News - 2025
അക്രമത്തോടും പട്ടിണിയോടും പോരാടുന്ന ഹെയ്തിയിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കമിലിയൻ മിഷ്ണറി
പ്രവാചകശബ്ദം 03-10-2023 - Tuesday
പോർട്ട് - ഓ- പ്രിൻസ്: അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് അരക്ഷിതാവസ്ഥ നേരിടുന്ന ഹെയ്തിയിലെ പ്രാന്ത പ്രദേശങ്ങളിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് കമിലിയൻ മിഷ്ണറിമാർ. ജനങ്ങളോടൊപ്പം ജീവിക്കുകയും ദൈനംദിന പോരാട്ടങ്ങളുടെ ഭാരം താങ്ങാൻ അവരെ സഹായിക്കുന്ന ഒരു ആത്മീയ വഴികാട്ടിയാണ് സമൂഹത്തിന് ആവശ്യമെന്ന് ഹെയ്തിയിൽ പ്രവർത്തിക്കുന്ന കമിലിയൻ മിഷ്ണറി വൈദികന്‍ ഫാ. മാസിമോ മിറാല്ലിയോ പറഞ്ഞു. തലസ്ഥാനമായ പോർട്ട് - ഓ- പ്രിൻസിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ജെറമിയിലെ കമിലിയൻ മിഷനിൽ ഇരുപത് വർഷമായി സേവനം ചെയ്യുന്ന ഫാ. മാസിമോ, വിശ്വാസപരമായ സേവനങ്ങളും സ്കൂൾ വിദ്യാഭ്യാസവും ഒരു കൂടാരത്തിലാണ് നടത്തുന്നതെന്നും വെളിപ്പെടുത്തി.
17 ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ പ്രദേശത്തിന്റെ കാവൽക്കാരനായി മാറിയ മിഷ്ണറിയാണ് ഫാ. മാസിമോ. കാറിൽ മൂന്ന് മണിക്കൂറും പിന്നീടു നാല് മണിക്കൂർ നടന്നുമാണ് ജെറമിയിൽ നിന്ന് പർസിനിൽ എത്താൻ കഴിയുക. കൂദാശകൾ പരികർമ്മം ചെയ്യുന്നതിനും പരിശുദ്ധ കുർബാനയ്ക്കും പുറമേ ഒരു ചെറിയ മൊബൈൽ ക്ലിനിക്ക് സ്ഥാപിക്കുകയും ആവശ്യമുള്ള കുടുംബങ്ങൾക്കായി ചില പിന്തുണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ചെറിയ ദേവാലയത്തിന്റെ പുനർനിർമ്മാണവും, പ്രാഥമിക വിദ്യാലയവും കിന്റർഗാർഡനു വേണ്ടി ഒരു കൂടാരവും സ്ഥാപിക്കുകയും ചെറിയ ഒരു ക്ലിനിക്ക് സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
ദ്വീപിൽ നിലനിൽക്കുന്ന അരാജകത്വത്തിനിടയിൽ, സമീപ ദിവസങ്ങളിൽ ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് ഹെയ്തിയിലെ ചില കേന്ദ്രങ്ങളിൽ നിന്ന് പതിനായിരത്തിലധികം ആളുകൾ വീടുകൾ ഉപേക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും കൊള്ളയും കൊലപാതകവും പതിവു സംഭവങ്ങളാണ്. സെപ്റ്റംബർ 26 ചൊവ്വാഴ്ച, തലസ്ഥാനത്തിന് വടക്കുള്ള രാജ്യത്തെ പ്രധാന ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ മിരെബലൈസിലെ ആശുപത്രി സായുധ സംഘം ആക്രമിച്ചിരിന്നു.