News - 2025

മോൺ. ജോർജ് പനന്തുണ്ടില്‍ വത്തിക്കാനില്‍ അഭിഷിക്തനായി

പ്രവാചകശബ്ദം 10-09-2023 - Sunday

വത്തിക്കാൻ സിറ്റി: ഖസാഖിസ്ഥാനിലെ വത്തിക്കാൻ സ്ഥാനപതിയായി നിയമിതനായ മലങ്കര കത്തോലിക്ക സഭാ വൈദികൻ മോൺ. ജോർജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്നു. ഇന്നലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്റെ മുഖ്യകാർമികത്വത്തില്‍ നടന്ന ചടങ്ങുകളില്‍ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കൊളംബിയൻ കർദ്ദിനാൾ റൂബൻ സലാസർ ഗോമസും സഹകാർമികരായിരുന്നു. ചടങ്ങുകളിൽ ബിഷപ്പുമാരായ ജ്യോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, തോമസ് മാർ യൗസേബിയോസ്, ഫിലിപ്പോസ് മാർ സ്തെഫാനോസ്, ഏബ്രഹാം മാർ ജൂലിയോസ് എന്നിവർ പങ്കെടുത്തു.

മോൺ. ജോർജിനോപ്പം ഐവറികോസ്റ്റിലെ പുതിയ സ്ഥാനപതി കൊളംബിയ സ്വദേശി മോൺ. മൗറീസിയോ റൂവേഡയും മെത്രാഭിഷേകം സ്വീകരിച്ചു. ലത്തീൻ ക്രമത്തിൽ നടന്ന വിശുദ്ധ കുർബാനമധ്യേ കർദിനാൾ പരോളിനും സഹകാർമികരായ കർദ്ദിനാൾ ക്ലീമിസ് ബാവായും, കർദ്ദിനാൾ റൂബിൻ സലാസറും നിയുക്ത ആർച്ച് ബിഷപ്പുമാരുടെ ശിരസിൽ കൈകൾ വച്ചു. തുടർന്ന് പോൾ ആറാമൻ ഹാളിൽ നിയുക്ത ആർച്ച്ബിഷപ്പുമാർക്ക് സ്വീകരണം നൽകി.

ഇന്ന് രാവിലെ പുതിയ സ്ഥാനപതിമാരും കുടുംബാംഗങ്ങളും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. മോൺ. ജോർജ് ഇപ്പോൾ പ്രവർത്തിക്കുന്ന സൈപ്രസിലെ വത്തിക്കാൻ അംബാസഡർ അദ്ദേഹത്തിന് ഔദ്യോഗികമായ വിരുന്ന് ഒരുക്കിയിട്ടുണ്ട്. പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി മലങ്കര സഭ വൈദികന്‍ ഉയര്‍ത്തപ്പെടുന്നത് ഇതാദ്യമായാണെന്നും ഏവരും സഭാമക്കളോടൊപ്പം സന്തോഷിക്കുകയാണെന്നും ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

More Archives >>

Page 1 of 881