News

'കുരുക്കഴിക്കുന്ന മാതാവി'നെ ആസ്പദമാക്കി സിനിമ; ചിത്രീകരണത്തിന് മെക്സിക്കോയിൽ തുടക്കം

പ്രവാചകശബ്ദം 05-09-2023 - Tuesday

മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിൽ കുരുക്കഴിക്കുന്ന മാതാവിനെ ആസ്പദമാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഫ്രാൻസിസ്കോ ജാവിയർ പെരസാണ് ചിത്രത്തിന്റെ സംവിധായകൻ. 'മരിയ ഡെസത്താരോ ഡി നുഡോസ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഹോളിവുഡ് കാത്തലിക്ക് ഫിലിംസും, ആവേ മരിയ ഫിലിംസും ചേര്‍ന്ന് നിർമ്മിക്കുന്ന സിനിമയുടെ അണിയറക്ക് പിന്നിലും, മുന്നിലും പിന്തുണയുമായി നിരവധി വൈദികരും രംഗത്തുണ്ട്. ഫ്രാൻസിസ് മാർപാപ്പ ഏറ്റവും പ്രാധാന്യം നല്‍കുന്ന മരിയന്‍ വണക്കം കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തിയാണെന്ന് 'എസിഐ പ്രൻസാ' എന്ന മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ ആവേ മരിയ ഫിലിംസിന്റെ സ്ഥാപകൻ ഗാബി ജക്കോബാ പറഞ്ഞു.

ജർമ്മനിയിൽ പതിനേഴാം നൂറ്റാണ്ടിൽ രണ്ട് ദമ്പതിമാരുടെ വിവാഹ പ്രശ്നവുമായി ബന്ധപ്പെട്ട് എപ്രകാരമാണ് ഈ മരിയ ഭക്തി ആരംഭിച്ചുവെന്ന് ചിത്രം പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുമെന്ന് ഗാബി കൂട്ടിച്ചേര്‍ത്തു. ചിത്രത്തിനുവേണ്ടി നിരവധി കൂട്ടായ്മകളും, സമൂഹങ്ങളും അടക്കം പ്രാർത്ഥിക്കുന്നതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. പരിശുദ്ധ കന്യകാമറിയത്തോടൊപ്പം കൈപിടിച്ച് കുടുംബങ്ങളെയും വിവാഹങ്ങളെയും രക്ഷിക്കുക എന്നതാണ് ചിത്രത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ജക്കോബാ പറയുന്നു. ചിത്രത്തിൻറെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു.

കുരുക്കഴിക്കുന്ന മാതാവിന്റെ പിന്നിലുള്ള ചരിത്രം | ഫാ. ജെയ്‌സൺ കുന്നേൽ എംസിബിഎസ് ‍

ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augsburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, Untier of Knots). ഫ്രാൻസീസ് പാപ്പ ജർമ്മനിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരിക്കെ ഈ ചിത്രം കാണുകയും പിന്നിടു മെത്രാനായപ്പോൾ ലാറ്റിൻ അമേരിക്കയിൽ കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. വോൾഫ്ഗാങ്ങ് ലാംഗെൻമാന്റൽ (1568-1637) എന്ന ഒരു ജർമ്മൻകാരൻ്റെ ജീവിതകഥയുമായി കൂട്ടുപിടഞ്ഞു കിടക്കുന്നതാണ് കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ. വോൾഫ്ഗാങ്ങും ഭാര്യ സോഫിയും മാതൃകപരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരായിരുന്നു.

1612 ആയപ്പോഴേക്കും ആ ദാമ്പത്യ ബന്ധത്തിൽ ചില വിള്ളലുകൾ വീഴാൻ തുടങ്ങി. ഒരു വേള വിവാഹമോചനത്തിന്റെ വക്കുവരെ എത്തി. ദാമ്പത്യം സംരക്ഷിക്കാനായി വോൾഫ്ഗാങ്ങ് ഔഗ്സ്ബുർഗിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള ഇംഗോൾസ്റ്റാഡ് സർവ്വകലാശാലയിലെ അധ്യാപകനായിരുന്ന ഈശോസഭാ വൈദീകൻ ഫാ. ജേക്കബ് റേമിനെ സന്ദർശിക്കാൻ തീരുമാനിച്ചു.

തീക്ഷ്ണമതിയായ വോൾഫ്ഗാങ്ങ് 28 ദിവസത്തിനിടയിൽ നാല് തവണ ഫാ. റേമിനെ സന്ദർശിക്കുകയും വിശുദ്ധനായ ആ വൈദീകനിൽ നിന്നു ഉപദേശം സ്വീകരിക്കുകയും ചെയ്തു. മാതൃഭക്തനായിരുന്ന റേമച്ചൻ ജ്ഞാനത്തിലും അസാധാരണമായ ബുദ്ധി വൈഭവത്തിലും പ്രശസ്തനായിരുന്നു. ഒരിക്കൽ പരിശുദ്ധ മറിയത്തിൻ്റെ പ്രത്യക്ഷീകരണം റേമച്ചൻ അനുഭവിച്ചതായി പറയപ്പെടുന്നു. ഈ ദർശനത്തിൽ “അമ്മ മൂന്നു പ്രാവശ്യം സ്‌തുത്യര്‍ഹവതി” Mother Thrice Admirable” എന്ന വാചകം പ്രത്യക്ഷപ്പെട്ടു എന്നു രേഖപ്പെടുത്തിയിരിക്കുന്നു.

ഓരോ തവണ കാണുമ്പോഴും വോൾഫ്ഗാംങ്ങു ഫാ. റേമും കന്യാമറിയത്തിൻ്റെ മുമ്പിൽപ്പോയി പ്രാർത്ഥിക്കുക പതിവായിരുന്നു. അവരുടെ കൂടിക്കാഴ്ചയുടെ അവസാന ദിനം കൃത്യമായി പറഞ്ഞാൽ 1615 സെപ്റ്റംബർ 28-ന് റേമച്ചൻ ആശ്രമ ചാപ്പലിൽ മഞ്ഞു മാതാവിൻ്റെ ചിത്രത്തിനു മുമ്പിൽ പ്രാർത്ഥിക്കുകയായിരുന്നു.

രണ്ടുപേരും പരസ്പരം കണ്ടപ്പോൾ വോൾഫ്ഗാങ്ങ് തന്റെ വിവാഹ റിബൺ റേമച്ചനു നൽകി. പ്രാർത്ഥനയോടെ ആ വന്ദ്യ വൈദീകൻ വിവാഹ റിബൺ മാതൃസന്നിധിയിലേക്കു ഉയർത്തി, അത്ഭുതമെന്നു പറയട്ടെ റിബണിന്റെ കെട്ടുകൾ ഓരോന്നായി സ്വയം അഴിഞ്ഞു, അതിൻ്റെ നിറം വെളുത്തതായി. ഈ സംഭവത്തിനു ശേഷം വോൾഫ്ഗാങ്ങും സോഫിയയും തങ്ങളുടെ വിവാഹമോചനം തീരുമാനം ഉപേക്ഷിക്കുകയും വിശ്വസ്ത ദമ്പതികളായി തുടരുമെന്നു മാതൃസന്നിധിയിൽ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

വർഷങ്ങൾ കടന്നു പോയി വോൾഫ്ഗാങ്ങിൻ്റെ കൊച്ചുമകൻ ഹിരോണിമസ് അംബ്രോസിയസ് ലാംഗെൻമാന്റൽ (1666-1709 ) വൈദീകനും കാനൻ നിയമ പണ്ഡിതനുമായി. 1700 ൻ്റെ ആദ്യ വർഷങ്ങളിൽ ഔഗ്സ്ബർഗിലെ ആം പെർലാഹിലുള്ള വിശുദ്ധ പത്രോസിൻ്റെ പള്ളിക്ക് ഒരു ബലിപീഠം ദാനം ചെയ്യാൻ ഹിരോണിമസച്ചൻ്റെ കുടുംബം തീരുമാനിച്ചു. അത്തരം സംഭാവനകൾ അക്കാലത്ത് ഒരു സാധാരണ പാരമ്പര്യമായിരുന്നു. ബലിപീഠം “സത് ഉപദേശത്തിൻ്റെ മാതാവിനു” സമർപ്പിക്കകപ്പെട്ടതായിരുന്നു.

ബലിപീഠത്തിൽ ചിത്രരചന നടത്താൻ നിയോഗിച്ചത് ജോഹാൻ മെൽച്ചിയർ ജോർജ്ജ് ഷ്മിറ്റഡനർ (Johann Melchior Georg Schmittdner എന്ന ചിത്രകാരനെയാണ്. വോൾഫ്ഗാങ്ങ്, സോഫി, ഫാ. റേമം എന്നിവരുടെ ജീവിതകഥയെ അടിസ്ഥാനമാക്കിയാണ് ജോഹാൻ പെയിന്റിംഗ് നടത്തിയത്. അതിനാലാണു, വിവാഹജീവിതത്തിന്റെ റിബണിന്റെ കെട്ടുകൾ അഴിക്കുന്ന കന്യാമറിയത്തെ കോ ജോഹാൻ ചിത്രീകരിച്ചിരിക്കുന്നത്. അമലോത്ഭവയായ കന്യകാമറിയം സർപ്പത്തെ തൻ്റെ പാദങ്ങൾക്കടിയിൽ ചതച്ചുകൊല്ലുന്നു.

പാപത്തിൻ്റെ കണിക പോലും ഏൽക്കാത്ത മറിയമാണ് സാത്താനെതിരായുള്ള പോരാട്ടത്തിലെ ശാശ്വത എതിരാളി. ചിത്രത്തിലെ പ്രാവ് മറിയം പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ് എന്നതിൻ്റെ സൂചനയാണ്. അമ്മയെ സഹായിക്കാൻ ദൂതന്മാരുണ്ട്, ഒരാൾ നമ്മുടെ ജീവിതത്തിന്റെ കെട്ടുകൾ അടങ്ങിയ റിബൺ മറിയത്തിനു സമർപ്പിക്കുമ്പോൾ, മറ്റൊരു മാലാഖ കെട്ടുകളഴിച്ച റിബൺ മറിയത്തിൽ നിന്നു സ്വീകരിക്കുന്നു. ചിത്രത്തിനടിയിലായി ആകുലനായ വോൾഫ്ഗാങ്ങിനെ മുഖ്യദൂതനായ റാഫേൽ സന്യാസാശ്രമത്തിലേക്കു നയിക്കുന്നതിനെ ചിത്രീകരിച്ചിരിക്കുന്നു.

കാലക്രമേണ, ലാംഗെൻമാന്റൽ കുടുംബത്തിന്റെ കഥ ആളുകൾ മറന്നു തുടങ്ങിയെങ്കിലും ഔഗ്സ്ബർഗിലെ ആം പെർലാഹിലുള്ള വി. പത്രോസിൻ്റെ ദൈവാലയത്തിൽ കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രം പ്രതിഷ്ഠിച്ചിരിക്കുന്നു. . കുറച്ച് വർഷങ്ങൾ അതേ നഗരത്തിലെ കർമ്മലീത്താ മഠത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ സ്ഥാനം യുദ്ധങ്ങളും വിപ്ലവങ്ങളും അതിജീവിച്ച ഈ മാതൃചിത്രം ഇന്നും അനേകരുടെ അഭയമാണ്. ദാമ്പത്യ ജീവിതത്തിൻ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ പ്രത്യേക മധ്യസ്ഥയാണ് കുരുക്കഴിക്കുന്ന മാതാവ്.

More Archives >>

Page 1 of 879