News - 2025

ഫ്രാന്‍സിസ് പാപ്പ ഇന്ന് ഫ്രാന്‍സിലേക്ക്

പ്രവാചകശബ്ദം 22-09-2023 - Friday

വത്തിക്കാൻ സിറ്റി: മെഡിറ്ററേനിയൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ ഇന്നു തെക്കൻ ഫ്രാൻസിലെ മാർസേ നഗരത്തിലെത്തും. ഫ്രാൻസിസ് മാർപാപ്പയുടെ 44-ാമത് അ പ്പസ്തോലിക പര്യടനമായിരിക്കും ഇത്. ഇന്ന് സെപ്റ്റംബർ 22 ഫ്രാന്‍സ് സമയം ഉച്ചകഴിഞ്ഞ് 2;35 ന് റോമിൽ നിന്നും യാത്ര ആരംഭിക്കുന്ന ഫ്രാൻസിസ് മാർപാപ്പയെ, ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ 4:15ന് ഔദ്യോഗികമായി സ്വീകരിക്കും. ഇതിന് ഒരു മണിക്കൂറിനു ശേഷം ബസിലിക്ക ഓഫ് നോട്ടർ ഡാം ഡി ലാ ഗാർഡേയിൽവെച്ച് വൈദികരോടൊപ്പം, പ്രത്യേക പ്രാർത്ഥനയിലും ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. കടലിൽ മുങ്ങി മരിച്ച അഭയാർത്ഥികളുടെയും, കപ്പൽ ജീവനക്കാരുടെയും ഓർമ്മയ്ക്കായി പണികഴിപ്പിച്ച സ്മാരകത്തിൽ ഒത്തുചേരുന്ന മത നേതാക്കൾക്ക് വേണ്ടി പാപ്പ സന്ദേശം നൽകി സംസാരിക്കും.

നാളെ സെപ്റ്റംബർ 23 മാർസെലി ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജിയാൻ മാർക്സ് അവലിന്റെ വസതിയിൽ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരെയും സമൂഹത്തിൽ അരക്ഷിതാവസ്ഥ നേരിടുന്നവരെയും ഫ്രാൻസിസ് മാർപാപ്പ കാണും. ഇതിനുശേഷമായിരിക്കും പ്രധാന പരിപാടിയിൽ പാപ്പ പങ്കെടുക്കുക. ഫ്രഞ്ച് പ്രസിഡന്റുമായി 11:30ന് കൂടിക്കാഴ്ച നടത്തിയതിന് ശേഷം വൈകുന്നേരം വെലോഡ്രോം സ്റ്റേഡിയത്തിൽവെച്ച് അന്നേദിവസം ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാനയും അർപ്പിക്കും. കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ 17ന് ആരംഭിച്ച മെഡിറ്ററേനിയൻ സമ്മേളനത്തിൽ വടക്കനാഫ്രിക്ക, പശ്ചിമേഷ്യ, തെക്കൻ യൂറോപ്പ് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള ബിഷപ്പുമാരും യുവജനതയും പങ്കെടുക്കുന്നുണ്ട്.

More Archives >>

Page 1 of 885