News - 2024

ആശങ്ക പ്രകടിപ്പിച്ചും പ്രാര്‍ത്ഥന യാചിച്ചും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ്

പ്രവാചകശബ്ദം 09-10-2023 - Monday

ജെറുസലേം: വിശുദ്ധ നാട്ടില്‍ നടക്കുന്ന യുദ്ധത്തില്‍ ആശങ്ക പ്രകടിപ്പിച്ചും പ്രാര്‍ത്ഥന യാചിച്ചും ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല. ഇസ്രായേലി കുടുംബങ്ങൾക്കും പാലസ്തീനികൾക്കും നേരിടേണ്ടിവരുന്ന ദുരന്തങ്ങള്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കുന്നുണ്ട്. പെട്ടെന്നുള്ള പൊട്ടിത്തെറിക്ക് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്നും ഗാസയിൽ നിന്ന് തുടങ്ങിയ ഓപ്പറേഷനും ഇസ്രായേൽ സൈന്യത്തിന്റെ പ്രതികരണവും സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലേക്ക് നമ്മെ തിരികെ കൊണ്ടുപോയെന്നും കര്‍ദ്ദിനാള്‍ പിസബെല്ല പറഞ്ഞു.

സ്ഥിതിഗതികൾ വഷളാകാതെ ഇരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും മേഖലയിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ ഉറപ്പുനൽകാനും സഹായിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്താൻ അന്താരാഷ്ട്ര സമൂഹത്തോടും നേതാക്കളോടും ആവശ്യപ്പെടുന്നു. ഏകപക്ഷീയമായ പ്രഖ്യാപനങ്ങൾ മതവികാരത്തെ ഉലയ്ക്കുകയും കൂടുതൽ വിദ്വേഷവും തീവ്രവാദവും വളർത്തുകയും ചെയ്യുന്നു. അതിനാൽ, പുണ്യ ഭൂമിയിലെ എല്ലാ പുണ്യസ്ഥലങ്ങളിലും പ്രത്യേകിച്ച് ജെറുസലേമിലും നിലവിലെ സ്ഥിതി നിലനിർത്തേണ്ടത് പ്രധാനമാണ്.

ജനങ്ങൾക്കിടയിൽ നീതിയുടെയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും നാടെന്ന് വിളിക്കപ്പെടുന്ന ഈ മണ്ണിൽ പാലസ്തീൻ-ഇസ്രായേൽ സംഘർഷത്തിന് ശാശ്വതവും സമഗ്രവുമായ പരിഹാരം കണ്ടെത്തേണ്ടതിന്റെ അടിയന്തിര ആവശ്യകതയെക്കുറിച്ച് തുടരുന്ന രക്തച്ചൊരിച്ചിലും യുദ്ധ പ്രഖ്യാപനങ്ങളും നമ്മെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. ജെറുസലേം എല്ലാ ജനങ്ങളുടെയും പ്രാർത്ഥനാഭവനമായി മാറുന്നതിന് സമാധാനവും ഐക്യവും നടപ്പിലാക്കുന്നതിനുള്ള ഇടപെടലിൽ ലോകനേതാക്കളെ പ്രചോദിപ്പിക്കാൻ ദൈവത്തോട് അപേക്ഷിക്കുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കര്‍ദ്ദിനാളിന്റെ ആഹ്വാനപ്രകാരം ഇന്നലെ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റിലെ വൈദികരും വിശ്വാസികളും പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിന്നു.

More Archives >>

Page 1 of 891