News

തിരുനാള്‍ ദിനത്തിലെ അത്ഭുത പ്രതിഭാസം ഇത്തവണയും: വിശുദ്ധ ജാനുയേരിയൂസിന്റെ രക്തക്കട്ട ദ്രാവക രൂപത്തിലായി

പ്രവാചകശബ്ദം 21-09-2023 - Thursday

നേപ്പിള്‍സ് (ഇറ്റലി): മൂന്നാം നൂറ്റാണ്ടിൽ ഡയോക്ലീഷൻ ചക്രവർത്തിയുടെ കാലത്ത് രക്തസാക്ഷിത്വം വരിച്ച വിശുദ്ധ ജാനുയേരിയൂസിന്റെ കട്ടപിടിച്ച രക്തം ദ്രാവകരൂപത്തിലാകുന്ന അത്ഭുത പ്രതിഭാസം വീണ്ടും. വിശുദ്ധന്റെ തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19നു നേപ്പിൾസിൽ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിൽവെച്ച് രക്തക്കട്ട ദ്രാവകരൂപത്തിലായി. നേപ്പിൾസിലെ ആർച്ച് ബിഷപ്പ് ഡൊമെനിക്കോ ബറ്റാഗ്ലിയ, രക്തത്തിന്റെ തിരുശേഷിപ്പ് സൂക്ഷിച്ച പേടകം ചലിപ്പിച്ചപ്പോള്‍ വലിയ കരഘോഷമാണ് മുഴങ്ങിയത്. ഖരാവസ്ഥയിലായിരിന്ന രക്തം ദ്രാവകമായത് സ്ഥിരീകരിച്ചുക്കൊണ്ട് പ്രത്യേക പ്രതിനിധി വെള്ള തുണി വീശിയിരിന്നു.

അവസാന ശ്വാസം വരെയും, അവസാന തുള്ളി രക്തം വരെയും, സുവിശേഷത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ഒരാളുടെ സാക്ഷ്യം ഭൂതകാലത്തിന്റേതല്ലായെന്നും ഇപ്പോഴും നിലനില്‍ക്കുന്ന സാക്ഷ്യമാണെന്നു ആർച്ച് ബിഷപ്പ് ഡൊമെനിക്കോ പറഞ്ഞു. ഇത് ഓരോ വിശ്വാസിയുടെയും ഹൃദയത്തോട് സംസാരിക്കാൻ കഴിവുള്ള ജീവിക്കുന്ന സാക്ഷ്യമാണ്. ഇത് അടയാളമാണ്, സുവിശേഷത്തെ സമൂലമായി പിന്തുടരേണ്ടതിന്റെ ആവശ്യകതയും അടിയന്തിര പ്രാധാന്യവും എടുത്തുക്കാട്ടുകയാണെന്നും വിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തില്‍ ആർച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കുശേഷം, തിരുശേഷിപ്പ് നേപ്പിൾസ് കത്തീഡ്രലിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

മൂന്നാം നൂറ്റാണ്ടിൽ നഗരത്തിന്റെ മെത്രാനായിരുന്ന ജാനുയേരിയൂസ് ഡയോക്ലീഷൻ ചക്രവർത്തിയുടെ മതപീഡന കാലത്ത് യേശുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. ശിരഛേദനം ചെയ്യപ്പെട്ട വിശുദ്ധന്റെ രക്തം യൂസേബിയ എന്ന സ്ത്രീയാണ് കുപ്പിയില്‍ ശേഖരിച്ചത്. വിശുദ്ധന്റെ നാമഹേതുക തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 19-നും, മെയ് മാസത്തിലെ ആദ്യ ഞായറിന് മുന്‍പുള്ള ശനിയാഴ്ചയിലും, ഡിസംബര്‍ 16നുമാണ് ഈ അത്ഭുതം സംഭവിക്കാറുള്ളത്. ഉണങ്ങി കട്ടപിടിച്ച ഈ രക്തം അലിയുന്ന പ്രതിഭാസത്തെ വിവരിക്കുവാന്‍ ശാസ്ത്രജ്ഞര്‍ക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.

വിശുദ്ധ ജാനുയേരിയൂസിന്റെ രക്തം ദ്രാവകരൂപത്തിൽ ആയില്ലെങ്കിൽ അത് ക്ഷാമം, യുദ്ധം, രോഗങ്ങൾ തുടങ്ങിയവയുടെ മുന്നറിയിപ്പ് ആണെന്നാണ് പരമ്പരാഗതമായി നേപ്പിൾസുകാർ വിശ്വസിച്ചു വന്നിരുന്നത്. 1973-ല്‍ നേപ്പിള്‍സില്‍ കോളറ പടര്‍ന്നു പിടിച്ചപ്പോഴും, 1980-ല്‍ 2,483 പേരുടെ മരണത്തിനു കാരണമായ ഭൂകമ്പം ഉണ്ടായപ്പോഴും ഈ അത്ഭുതം സംഭവിച്ചില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തില്‍ ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ച 1939-ലും, നാസികള്‍ യൂറോപ്പില്‍ ബോംബിട്ട 1943-ലും ഈ അത്ഭുതം സംഭവിച്ചിരുന്നില്ല.

More Archives >>

Page 1 of 884