News - 2025
അർജന്റീനയിൽ ചാപ്പലിന് നേരെയുള്ള ആക്രമണത്തില്‍ പാപ പരിഹാര പ്രാര്‍ത്ഥനക്ക് ആഹ്വാനവുമായി ബിഷപ്പ്
പ്രവാചകശബ്ദം 04-09-2023 - Monday
ബ്യൂണസ് അയേഴ്സ്: ലാറ്റിൻ അമേരിക്കൻ രാജ്യമായ അർജന്റീനയിലെ ഗുവാലിഗുവേച്ചു രൂപതയിൽ സ്ഥിതി ചെയ്യുന്ന ചാപ്പൽ ആക്രമിക്കപ്പെട്ടതിന് പിന്നാലെ പാപ പരിഹാര പ്രാര്‍ത്ഥനക്ക് ആഹ്വാനവുമായി ബിഷപ്പ്. ഇക്കഴിഞ്ഞ ബുധനാഴ്ച ഏതാനും വ്യക്തികൾ ചാപ്പലിൽ കടന്നു കയറി സാധനങ്ങൾ നശിപ്പിക്കുകയും, വിശുദ്ധ കുർബാനയ്ക്കു വേണ്ടി ഉപയോഗിച്ചിരുന്ന പുസ്തകങ്ങൾക്ക് തീവയ്ക്കുകയുമായിരുന്നു. കൂടാതെ പരിശുദ്ധ ദൈവമാതാവിന്റെ രൂപവും നശിപ്പിച്ചിട്ടുണ്ട്. ലറോക്കു നഗരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യസഹായ മാതാവിന്റെ നാമധേയത്തിലുള്ള ഔർ ലേഡി ഓഫ് ദ വാലി എന്ന പേരിലുള്ള ഇടവക ചാപ്പലാണ് അക്രമിക്കപ്പെട്ടത്.
ഒരു വസ്തുപോലും മോഷണം പോയിട്ടില്ല. തയാറെടുപ്പോടെയാണ് അക്രമികൾ എത്തിയതെന്ന് ഇടവകയുടെ ചുമതലയുള്ള ഫാ. കാർലോസ് സ്റ്റാഡ്ലർ പറഞ്ഞു. കത്തിക്കാനുള്ള ദ്രാവകം അവരുടെ കയ്യിൽ ഉണ്ടായിരുന്നു. ഇത് വിശ്വാസത്തെ ലക്ഷ്യംവെച്ച് നടന്ന അക്രമമായാണ് അദ്ദേഹം കണക്കാക്കുന്നത്. അക്രമം നടത്തിയവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുവാനും ആഹ്വാനമുണ്ട്. 'ഔർ ലേഡി ഓഫ ദ വാലി' ചാപ്പൽ പ്രദേശത്തുള്ള വിശ്വാസികളുടെ ആശ്രയകേന്ദ്രവും, എല്ലാവർഷവും ആയിരങ്ങള്‍ തീർത്ഥാടനം നടത്തുന്ന ആരാധനാലയവുമാണ്.
ചാപ്പൽ നശിപ്പിച്ച പ്രവർത്തി ക്രിമിനൽ കുറ്റമാണെന്ന് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഹെക്ടർ സോർദാൻ ഫേസ്ബുക്കില്‍ കുറിച്ചു. മോഷണമല്ല, മറിച്ച് വിശുദ്ധ സ്ഥലവും, അതിലെ വസ്തുക്കളും അശുദ്ധമാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സംഭവത്തെ അപലപിച്ച ബിഷപ്പ് സോർദാൻ, ചാപ്പലുമായി ബന്ധപ്പെട്ടവരുടെയും, ഇടവക ജനത്തിന്റെയും വേദനയിൽ പങ്കുചേരുന്നതായും പറഞ്ഞു. ചാപ്പൽ നശിപ്പിച്ചതിൽ പാപപരിഹാര കർമ്മങ്ങൾക്ക് ബിഷപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.