News - 2024

വിശുദ്ധ നാട്ടിലെ സമാധാനത്തിനായി റോമിൽ ജപമാല സമർപ്പണം

പ്രവാചകശബ്ദം 11-10-2023 - Wednesday

റോം: ഇസ്രായേൽ - പലസ്തീൻ സംഘർഷത്തിൽ ഇരയാവുന്ന വിശുദ്ധ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ റോം. ഒക്ടോബർ പതിനഞ്ചാം തീയതി ഞായറാഴ്ച സാന്താ മരിയ മജോരെ ബസിലിക്കയുടെ അങ്കണത്തിൽ റോമൻ വികാരിയാത്തിന്റെ ആഭിമുഖ്യത്തിലാണ് ജപമാല ചൊല്ലി പ്രാർത്ഥിക്കുക. രാത്രി ഒൻപതു മണിക്കു ക്രമീകരിച്ചിരിക്കുന്ന പ്രത്യേക പ്രാർത്ഥനയില്‍ റോമൻ രൂപതയുടെ വികാരി കർദ്ദിനാൾ ആഞ്ജലോ ഡി ഡൊണാറ്റിസ് മുഖ്യകാർമ്മികത്വം വഹിക്കും. പ്രാർത്ഥനാവസരത്തിൽ ബസിലിക്കയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ "സാലുസ് പോപ്പുലി റൊമാനി" എന്ന തിരുസ്വരൂപം ദേവാലയത്തിന്റെ അങ്കണത്തിലേക്ക് മാറ്റി പ്രത്യേകം പ്രതിഷ്ഠിക്കും.

വിശുദ്ധ ലൂക്ക വരച്ചതായി വിശ്വസിക്കപ്പെടുന്ന ''സാലുസ് പോപ്പുലി റൊമാനി'' റോമിലെ ജനങ്ങളുടെ സംരക്ഷക എന്ന പേരില്‍ പ്രസിദ്ധമാണ്. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ അമ്മയായ വിശുദ്ധ ഹെലേനയാണ് ഈ ചിത്രം വിശുദ്ധനാട്ടിൽ നിന്ന് ഇവിടെ കൊണ്ടുവന്നത്. വിശുദ്ധ നാട്ടിലും, ലോകത്തിലുള്ള മറ്റു സ്ഥലങ്ങളിലും ചെറുതും വലുതുമായ യുദ്ധങ്ങൾ അരങ്ങേറുമ്പോൾ സമാധാനം പുനഃസ്ഥാപിക്കപ്പെടുവാനാണ് ദൈവമാതാവിന്റെ മാദ്ധ്യസ്ഥം തേടി ജപമാലസമർപ്പണം നടത്തുന്നതെന്ന് റോമൻ വികാരിയാത്ത് അറിയിച്ചു.

എ‌ഡി 593- ൽ ഗ്രിഗറി ഒന്നാമൻ പാപ്പ റോമിൽ പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ഈ ചിത്രവുമായി പ്രദിക്ഷണം നടത്തുകയും റോമിന്റെ സംരക്ഷകയായ മറിയത്തോട് മാധ്യസ്ഥം യാചിക്കുകയും ചെയ്തിരിന്നു. തൽഫലമായി റോമാ പട്ടണം പ്ലേഗിൽ നിന്നു പൂർണ്ണമായി മുക്തമായി. 1571- ൽ പയസ് അഞ്ചാമൻ പാപ്പ ലെപാന്റോ യുദ്ധത്തിലും ഈ പ്രത്യേക രൂപത്തോടുള്ള ഭക്തി പ്രോത്സാഹിപ്പിച്ചു. 1837-ല്‍ റോമിൽ കോളറ പടർന്നു പിടിച്ചപ്പോൾ ഗ്രിഗറി പതിനാറാമൻ മാർപാപ്പ ഈ ചിത്രവുമായി വീണ്ടും പ്രദിക്ഷണം നടത്തുകയും മാതാവിന്റെ സഹായം അപേക്ഷിക്കുകയും ചെയ്തു. വളരെ പെട്ടന്നു തന്നെ റോമാ നഗരം പകർച്ചവ്യാധിയിൽ നിന്നു രക്ഷ നേടി. ഫ്രാൻസിസ് പാപ്പ തന്റെ ഓരോ അപ്പസ്തോലിക യാത്രയ്ക്ക് മുമ്പും ശേഷവും സാന്താ മരിയ മജോരെ ബസിലിക്കയിലെ ഈ തിരുസ്വരൂപത്തിനു മുൻപിൽ പ്രാർത്ഥിക്കുവാനായി എത്താറുണ്ട്.

More Archives >>

Page 1 of 892