News - 2025
വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ രൂപം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥിരമായി സ്ഥാപിക്കുവാന്‍ തീരുമാനം
പ്രവാചകശബ്ദം 12-09-2023 - Tuesday
വത്തിക്കാന്‍ സിറ്റി/സിയോള്‍: കൊറിയയുടെ മധ്യസ്ഥനും രാജ്യത്തെ ആദ്യത്തെ തദ്ദേശീയ വിശുദ്ധനുമായ ആന്‍ഡ്രൂ കിം ടായ്-ഗോണിന്റെ രൂപം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സ്ഥാപിക്കുവാന്‍ തീരുമാനം. വൈദികര്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനും, കൊറിയന്‍ മെത്രാനുമായ കര്‍ദ്ദിനാള്‍ ലസാരോ യു ഹെയുങ്-സിക്ക് മുന്നോട്ട് വെച്ച നിര്‍ദ്ദേശത്തിന് ഫ്രാന്‍സിസ് പാപ്പ അനുവാദം നല്‍കുകയായിരുന്നു. വിശുദ്ധ ടായ്-ഗോണിന്റെ രക്തസാക്ഷിത്വത്തിന്റെ വാര്‍ഷികദിനമായ സെപ്റ്റംബര്‍ 16നാണ് രൂപത്തിന്റെ സമര്‍പ്പണം നടക്കുക. സമര്‍പ്പണ ചടങ്ങില്‍ സംബന്ധിക്കുവാന്‍ കൊറിയയില്‍ നിന്നും വരുന്ന മുന്നൂറു പേരടങ്ങുന്ന പ്രതിനിധി സംഘത്തെ ഫ്രാന്‍സിസ് പാപ്പ സ്വാഗതം ചെയ്യും.
സമര്‍പ്പണത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനക്ക് കര്‍ദ്ദിനാള്‍ ലസാരോയാണ് മുഖ്യകാര്‍മ്മികത്വം വഹിക്കുക. അതിന് ശേഷം 4:30-ന് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ഉത്തരവാദിത്വമുള്ള കര്‍ദ്ദിനാള്‍ മൌരോ ഗാംബെട്ടി ദേവാലയത്തിന്റെ പ്രധാന ഹാളിനു പുറത്ത് സ്ഥിരമായി സ്ഥാപിച്ചിരിക്കുന്ന 6 ടണ്‍ ഭാരമുള്ള മാര്‍ബിള്‍ രൂപം വെഞ്ചരിക്കും. ഫ്രാന്‍സിസ് പാപ്പ തങ്ങളുടെ നിര്‍ദ്ദേശം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും കൊറിയന്‍ സഭയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ആദരവാണെന്നും കര്‍ദ്ദിനാള്‍ ലസാരോ പറഞ്ഞു.
1821-ല്‍ ജനിച്ച വിശുദ്ധ ആന്‍ഡ്രൂ കിം പതിനഞ്ചാമത്തെ വയസ്സിലാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. പിന്നീട് മക്കാവോയില്‍ വൈദീക പരിശീലനം നടത്തുകയും 1836-ല്‍ സിയോളിലെ ആദ്യ മെത്രാനായിരുന്ന ഫ്രഞ്ച് മെത്രാന്‍ ജീന്‍ ജോസഫ് ജീന്‍ ബാപ്റ്റിസ്റ്റെയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു. മക്കാവുവിലായിരുന്നു അദ്ദേഹത്തിന്റെ വൈദിക പഠനം. കടുത്ത അടിച്ചമര്‍ത്തലിനിടയിലും തന്റെ ജന്മദേശത്ത് സുവിശേഷം പ്രഘോഷിക്കുന്നതിനായി വിശുദ്ധന്‍ നിലകൊണ്ടിരിന്നു. സുവിശേഷവല്‍ക്കരണത്തിനായി നടത്തിയ ശ്രമങ്ങളുടെ പേരില്‍ ജോസിയോണ്‍ സാമ്രാജ്യകാല ഘട്ടത്തില്‍ തടവിലാവുകയും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി 1846-ല്‍ രക്തസാക്ഷിത്വം വരിക്കുകയുമായിരുന്നു. തലയറുത്ത് കൊലപ്പെടുത്തുമ്പോള്‍ വിശുദ്ധന് വെറും 25 വയസ്സ് മാത്രമായിരുന്നു പ്രായം. 102 കൊറിയന്‍ രക്തസാക്ഷികള്‍ക്കൊപ്പം 1984 മെയ് 6-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ആന്‍ഡ്രൂനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.