News

മംഗോളിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമിലേക്ക് മടങ്ങി

പ്രവാചകശബ്ദം 04-09-2023 - Monday

വത്തിക്കാന്‍ സിറ്റി: നാലു ദിവസം നീണ്ട അപ്പസ്തോലിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ മംഗോളിയയില്‍ നിന്നു റോമിലേക്ക് മടങ്ങി. ഇന്നു രാവിലെ അപ്പസ്തോലിക കാര്യാലയത്തില്‍ രാവിലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തന്റെ സന്ദർശനത്തിലുടനീളം പരിശുദ്ധ പിതാവിനെ അനുഗമിച്ച ഉദ്യോഗസ്ഥർക്കും അപ്പസ്‌തോലിക് പ്രീഫെക്റ്റ് കർദ്ദിനാൾ ജോർജിയോ മാരെംഗോയ്ക്കും നന്ദി രേഖപ്പെടുത്തിയതിന് ശേഷമാണ് പാപ്പ സമാപന ദിനത്തിലെ പര്യടനം ആരംഭിച്ചത്. കർദ്ദിനാൾ ജോർജിയോക്കു പാപ്പ, സ്വര്‍ണ്ണ നിറമുള്ള കാസ സമ്മാനിച്ചു.

ഭവനരഹിതർക്കും ഗാർഹിക പീഡനത്തിന് ഇരയായവർക്കും താൽക്കാലിക അഭയം നൽകുന്നതിനായി സമർപ്പിച്ചിരിക്കുന്ന "കരുണയുടെ ഭവനം" എന്ന ആലയം പാപ്പ ആശീർവദിച്ചു. ഇതിന് പിന്നാലെ പാപ്പ ചെങ്കിസ് ഖാൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയി. രാജ്യത്തിന്റെ ഔദ്യോഗിക യാത്രയയപ്പ് ഏറ്റുവാങ്ങിയ ശേഷം ഉച്ചയ്ക്ക് 12:03നാണ് (മംഗോളിയൻ സമയം) പാപ്പയും സംഘവും വത്തിക്കാനിലേക്ക് മടങ്ങിയത്. റഷ്യയുടെയും ചൈനയുടെയും അതിർത്തിയിലുള്ള ഏഷ്യന്‍ രാജ്യമായ മംഗോളിയ സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെയാണ് പാപ്പയുടെ മടക്കമെന്നത് ശ്രദ്ധേയമാണ്.

വിമാനം പറന്നുയർന്നതിനുശേഷം ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും അഗാധമായ നന്ദിയര്‍പ്പിക്കുകയാണെന്ന ടെലഗ്രാം സന്ദേശം മംഗോളിയൻ പ്രസിഡന്റ് ഖുറേൽ സൂഖ് ഉഖ്‌നക്കു പാപ്പ അയച്ചിരിന്നു. രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും സമൃദ്ധിക്കും വേണ്ടി തന്റെ തുടർച്ചയായ പ്രാർത്ഥനകൾ ഉറപ്പുനൽകുകയാണെന്നും ഫ്രാന്‍സിസ് പാപ്പ സന്ദേശത്തില്‍ കുറിച്ചു. 11 മണിക്കൂർ യാത്രയ്ക്കു ശേഷം, മാർപാപ്പയും മാധ്യമപ്രവർത്തകരും ഉള്‍പ്പെടുന്ന വിമാനം, റോം സമയം വൈകുന്നേരം 5:20 ന് റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തിൽ എത്തിച്ചേരും.

More Archives >>

Page 1 of 878