News

മംഗോളിയയിലെ കന്യകാമറിയത്തിന്റെ 'അജ്ഞാത ശില്പ'ത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 03-09-2023 - Sunday

ഉലാന്‍ബാറ്റര്‍: മംഗോളിയയിൽ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിനിടയിൽ മാലിന്യത്തിൽ നിന്ന് കണ്ടെടുത്ത പ്രസിദ്ധമായ പരിശുദ്ധ കന്യകാമറിയത്തിന്റെ ശില്പത്തിന് ആദരമർപ്പിച്ച് ഫ്രാൻസിസ് പാപ്പ. 8 ഇടവക ദേവാലയങ്ങൾ മാത്രമുള്ള രാജ്യത്തെ കത്തോലിക്ക വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഇന്നലെ സെപ്റ്റംബർ രണ്ടാം തീയതി മാലിന്യത്തിൽ നിന്നും രൂപം കണ്ടെത്തിയ സെറ്റ്സെജി എന്ന സ്ത്രീയെ പാപ്പ നേരിട്ട് കണ്ടു. "സ്വർഗ്ഗീയ അമ്മ" എന്നാണ് രൂപത്തെ ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിച്ചത്. ഇത് കത്തീഡ്രൽ ദേവാലയത്തിലാണ് വണക്കത്തിനുവെച്ചിരിക്കുന്നത്.

വടക്കൻ മംഗോളിയയിലെ ഡാർഖൻ എന്ന വിദൂര ഗ്രാമത്തില്‍ കഴിയുകയായിരിന്ന മംഗോളിയൻ സ്ത്രീയായ സെറ്റ്സെജി മാലിന്യക്കൂനകൾക്കിടയിൽ തിരച്ചില്‍ നടത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തുണിയിൽ പൊതിഞ്ഞ വലിയൊരു ഭാണ്ഡക്കെട്ട് കണ്ടെത്തുന്നത്. തന്റെ കുടിലിലെത്തി ഭാണ്ഡക്കെട്ടഴിച്ചപ്പോള്‍ കണ്ടെത്തിയത് തടിയിൽ കൊത്തിയെടുത്ത ഒരു സ്ത്രീരൂപമായിരുന്നു. അതിനുള്ളിൽ അതെന്താണെന്നോ ആരാണെന്നോ ആ നാടോടി സ്ത്രീക്ക് മനസിലായിരിന്നില്ല.

എങ്കിലും അവള്‍ തന്റെ കുടിലില്‍ സൂക്ഷിച്ചു. പരിശുദ്ധ കന്യകാമറിയത്തിന്റേതായിരുന്നു തടിയിൽ കൊത്തിയെടുത്തായിരിന്നു ആ രൂപം. മംഗോളിയയുടെ വടക്കൻ പ്രവിശ്യയിലുൾപ്പെടുന്ന ദർഖാനിൽ അക്കാലത്ത് ക്രൈസ്തവരുടെ സാന്നിദ്ധ്യം പേരിനുപോലുമില്ലായിരുന്നു. ഈ രൂപം കണ്ടെത്തി ഏതാനും വർഷങ്ങൾക്കു ശേഷമാണ് പ്രദേശത്തേക്കു ആദ്യമായി സലേഷ്യൻ മിഷ്ണറിമാരെത്തിയതെന്നതും ശ്രദ്ധേയമാണ്.

2013ൽ ഒരു സലേഷ്യൻ കന്യാസ്ത്രീ വളരെ അവിചാരിതമായി ഈ തിരുരൂപം സെറ്റ്സെജിയുടെ കുടിലിൽ കണ്ടെത്തി. പിന്നീടത് ദർഖാനിലുള്ള ഒരു ചെറിയ ദേവാലയത്തിലേക്കും വൈകാതെ മംഗോളിയൻ തലസ്ഥാനമായ ഉലാൻബത്താറിലും എത്തിച്ചു. കത്തോലിക്ക സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായ ജിയോർജിയോ മറേൻഗോ 2022 സെപ്റ്റംബർ എട്ടാം തീയതി അമലോൽഭവ മാതാവിന്റെ തിരുനാൾ ദിവസം അവിടെ വിശുദ്ധ പത്രോസ് - പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രലിൽ ഈ രൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കുകയായിരുന്നു.

മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയ ദൈവമാതാവിന്റെ രൂപം എവിടെ നിന്നാണ് വന്നതെന്ന് ഇന്നും ആർക്കും അറിയില്ല എന്നതാണ് കൗതുകകരമായ കാര്യം. ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലത്ത് തന്റെ രൂപം കണ്ടെത്താൻ ഇടയാക്കിയത് വഴി തന്റെ കരുതലിന്റെ സാന്നിധ്യം പ്രകടമാക്കാൻ കന്യകാമറിയം ആഗ്രഹിച്ചുവന്നു ഫ്രാൻസിസ് മാർപാപ്പ ഇന്നലെ പറഞ്ഞു. സംഭവക്കഥ തന്നെ സന്തോഷവാനാക്കിയെന്നും കളങ്കം ഏറ്റിട്ടില്ലാത്ത പരിശുദ്ധ കന്യകാമറിയത്തിന് നമ്മോടൊപ്പം സമൂഹത്തിന്റെ ശൂന്യതയിലേ മാലിന്യങ്ങളിൽ നിന്ന് ദൈവപുത്രന്റെ പരിശുദ്ധി തെളിഞ്ഞു കാണുവാനായി കടന്നു വരാൻ ആഗ്രഹം ഉണ്ടെന്ന് പാപ്പ കൂട്ടിച്ചേർത്തു.

More Archives >>

Page 1 of 878