News

ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നടത്തിയ ഇടപെടല്‍: യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റിന് ‘ഇന്‍ വെരിറ്റാറ്റ് 2023’ പുരസ്കാരം

പ്രവാചകശബ്ദം 06-10-2023 - Friday

ബ്രസല്‍സ്: ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് നടത്തിയ ശ്രമങ്ങളുടെ പേരില്‍ യൂറോപ്യന്‍ യൂണിയനിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ (സി.ഒ.എം.ഇ.സി.ഇ) ഏര്‍പ്പെടുത്തിയിട്ടുള്ള ‘ഇന്‍ വെരിറ്റാറ്റ് 2023’ പുരസ്കാരം യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റും മാള്‍ട്ട സ്വദേശിനിയുമായ റോബെര്‍ട്ടാ മെറ്റ്സോളക്ക് സമ്മാനിച്ചു. ക്രിസ്തീയ - യൂറോപ്യന്‍ മൂല്യങ്ങള്‍ സമന്വയിപ്പിക്കുന്നതില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വ്യക്തികള്‍ക്ക് നല്‍കിവരുന്ന ഉന്നത പുരസ്കാരമാണ് ഇന്‍ വെരിറ്റാറ്റെ അവാര്‍ഡ്. ക്രാക്കോവില്‍വെച്ച് നടന്ന ഇരുപത്തിമൂന്നാമത് അന്താരാഷ്‌ട്ര കോണ്‍ഫറന്‍സില്‍വെച്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29നായിരുന്നു അവാര്‍ഡ് കൈമാറിയത്.

അന്തരിച്ച പോളിഷ് മെത്രാനും ക്രാക്കോവ് ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സിന്റെ പ്രൊമോട്ടറുമായ ബിഷപ്പ് തദേവൂസ് പിയറോണെക്കിന്റെ പേരിലാണ് പുരസ്കാരം. യുദ്ധങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പെരുകുന്ന പശ്ചാത്തലത്തില്‍ വന്‍ശക്തികള്‍ ജനാധിപത്യത്തേ വെല്ലുവിളിക്കുന്ന ഈ ലോകത്ത് ക്രിസ്തീയ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് എന്നത്തേക്കാളും പ്രധാനപ്പെട്ട കാര്യമായി മാറിക്കഴിഞ്ഞുവെന്ന് മെറ്റ്സോള തന്റെ പ്രസംഗത്തിനിടെ പറഞ്ഞു. യുക്രൈന്‍, മോള്‍ഡോവ, ജോര്‍ജ്ജിയ, പടിഞ്ഞാറന്‍ ബാള്‍ക്കണ്‍ തുടങ്ങിയ സമാനമനസ്കരായ ജനാധിപത്യ രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഭാവി യൂറോപ്യന്‍ യൂണിയന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ ക്രിസ്ത്യന്‍ - യൂറോപ്യന്‍ മൂല്യങ്ങള്‍ സഹായിക്കുമെന്നു മെറ്റ്സോള പറഞ്ഞു.

യൂറോപ്യന്‍ ജനത ഈ രാഷ്ട്രങ്ങളുമായി പൊതു വിശ്വാസങ്ങളും താല്‍പര്യങ്ങളും പങ്കുവെക്കുന്നുണ്ടെന്നും അതിനാല്‍ ഭൂഖണ്ഡത്തിന് അവരെ നിരാശപ്പെടുത്തുവാന്‍ കഴിയില്ലെന്നും, സമാധാനത്തിനും, നീതിക്കും, ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാനും, മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുവാനും, ഐക്യവും, സൌഹാര്‍ദ്ദവും നിലനിര്‍ത്തുവാനും, ലോകമെമ്പാടും ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുവാനുമുള്ള വ്യക്തിപരവും കൂട്ടായതുമായ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ടതാണ് ഈ അവാര്‍ഡെന്നും കൂട്ടിച്ചേര്‍ത്തു. ജനാധിപത്യം, ക്രിസ്ത്യന്‍ മൂല്യങ്ങള്‍, യൂറോപ്യന്‍ ഏകീകരണ പ്രക്രിയകളുടെ മുന്നേറ്റം എന്നിവക്ക് വേണ്ടിയുള്ള മെറ്റ്സോളയുടെ പ്രതിജ്ഞാബദ്ധത യൂറോപ്യന്‍ യൂണിയനിലെ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സുകളുടെ കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ. മാനുവല്‍ ബാരിയോസ് പ്രിയറ്റോ അനുസ്മരിച്ചു.

More Archives >>

Page 1 of 890