News - 2025
മെക്സിക്കന്‍ അഭിനേതാവും അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ വെരാസ്റ്റെഗൂയി മെക്സിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്
പ്രവാചകശബ്ദം 13-09-2023 - Wednesday
മെക്സിക്കോ സിറ്റി: മെക്സിക്കന്‍ അഭിനേതാവും, നിര്‍മ്മാതാവും, അടിയുറച്ച കത്തോലിക്ക വിശ്വാസിയുമായ എഡ്വാര്‍ഡോ വെരാസ്റ്റെഗൂയി അടുത്ത വര്‍ഷം നടക്കുവാനിരിക്കുന്ന മെക്സിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 7-ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് വെരാസ്റ്റെഗൂയി നാമനിര്‍ദ്ദേശം നല്‍കിയത്. സമൂഹ മാധ്യമങ്ങളിലൂടെ ജപമാല ചൊല്ലിയും ക്രിസ്തു വിശ്വാസം പരസ്യമായും പ്രഘോഷിച്ചും ഏറെ ശ്രദ്ധേയനായ വെരാസ്റ്റെഗൂയി നിര്‍മ്മിച്ച “സൌണ്ട് ഓഫ് ഫ്രീഡം” എന്ന സിനിമ ലാറ്റിന്‍ അമേരിക്കന്‍ ബോക്സോഫീസില്‍ മെഗാഹിറ്റായിരിന്നു.
മെക്സിക്കോയിലെ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് നാഷ്ണല്‍ ഇലക്ടറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.എന്‍.ഇ) ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് വരുന്ന 120 ദിവസങ്ങള്‍ക്കുള്ളില്‍ വെരാസ്റ്റെഗൂയിക്ക് മൊത്തം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വോട്ടുകളുടെ ഒരു ശതമാനത്തോളം ഒപ്പുകള്‍ ശേഖരിച്ച് സമര്‍പ്പിക്കേണ്ടതായി വരും. ഏതാണ്ട് പത്തുലക്ഷത്തോളം ഒപ്പുകളാണ് ശേഖരിക്കേണ്ടത്. ഐ.എന്‍.ഇ ഓഫീസില്‍ നാമനിര്‍ദ്ദേശം നല്‍കുന്നതിനായി എത്തിയ വെരാസ്റ്റെഗൂയി, മൊറേന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ക്ലോഡിയ ഷെയിന്‍ബോമും, പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ സോച്ചിറ്റല്‍ ഗാല്‍വെസും ഒരേ പോലെയാണെന്നും, മാറ്റം കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും വെരാസ്റ്റെഗൂയി പറഞ്ഞു. പ്രോലൈഫ്, പ്രോഫാമിലി രാഷ്ട്രീയക്കാരനായ ജുവാന്‍ കാര്‍ലോസ് ലീല്‍ വെരാസ്റ്റെഗൂയിയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
വെരാസ്റ്റെഗൂയിയുടെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും നൂറോ ആയിരമോ അല്ല ലക്ഷങ്ങളുടെ പിന്തുണ തന്നെ അദ്ദേഹത്തിനുണ്ടെന്നാണ് കരുതുന്നതെന്നു എ.സി.ഐ പ്രെന്‍സക്ക് നല്‍കിയ അഭിമുഖത്തില്‍ ലീല്‍ പറഞ്ഞു. സമീപ മാസങ്ങളില്‍ വിവാ മെക്സിക്കോ പ്രസ്ഥാനത്തിലൂടെ വെരാസ്റ്റെഗൂയി തനിക്ക് പിന്തുണ നല്‍കാനും മെക്സിക്കന്‍ ജനതയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമായതിനാല്‍ വെരാസ്റ്റെഗൂയി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തീരുമാനിച്ചത് പ്രതീക്ഷക്ക് വകനല്‍കുകയാണെന്നും ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ വെരാസ്റ്റെഗൂയിയെ പിന്തുണക്കണമെന്നും യൂത്ത് ആന്‍ഡ് ലൈഫ് പ്രസ്ഥാനത്തിന്റെ സഹസ്ഥാപകയായ ഫ്രിഡ എസ്പിനോസ പറഞ്ഞു. 2020 ലെ മെക്സിക്കൻ ഗവൺമെന്റ് സെൻസസ് പ്രകാരം (ഏറ്റവും പുതിയത്), ജനസംഖ്യയുടെ ഏകദേശം 78% കത്തോലിക്ക വിശ്വാസികളാണ്.