News - 2025
രണ്ടാമത് ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ പ്രാര്‍ത്ഥന യജ്ഞത്തിന് കൊളംബിയയില്‍ ആരംഭം
പ്രവാചകശബ്ദം 02-10-2023 - Monday
ബൊഗോട്ട: ഭ്രൂണഹത്യ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന രണ്ടാമത് ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ വാര്‍ഷിക പ്രാര്‍ത്ഥനാ പരിപാടിക്ക് തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയയില്‍ തുടക്കമായി. സെപ്റ്റംബര്‍ 25-ന് ആരംഭിച്ച പ്രാര്‍ത്ഥനാ യജ്ഞം നവംബര്‍ 5-നാണ് അവസാനിക്കുക. പ്രാര്‍ത്ഥനകളും, ഉപവാസവും, ജാഗരണ പ്രാര്‍ത്ഥനകളും, ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് എതിരെയുള്ള ഒത്തു ചേരലുകളുമാണ് 40 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഉള്‍പ്പെടുന്നത്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍വെച്ച് 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ സന്നദ്ധപ്രവര്‍ത്തകര്‍ സ്ത്രീകളെ പ്രഗ്നനന്‍സി കേന്ദ്രങ്ങളില്‍ എത്തിക്കുകയും അവിടെ വെച്ച് അവര്‍ക്ക് തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുവാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷയെന്ന് ഇബേരോ-അമേരിക്കയിലെ 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ഡയറക്ടറായ മരിയ ലോര്‍ഡ്സ് വരേല പറഞ്ഞു.
അവര്‍ക്ക് പ്രോത്സാഹനത്തിന്റേതായ ഒരു വാക്കാണ് വേണ്ടത്. വെറും പ്രാര്‍ത്ഥന കൊണ്ട് മാത്രം ഒരു ജീവന്‍ രക്ഷപ്പെടുക എന്നത് അത്ഭുതമാണെന്ന് വരേലയുടെ പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷത്തെ നോമ്പുകാലത്ത് നടന്ന ആദ്യത്തെ വാര്‍ഷിക പ്രാര്‍ത്ഥനാ പരിപാടിയില്‍ ലാറ്റിന്‍ അമേരിക്കയിലെ 90 ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനും, ലോകമെമ്പാടുമായി 679 കുട്ടികളുടെ ജീവനും രക്ഷിക്കുവാന്‍ കഴിഞ്ഞുവെന്ന കാര്യവും വലേര ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമായി ഞങ്ങള്‍ക്ക് ഏതാണ്ട് പത്തുലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകരാണ് ഉള്ളത്. കൂടുതല്‍ പേര്‍ക്കായി ഞങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്, കാരണം പ്രാര്‍ത്ഥന ഒന്നിന് മാത്രമാണ് ചരിത്രത്തിന്റെ ഗതി മാറ്റുവാന്‍ കഴിയുകയുള്ളൂവെന്നും വരേല പറയുന്നു.
ഭ്രൂണഹത്യ കേന്ദ്രങ്ങളിലെ സമാധാനപരമായ സാന്നിധ്യവും, പ്രാര്‍ത്ഥനയും വഴി കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുകയാണ് 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ലക്ഷ്യമെന്നു പോസ്റ്റില്‍ പറയുന്നുണ്ട്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലെ 40 ദിവസത്തെ പ്രാര്‍ത്ഥന, ഉപവാസം, കൂട്ടായ്മ എന്നിവയിലൂടെ പ്രാദേശിക തലത്തില്‍ വെച്ച തന്നെ ഭ്രൂണഹത്യ അവസാനിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ഏകോപിത അന്താരാഷ്ട്ര പ്രചാരണ പരിപാടിയാണ് 40 ഡെയ്സ് ഫോര്‍ ലൈഫ്'. 2007-ല്‍ അമേരിക്കയിലാണ് 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രസ്ഥാനം ആരംഭിക്കുന്നത്. 63 രാജ്യങ്ങളിലായി ആയിരത്തില്‍പരം നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നത്.