News - 2025
കേരളത്തില്‍ വൈദികനെ വധിക്കാന്‍ ഐഎസ് പദ്ധതിയിട്ടു; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ
12-09-2023 - Tuesday
കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചതിന് പിന്നാലേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സംസ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ചെന്നൈയില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ആശങ്കയുളവാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 'പെറ്റ് ലവേഴ്സ്' എന്ന ടെലിഗ്രാം ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു സംസ്ഥാനത്ത് ഐഎസ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചനകൾ നടത്തിയത്. ക്രൈസ്തവ വൈദികനെ വധിക്കാൻ സംഘം പദ്ധതിയിട്ടിരിന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താനായി ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ഇവര്‍ ഗൂഢാലോചന നടത്തി.
തൃശൂർ - പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനായിരുന്നു സംഘം ആലോചിച്ചത്. ഇതിനായി പദ്ധതി തയ്യാറാക്കി. നബീൽ അഹമ്മദ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്. ഇയാളെ കഴിഞ്ഞ ദിവസം ചെന്നൈയിൽവെച്ചാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൃശ്ശൂർ സ്വദേശിയായ നബീൽ നേരത്തെ ഖത്തറിലുണ്ടായിരുന്നു. ഇവിടെ വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് സംഘങ്ങളുമായി ഇയാൾ ബന്ധം സ്ഥാപിച്ചത്. ഈ സംഘത്തിന്റെ സഹായത്തോടെയായിരുന്നു കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനുള്ള ആലോചന തുടങ്ങിയത്. കേരളത്തിൽ തങ്ങളുടെ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും നബീലിന്റെ നേതൃത്വത്തിൽ പദ്ധതിയിട്ടിരുന്നു.
ലോകസമാധാനത്തിന് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നതു വഴിയായി ലോകം മുഴുവൻ ആശങ്കയോടെ നോക്കിക്കാണുന്ന ഐഎസ് പോലുള്ള ഒരു ഇസ്ലാമിക ഭീകരസംഘടന കേരളത്തിലും വേരാഴ്ത്തിയതില്‍ ആശങ്ക പങ്കുവെച്ച് കെസിബിസി ജാഗ്രത കമ്മീഷൻ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരിന്നു. കേരളത്തിലെ ഭീകരവാദ പ്രവർത്തനങ്ങളില്‍ അടിയന്തരമായി സർക്കാർ നടപടി സ്വീകരിക്കണമെന്നും മതപരമോ, രാഷ്ട്രീയപരമോ ആയ എല്ലാ തീവ്രവാദ നീക്കങ്ങളെയും വേരോടെ പിഴുതെറിയാനും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥമായും അടിയന്തരമായും തയ്യാറാകണമെന്നും ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ ആവശ്യപ്പെട്ടു.
ഇസ്ലാമിക ഭീകരസംഘടനകളുടെ ഒട്ടേറെ സജീവ പ്രവർത്തകർ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലുണ്ടെന്നും അവർ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഐക്യരാഷ്ട്ര സഭയുടേതുൾപ്പെടെയുള്ള വിവിധ അന്വേഷണ ഏജൻസികള്‍ പുറത്തുവിട്ടതാണ്. എന്നാല്‍ അർഹിക്കുന്ന പ്രാധാന്യത്തോടെ ഇത്തരം ഭീകരവാദനീക്കങ്ങളെ പ്രതിരോധിക്കാൻ കേരളത്തിലെ സർക്കാർ സംവിധാനങ്ങള്‍ ശ്രമിക്കുന്നില്ലായെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.