News - 2024

ഇസ്രായേൽ - പലസ്തീൻ സംഭാഷണങ്ങൾക്ക് വീണ്ടും ക്ഷണിച്ച് വത്തിക്കാൻ

പ്രവാചകശബ്ദം 20-09-2023 - Wednesday

ന്യൂയോര്‍ക്ക്: വിശുദ്ധ നാടായ ഇസ്രായേൽ - പലസ്തീൻ പ്രശ്ന പരിഹാരത്തിന് വീണ്ടും ആഹ്വാനവുമായി വത്തിക്കാൻ. സെപ്തംബർ 18നു ന്യൂയോർക്കിൽ ആരംഭിച്ച 78-ാമത് ഐക്യരാഷ്ട്രസഭയുടെ "സമാധാനദിന ശ്രമം: പശ്ചിമേഷ്യൻ സമാധാനത്തിനുള്ള ഒരു ശ്രമം" എന്ന പേരിൽ നടത്തുന്ന ഉന്നതതല മന്ത്രിമാരുടെ യോഗത്തിലാണ് വിശുദ്ധ നാടിന്റെ സമാധാനത്തിന് വേണ്ടിയുള്ള ആഹ്വാനം വത്തിക്കാൻ നയതന്ത്ര സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ പുതുക്കിയത്. കർത്താവായ യേശുവിന്റെ വിശുദ്ധ സ്ഥലമെന്ന നിലയിലും, രണ്ടായിരം വർഷങ്ങളായി ക്രൈസ്തവര്‍ വസിക്കുന്ന സ്ഥലമെന്ന നിലയിലും ഈ അതിർത്തികൾ സഭയ്ക്ക് ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

സമാധാന പരിശ്രമങ്ങൾ എല്ലായ്പ്പോഴും സ്വാഗതാർഹമെന്നിരിക്കെ ഇസ്രായേൽ-പലസ്തീൻ സമാധാനം അന്താരാഷ്‌ട്ര സമൂഹം ഒന്നടങ്കം ഉറ്റുനോക്കുന്ന ഒന്നാണ്. പലസ്തീനും - ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങളെത്തുടർന്ന് പലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് വേണ്ടി ഉടലെടുത്ത ഓസ്ലോ ഉടമ്പടിക്കു മുപ്പതു വർഷങ്ങൾക്കു ശേഷവും സമാധാന ചർച്ചകൾ നടത്തുന്നത് ദൗർഭാഗ്യകരമാണ്. അതിനാൽ എല്ലാ മതങ്ങളിൽപ്പെട്ടവർക്കും സമാധാനമായി ജീവിക്കുവാനുള്ള അന്തരീക്ഷം വിശുദ്ധ നഗരമായ ജെറുസലേമിന് ചുറ്റുമുള്ളവർക്ക് സാധ്യമാകണമെന്നും ആര്‍ച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.

ഏറ്റുമുട്ടലിന്റെയും ഭിന്നിപ്പിന്റെയും സ്ഥലമായിട്ടല്ല, മറിച്ച് ക്രിസ്ത്യാനികൾക്കും യഹൂദർക്കും ഇസ്ലാം മതസ്ഥര്‍ക്കും ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന ഒരു സ്ഥലമായാണ് വിശുദ്ധ നാടിനെ കണക്കാക്കുന്നത്. ബഹുമാനത്തോടും പരസ്പര സൗഹാർദ്ദത്തോടും കൂടി ജീവിക്കാനുള്ള അവസരം അവിടെ സംജാതമാകേണ്ടതുണ്ട്. സമാധാന സംഭാഷണങ്ങൾക്കായുള്ള ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനത്തിന്റെ ആദ്യപടിയെന്നോണം 2014 ൽ ഇരുരാജ്യങ്ങളുടെയും രാഷ്ട്രപതിമാർ വത്തിക്കാനിൽ പാപ്പയോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നിരിന്നു. പാപ്പയുടെ സമാധാന ആഹ്വാനത്തിനു ചെവി കൊടുക്കുവാൻ എല്ലാവര്‍ക്കും സാധിക്കട്ടെയെന്ന ആശംസയോടെയാണ് ആര്‍ച്ച് ബിഷപ്പ് തന്റെ വാക്കുകൾ ചുരുക്കിയത്.


Related Articles »