News

യോഗിയുടെ ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ വേട്ട തുടര്‍ക്കഥ: വ്യാജ മതപരിവര്‍ത്തന ആരോപണത്തില്‍ 17 ക്രൈസ്തവര്‍ അറസ്റ്റില്‍

പ്രവാചകശബ്ദം 19-09-2023 - Tuesday

ഖോരക്പൂര്‍: ഭാരതത്തില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ മതപീഡനത്തിനു ഇരയായികൊണ്ടിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ 17 ക്രൈസ്തവര്‍ അറസ്റ്റില്‍. സെപ്റ്റംബര്‍ 17 ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനക്കിടയിലേക്ക് അതിക്രമിച്ച് കയറിയ ഉത്തര്‍പ്രദേശ് പോലീസ് ഏഴു സ്ത്രീകള്‍ ഉള്‍പ്പെടെ 17 ക്രൈസ്തവരെയാണ് അന്യായമായി അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ 'യൂണിറ്റി ഇന്‍ കംപാഷ'ന്റെ ജനറല്‍ സെക്രട്ടറിയായ മീനാക്ഷി സിംഗ് പറഞ്ഞു.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണിതെന്ന് പറഞ്ഞ മീനാക്ഷി, സമാധാനപരമായി പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ ചോദ്യം ചെയ്തു പ്രാദേശിക കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി. തന്റെ ഗ്രാമത്തിലെ ദിനേഷ് ചന്ദ്രശേഖര്‍ എന്ന വ്യക്തി തന്നെ ഒരു ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയിലേക്ക് ക്ഷണിച്ചുവെന്നാണ് സുഭാഷ് ചന്ദ്ര എന്ന വ്യക്തിയുടെ പരാതിയില്‍ പറയുന്നത്. പരാതിക്കാരനും, അദ്ദേഹത്തിന്റെ ഭാര്യയും, ഏതാനും കൂട്ടുകാരും ഞായറാഴ്ച ദിനേഷ് ചന്ദ്രശേഖറിന്റെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നു.

പ്രാര്‍ത്ഥനയുടെ സംഘാടകര്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തങ്ങളോട് വിവരിച്ചെന്നു സുഭാഷ് ചന്ദ്ര ആരോപിച്ചു. ഇയാളുടെ പരാതിയേത്തുടര്‍ന്നാണ് പോലീസ് മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ കേസ് ഫയല്‍ ചെയ്തത്. അതേസമയം ആരും മതം മാറുകയോ അത്തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് പോലീസ് കേസെന്നതും വസ്തുതയാണ്. മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത മീനാക്ഷി, പരാതിക്കാരനും, സുഹൃത്തുക്കളും ഗൂഢാലോചനയോടെയാണ് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതെന്നും ചൂണ്ടിക്കാട്ടി.

മതനിന്ദ നിയമത്തിന്റെ മറവില്‍ ക്രൈസ്തവരെ കുടുക്കിലാക്കുന്ന പാക്കിസ്ഥാനിലെ അവസ്ഥയ്ക്കു സമാനമായി ഇന്ത്യയിലെ മതപരിവര്‍ത്തന നിരോധന നിയമവും ചൂഷണം ചെയ്യപ്പെടുകയാണ്. മതപരിവര്‍ത്തന ആരോപണം ഉന്നയിച്ച് കേവലം ഒരു പരാതി കൊടുത്താല്‍ ക്രൈസ്തവരെ തടങ്കലിലാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇത് ഏറ്റവും അധികം രൂക്ഷമായ സംസ്ഥാനമാണ് തീവ്രഹിന്ദുത്വ നേതാവായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ്.

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ വെറും 0.18% വരുന്ന ക്രൈസ്തവരെ കുടുക്കുവാന്‍ ഹിന്ദുത്വവാദികളുടെ മുന്നിലെ ഗൂഢതന്ത്രമായി ഈ നിയമം മാറിയിട്ടുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ 8 മാസങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് ഉത്തര്‍പ്രദേശിലാണെന്നു ‘യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം’ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിന്നു.

More Archives >>

Page 1 of 884