News - 2025

യുഎസില്‍ മൂന്നില്‍ രണ്ടു ഭാഗവും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സജീവ സാന്നിധ്യത്തില്‍ വിശ്വസിക്കുന്നവര്‍; പുതിയ പഠനഫലം പുറത്ത്

പ്രവാചകശബ്ദം 30-09-2023 - Saturday

വാഷിംഗ്ടണ്‍ ഡി‌സി: ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യത്തില്‍ അമേരിക്കയിലെ പ്രായപൂര്‍ത്തിയായ കത്തോലിക്കരില്‍ മൂന്നില്‍ രണ്ടു ഭാഗവും വിശ്വസിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന പുതിയ പഠനഫലം പുറത്ത്. നോട്രഡാം സര്‍വ്വകലാശാലയിലെ മക്ഗ്രാത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചര്‍ച്ച് ലൈഫ് കമ്മീഷന്‍ പ്രകാരം ജോര്‍ജ്ജ്ടൌണ്‍ സര്‍വ്വകലാശാലയുടെ കീഴിലെ ‘സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസേര്‍ച്ച് ഇന്‍ ദി അപ്പോസ്റ്റലേറ്റ്’ (കാര) ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019-ലെ പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനഫല പ്രകാരം അമേരിക്കയില്‍ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവസാന്നിധ്യത്തില്‍ വിശ്വസിക്കുന്നത് പ്രായപൂര്‍ത്തിയായ കത്തോലിക്കരില്‍ മൂന്നിലൊരു ഭാഗം മാത്രമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരിന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ മെത്രാന്‍ സമിതി ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കുവാനായി നടത്തിവരുന്ന കര്‍മ്മപരിപാടിയുടെ രണ്ടാം വര്‍ഷത്തിലാണ് ഏറെ പ്രതീക്ഷ പകരുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വിശ്വാസികളുടെ ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ ഉള്ള വിശുദ്ധ കുര്‍ബാനയിലെ പങ്കാളിത്തവും, ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യവും തമ്മില്‍ ബന്ധമുണ്ടെന്നും പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 64% തങ്ങള്‍ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവസാന്നിധ്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന്‍ സൂചിപ്പിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്.

ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരില്‍ 95% തങ്ങള്‍ ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവസാന്നിധ്യത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍, മാസത്തിലൊരിക്കല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരില്‍ 80% ആണ് ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സാന്നിധ്യത്തില്‍ വിശ്വാസം പ്രകടമാക്കിയത്. അടുത്ത ജൂലൈ മാസത്തില്‍ ലുക്കാസ് ഓയില്‍ സ്റ്റേഡിയത്തില്‍വെച്ച് 80,000-ത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദിവ്യകാരുണ്യ ആരാധനയില്‍വെച്ച് ദിവ്യകാരുണ്യഭക്തിയിലെ ഈ പുത്തനുണര്‍വ് പ്രകടമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

More Archives >>

Page 1 of 888