News - 2025
തട്ടിക്കൊണ്ടു പോയ വൈദികന്റെ മോചനത്തിന് പ്രാർത്ഥനാഹ്വാനവുമായി നൈജീരിയൻ രൂപത
പ്രവാചകശബ്ദം 20-09-2023 - Wednesday
അബൂജ: കത്തോലിക്ക വൈദികനെ അക്രമികള്‍ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥനാഹ്വാനവുമായി നൈജീരിയയിലെ എനുഗു രൂപത. സെപ്റ്റംബര്‍ 17 ഞായറാഴ്ചയാണ് ഫാ. മാർസലീനസ് ഒബിയോമ എന്ന വൈദികനെ തട്ടിക്കൊണ്ടു പോയത്. സെന്റ് മേരി അമോഫിയ_അഗു അഫ ഇടവകയുടെ ചുമതല ഉണ്ടായിരുന്ന ഫാ. മാർസലീനസ് ഇടവക ദേവാലയത്തിലേക്ക് തിരികെ വരുന്ന വഴിയിൽ റോഡിൽവെച്ചു അജ്ഞാത സംഘം തട്ടിക്കൊണ്ടു പോകുകയായിരിന്നുവെന്നു രൂപതയുടെ ചാൻസിലർ ഫാ. വിൽഫ്രഡ് ചിടി വെളിപ്പെടുത്തി. വൈദികനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് മാനസാന്തരം ഉണ്ടാകാനും അദ്ദേഹത്തിന്റെ മോചനത്തിനുവേണ്ടിയും രൂപത പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്ന് ചാൻസിലർ പറഞ്ഞു.
2009ൽ നൈജീരിയയെ ഇസ്ലാമിക രാജ്യമാക്കാനുളള ലക്ഷ്യവുമായി ബൊക്കോഹറാം തീവ്രവാദ സംഘടന ഉദയം ചെയ്തത് മുതൽ നൈജീരിയ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആഫ്രിക്കയിലെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായ ബൊക്കോഹറാം നിരവധി കുറ്റകൃത്യങ്ങളാണ് രാജ്യത്ത് നടത്തിയത്. മത, രാഷ്ട്രീയ നേതാക്കളെ അടക്കം അവർ ലക്ഷ്യംവെച്ചു. ഫുലാനി മുസ്ലിം വിഭാഗക്കാരും തീവ്രവാദ പ്രവർത്തനത്തിൽ വ്യാപൃതമായതോടുകൂടി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി.
ഇതിനുമുമ്പും നിരവധി കത്തോലിക്കാ വൈദികരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തട്ടിക്കൊണ്ടുപോയ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫാ. മാർസലീനസ് ഒബിയോമയുടെ തിരോധാനം ഇതില്‍ ഏറ്റവും ഒടുവിലത്തെതാണ്. ഓഗസ്റ്റ് രണ്ടാം തീയതി മിന്യാ രൂപതയിലെ ഒരു വൈദികനെയും, സെമിനാരി വിദ്യാർഥിയെയും തട്ടിക്കൊണ്ടുപോയിരുന്നു. മൂന്ന് ആഴ്ച തടവിൽ കഴിഞ്ഞ അവർ ഓഗസ്റ്റ് 23നാണ് മോചിതരായത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 46% പേരാണ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നത്.