News - 2024

നിക്കരാഗ്വേയിൽ ഒർട്ടേഗ സ്വേച്ഛാധിപത്യ ഭരണകൂടം രണ്ട് വൈദികരെ കൂടി അറസ്റ്റ് ചെയ്തു

പ്രവാചകശബ്ദം 11-10-2023 - Wednesday

മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒർട്ടേഗ സ്വേച്ഛാധിപത്യ ഭരണകൂടം രണ്ട് കത്തോലിക്ക വൈദികരെ കൂടി അകാരണമായി അറസ്റ്റ് ചെയ്തു. ഇതോടെ ഈ മാസത്തിന്റെ ആരംഭം മുതൽ എട്ട് ദിവസത്തിനുള്ളിൽ ആകെ ആറ് വൈദികരെയാണ് ഏകാധിപത്യ ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. എസ്തേലി രൂപതയിലെ ഔവർ ലേഡി ഓഫ് ലൂർദ് ഇടവകയുടെ വികാരിയായ ഫാ. യെസ്‌നർ സിപ്രിയാനോ പിനേഡ മെനെസെസ് (37) ആണ് അറസ്റ്റിലായ ആദ്യത്തെ വൈദികൻ. സാൻഡിനിസ്റ്റ പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് എൽ കോൺഫിഡൻഷ്യൽ പത്രം റിപ്പോർട്ട് ചെയ്തു. പിനേഡയെ കൂടാതെ, ബ്ലൂഫീൽഡ് രൂപതയിലെ എൽ രാമ പട്ടണത്തിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ഇടവകയുടെ വികാരിയായ ഫാ. റാമോൺ എസ്തബാൻ ആംഗുലോ റെയ്‌സാണ് അറസ്റ്റിലായ രണ്ടാമത്തെ വൈദികന്‍.

ഭരണകൂടം വൈദികരെ തടവിലാക്കിയതോടെ ഇടവകകളിൽ വിശുദ്ധ കുർബാന അര്‍പ്പണമില്ലായെന്നും ദൈവവചന ആരാധനാക്രമം മാത്രമേയുള്ളൂവെന്നും വൈദികരുടെ മോചനത്തിനായി വിശ്വാസി സമൂഹം പ്രാര്‍ത്ഥിക്കുകയാണെന്നും നിക്കരാഗ്വേൻ ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മോളിന പറഞ്ഞു. ഏകാധിപതിയായ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തില്‍ വൈദികരെ ദിവസവും നിരീക്ഷിക്കുകയും അവരുടെ ഫോട്ടോകൾ എടുക്കുകയും ചെയ്യുന്നുവെന്നും കൂടുതൽ വൈദികർ പിടിയിലാകാന്‍ സാധ്യതയുണ്ടെന്നും മാർത്ത കൂട്ടിച്ചേര്‍ത്തു.

ദിവസങ്ങൾക്കുമുമ്പ് ഫാ. അൽവാരോ ടൊലെഡോ, ഫാ. ജൂലിയോ നൊറോറി, ഫാ. ഇവാൻ സെന്റിനോ, ഫാ. ക്രിസ്റ്റോബൽ ഗഡേയ എന്നീ വൈദികരെ യാതൊരു കാരണവും കൂടാതെ ഭരണകൂടം അറസ്റ്റ് ചെയ്തിരിന്നു. നിക്കരാഗ്വേയിൽ ഇതുവരെ 13 വൈദികരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമമായ ലാ പ്രെൻസയുടെ റിപ്പോർട്ട്. ഭരണകൂടത്തിന്റെ ക്രൂരമായ സ്വേച്ഛാധിപത്യത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ “രാജ്യദ്രോഹി” എന്ന കുറ്റം ആരോപിച്ച് 26 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മതഗൽപ്പ ബിഷപ്പ് റൊളാൻഡോ അൽവാരസ് ഉൾപ്പെടെ നിരവധി നിരപരാധികളാണ് രാജ്യത്തു തടങ്കലില്‍ കഴിയുന്നത്. ഈ പട്ടികയിലേക്കാണ് ഇപ്പോള്‍ ഈ വൈദികരും അകാരണമായി ചേര്‍ക്കപ്പെടുന്നത്.

ജനാധിപത്യ വിരുദ്ധ ഇടപെടലും ഏകാധിപത്യവും മൂലം പൗരന്മാരുടെ ജീവിതം ദുസ്സഹമാക്കിയതിനെ തുടര്‍ന്നു കത്തോലിക്ക സഭ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിന്നു. ജനാധിപത്യ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതിനെ ചോദ്യം ചെയ്തും സഭാനേതൃത്വം രംഗത്ത് വന്നു. ഇതാണ് കത്തോലിക്ക സഭയെ ഒര്‍ട്ടേഗ ഭരണകൂടത്തിന് മുന്നിലെ കരടാക്കി മാറ്റിയത്.

More Archives >>

Page 1 of 892