തെ, ഈ വരുന്ന സെപ്റ്റംബർ 10 ഞായറാഴ്ചയാണ് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. കൊല ചെയ്യപ്പെടുമ്പോൾ അമ്മയുടെ ഉദരത്തിൽ ഉണ്ടായിരുന്ന ശിശു ഉൾപ്പെടെ ഒരു കുടുംബം മുഴുവന്‍ ഒരുമിച്ച് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത് അത്യഅസാധാരണമാണ്.

പോളണ്ടിലെ തങ്ങളുടെ ഭവനത്തിൽ നാസികളുടെ അക്രമങ്ങളിൽ നിന്ന് ഒരു യഹൂദ കുടുംബത്തെ രഹസ്യമായി ഒളിപ്പിച്ചതിന് നാസികളാൽ കൊല്ലപ്പെട്ടവരാണ് യോസേഫും, വിക്ടോറിയ ഉൽമയും, അവരുടെ ഏഴ് മക്കളും. കൊല്ലപ്പെടുമ്പോള്‍ വിക്ടോറിയയുടെ ഉദരത്തില്‍ ഒരു കുഞ്ഞുണ്ടായിരിന്നു. വായനയിലും ഫോട്ടോഗ്രാഫിയിലും ഏറെ താത്പര്യം കാണിച്ചിരിന്ന ജോസഫ് ഉൽമ ഒരു കർഷകനായിരുന്നു. കാത്തലിക് മെൻസ് യൂത്ത് അസോസിയേഷനിൽ സജീവ അംഗം കൂടിയായിരിന്നു അദ്ദേഹം.

ആറാം വയസ്സിൽ അമ്മയെയും 22-ാം വയസ്സിൽ പിതാവിനെയും നഷ്ടപ്പെട്ട വിക്ടോറിയ ഉൽമ വിവാഹത്തിന് മുമ്പ് ഗ്രാമീണ നാടകങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇരുവരും വിവാഹമെന്ന കൂദാശയിലൂടെ ഒന്നായി മാതൃകാപരമായി ജീവിച്ചിരിന്ന കാലയളവിലാണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെടുന്നത്. ഇവരുടെ അയൽക്കാരായ യഹൂദര്‍ ഉറ്റ സുഹൃത്തുക്കള്‍ കൂടിയായിരിന്നു.

1942 ജൂലൈ അവസാനത്തോടെയാണ് ജർമ്മനി അധിനിവേശ പോളണ്ടിലെ എല്ലാ യഹൂദരെയും കൊലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ "റെയ്ൻഹാർഡ്"നു നാസി ഭരണകൂടം ഉത്തരവിടുന്നത്. ഉൽമ കുടുംബം സ്ഥിതി ചെയ്യുന്ന മർക്കോവ പ്രദേശത്തും ഉത്തരവിന്റെ പ്രകമ്പനം ഉണ്ടായി തുടങ്ങി. മാർക്കോവ പ്രദേശത്തെ ഏകദേശം 120 യഹൂദരെ ലേബർ ക്യാമ്പിലേക്കും കോണ്‍സന്‍സ്ട്രേഷന്‍ ക്യാമ്പിലേക്കും കടത്തി. 1942 ഡിസംബർ 14-ന് ഒളിച്ചിരുന്ന 54 യഹൂദരെ കണ്ടെത്തി വെടിവെച്ചു കൊന്നു. ജീവന്‍ ഭയന്നു ഉൽമ കുടുംബത്തിൽ അഭയം കണ്ടെത്തിയ എട്ട് പേർ ഉൾപ്പെടെ 29 യഹൂദര്‍ മാർക്കോവയിൽ ഒളിവു ജീവിതം തുടര്‍ന്നു. ഇതില്‍ കുഞ്ഞുങ്ങളുമുണ്ടായിരിന്നു.

1944 മാര്‍ച്ച് 24ന് നാസി സംഘം പോളണ്ടിലെ പ്രാന്തപ്രദേശമായ മർക്കോവയില്‍ അവരുടെ വീടു വളയുകയും ഉൽമാ കുടുംബത്തിന്റെ കൃഷിയിടത്തിൽ രഹസ്യമായി പാര്‍പ്പിച്ചിരിന്ന എട്ട് പേര്‍ അടങ്ങുന്ന യഹൂദ കുടുംബത്തെ കണ്ടെത്തുകയുമായിരുന്നു. ഉടനെ തന്നെ അവരെ വധിച്ച ശേഷം നാസി പട്ടാളം ഏഴ് മാസം ഗർഭിണിയായിരുന്ന വിക്റ്റോറിയയെയും യോസെഫിനെയും ക്രൂരമായി കൊലപ്പെടുത്തി. മാതാപിതാക്കളുടെ ദാരുണ അന്ത്യത്തില്‍ വിറങ്ങലിച്ചു നിന്ന കുട്ടികള്‍ മുറവിളിയിടാൻ തുടങ്ങിയതോടെ നാസികളുടെ അടുത്ത ലക്ഷ്യം ഈ കുഞ്ഞുങ്ങളായിരിന്നു. സ്റ്റാനിസ്ലാവ (8), ബാർബര (7), വ്ലാഡിസ്ലാവ് (6), ഫ്രാൻസിസെസ്ക് (4) ആൻതോണി (3), മരിയ (2) എന്നീ കുഞ്ഞുങ്ങളെയും നാസി പടയാളികള്‍ ക്രൂരമായി വെടിവച്ചു കൊലപ്പെടുത്തി.

നീണ്ട പഠനങ്ങള്‍ക്കും നാമകരണ നടപടികളും പൂര്‍ത്തിയാക്കി നാമകരണത്തിനായുള്ള തിരുസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് 2022 ഡിസംബറിൽ ഒപ്പുവച്ച ഉത്തരവിലൂടെ ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്‍കുകയായിരിന്നു. ആധുനിക സഭയില്‍ നടക്കുന്ന നാമകരണ നടപടികളിൽ ഇതുവരെ കാണാത്ത ഒന്നാണ് സെപ്റ്റംബർ 10ന് മർക്കോവയില്‍ നടക്കുന്ന വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനമെന്ന് നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ സെമരാറോ പറഞ്ഞു.

യേശുവിന്റെ ജനനത്തിൽ കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ബൈബിളിൽ വിവരിക്കുന്ന സംഭവം പോലെയാണ് കുഞ്ഞുങ്ങളുടെ മരണമെന്നും ഇരുൾ പരത്തുന്ന കാലത്തിൽ ഉൽമ കുടുംബത്തിന്റെ സ്നേഹത്തിന്റെയും, അനുകമ്പയുടേയും ത്യാഗത്തിന്റെയും പാരമ്പര്യമാണ് തുറന്നു കാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഞായാറാഴ്ച നടക്കുന്ന നാമകരണ ചടങ്ങില്‍ പങ്കെടുക്കുവാന്‍ ആയിരങ്ങളാണ് തയാറെടുക്കുന്നത്.

More Archives >>

Page 1 of 879