News

ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ നടത്തിയ ക്രൈസ്തവ വംശഹത്യയെ കുറിച്ചുള്ള യുഎന്‍ അന്വേഷണം പുരോഗമിക്കുന്നു

പ്രവാചകശബ്ദം 04-09-2023 - Monday

ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖില്‍ നടത്തിയ ക്രൈസ്തവ വംശഹത്യയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പങ്കുവെച്ച് യു‌എന്‍ ഏജന്‍സി യുണിറ്റാഡ്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശകാലത്ത് ഐസിസ് തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ നടത്തിയ വംശഹത്യയെ കുറിച്ച് നടക്കുന്ന അന്വേഷണ വിവരങ്ങളും കണ്ടെത്തലുകളും എടുത്തുക്കാട്ടിക്കൊണ്ട് ഐക്യരാഷ്ട്ര സഭ കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ ഇര്‍ബിലിലാണ് കോണ്‍ഫറന്‍സ് നടത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 1ന് നടന്ന കോണ്‍ഫറന്‍സില്‍ കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും, പ്രതിനിധികള്‍ക്കും പുറമേ മുപ്പതോളം ക്രിസ്ത്യന്‍ നേതാക്കളും പങ്കെടുത്തു.

രാജ്യത്തെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ വംശഹത്യയേക്കുറിച്ച് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ കുറിച്ച് യുണിറ്റാഡ് സ്പെഷ്യല്‍ ഉപദേശകനായ റിറ്റ്ഷര്‍ വിവരിച്ചു. മനുഷ്വത്വമില്ലായ്മയിലും, വിദ്വേഷത്തിലും വേരൂന്നിയ ക്രൂരമായ പ്രവര്‍ത്തികള്‍ വഴി മൊസൂള്‍, നിനവേ മേഖലകളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളേയും ആശ്രമങ്ങളേയും സെമിത്തേരികളേയും ലക്ഷ്യം വെച്ച തീവ്രവാദികള്‍ മേഖലയുടെ ക്രിസ്ത്യന്‍ സാംസ്കാരിക പാരമ്പര്യത്തേ തകര്‍ത്തുവെന്ന്‍ റിറ്റ്ഷര്‍ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികള്‍ ഈ മേഖലയിലെ തദ്ദേശീയരാണെന്നും അവര്‍ മേഖലയില്‍ അന്തസ്സോടും, സുരക്ഷയോടും കൂടെ തുടരുമെന്നും കുര്‍ദ്ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാരിന്റെ വിദേശകാര്യ വിഭാഗം തലവനായ സഫീന്‍ ദിയാസി പറഞ്ഞു.

ക്രൈസ്തവര്‍ക്കെതിരെ നടന്ന അടിച്ചമര്‍ത്തലിനെക്കുറിച്ചും, ശേഷിക്കുന്ന രണ്ട് ലക്ഷത്തോളം ക്രൈസ്തവര്‍ ഇപ്പോള്‍ കുര്‍ദ്ദിസ്ഥാനില്‍ അഭയം തേടിയതിനെക്കുറിച്ചുമാണ് റിപ്പോര്‍ട്ടെന്ന് കുര്‍ദ്ദിസ്ഥാന്‍ പ്രാദേശിക സര്‍ക്കാരിന്റെ ഇന്റര്‍നാഷണല്‍ അഡ്വോക്കസി കോ-ഓര്‍ഡിനേറ്ററായ ഡിന്‍ഡര്‍ സെബാരി വിവരിച്ചു. തീവ്രവാദികളുടെ അധിനിവേശത്തെ തുടര്‍ന്നു 2003, 2006, 2009 എന്നീ വര്‍ഷങ്ങളില്‍ ഇറാഖി ക്രൈസ്തവര്‍ വിവിധ ഘട്ടങ്ങളിലായി പല സ്ഥലങ്ങളിലേക്കായി പലായനം ചെയ്യുകയായിരുന്നു. 2014-ലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ വരവോടെ ഈ പലായനം ശക്തമായി. നൂറുകണക്കിന് കുടുംബങ്ങളാണ് അഭയം തേടി കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ എത്തിയത്.

More Archives >>

Page 1 of 878