News

അമേരിക്കയില്‍ ഭ്രൂണഹത്യ അനുകൂല ക്യാമ്പയിനിൽ ദൈവകരുണയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം

പ്രവാചകശബ്ദം 19-09-2023 - Tuesday

ഒഹായോ: അമേരിക്കൻ സംസ്ഥാനമായ ഒഹായോയിൽ ഭ്രൂണഹത്യക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന ഇഷ്യൂ ഒന്ന് എന്ന പേരിൽ അറിയപ്പെടുന്ന ഭരണഘടന ഭേദഗതിയുമായി ബന്ധപ്പെട്ട ജനഹിത പരിശോധനയുടെ പരസ്യത്തിൽ യേശുക്രിസ്തുവിന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഒഹായോൻസ് യുണൈറ്റഡ് ഫോർ റീപ്രൊഡക്ടീവ് റൈറ്റ്സ് ആണ് 30 സെക്കൻഡ് ദൈർഘ്യം ഉള്ള പരസ്യം പുറത്തിറക്കിയത്. പരസ്യത്തിൽ കത്തോലിക്കാ ദേവാലയമെന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് ഒരാൾ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും ആളുടെ പിറകിലെ ചുമരിൽ ദൈവകരുണയുടെ ചിത്രവുമുണ്ട്. നവംബർ മാസമാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഇഷ്യൂ ഒന്നിനെ പറ്റി പറയുന്ന പരസ്യം ഭരണഘടന ഭേദഗതി നിർദ്ദേശത്തെയും, കത്തോലിക്കാ സഭ ഗർഭിണികളായ സ്ത്രീകൾക്ക് സഹായം നൽകുന്നതിനെയും തെറ്റായി അവതരിപ്പിക്കുകയാണെന്ന് സംസ്ഥാന കത്തോലിക്കാ മെത്രാൻ സമിതിയുടെ കമ്മ്യൂണിക്കേഷൻസ് അസോസിയേറ്റ് ഡയറക്ടർ മൈക്കിൾ ഡഫി പറഞ്ഞു. ഗർഭിണിയായിരിക്കുന്ന സമയത്തും, കുഞ്ഞിന് ജന്മം നൽകിയതിനു ശേഷവും ധൈര്യത്തോടുകൂടി തന്നെ കുഞ്ഞിനും, ഗർഭം നൽകിയ അമ്മയ്ക്കും കത്തോലിക്കാ സഭയുടെ സഹായം തേടാൻ സാധിക്കുമെന്ന് ഡഫി വിശദീകരിച്ചു. ഇഷ്യൂ ഒന്ന് പാസായാൽ സംസ്ഥാനത്ത് വലിയതോതിൽ ഭ്രൂണഹത്യകളുടെ എണ്ണം വർദ്ധിക്കാൻ ഇടയാകുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഒരു വ്യക്തിയെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞ് ആ വ്യക്തിയെ ഉപേക്ഷിക്കുന്ന തരത്തിലുള്ള വലിച്ചെറിയൽ സംസ്കാരം മുന്നോട്ടുവെക്കുന്ന ഒരു നിർവചനം സ്വാതന്ത്ര്യത്തിന് നൽകുന്നത് ഒഹായോക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്ന് മെത്രാൻ സമിതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രയാൻ വിക്കി പറഞ്ഞു. ഇഷ്യൂ ഒന്ന് സ്ത്രീകൾക്കും, മാതാപിതാക്കൾക്കും, കുട്ടികൾക്കും ഉണ്ടാക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ക്രൈസ്തവരുടെ ഇടയിലും, സന്മനസ്സുള്ള മറ്റുള്ളവരുടെ ഇടയിലും വിശദീകരിച്ച് നൽകുമെന്നും, ഭരണഘടന ഭേദഗതിക്കെതിരെ വോട്ട് ചെയ്യണമെന്ന് അവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നിലവില്‍ ഭ്രൂണഹത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് 20 ആഴ്ചകൾക്ക് ശേഷമാണ്.

More Archives >>

Page 1 of 883