News - 2024

നൈജീരിയയുടെ ഐക്യത്തിന് വേണ്ടി 40 ദിവസത്തെ എക്യുമെനിക്കല്‍ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബർ 20 മുതല്‍

പ്രവാചകശബ്ദം 16-10-2023 - Monday

അബൂജ: നൈജീരിയയിൽ ഐക്യമുണ്ടാകാൻ വിവിധ ക്രൈസ്തവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന ഒക്ടോബർ 20നു ആരംഭിക്കും. എക്യുമെനിക്കൽ കൂട്ടായ്മയായ നാഷ്ണൽ സോളം അസംബ്ലിയുടെ ആഭിമുഖ്യത്തിലാണ് പ്രാര്‍ത്ഥന നടക്കുന്നത്. അബൂജയിലെ നാഷ്ണൽ എക്യുമെനിക്കൽ സെന്ററിൽവെച്ച് നടന്ന ഒത്തുചേരലിന് ശേഷമാണ് ഇങ്ങനെ ഒരു ആഹ്വാനം നാഷ്ണൽ സോളം അസംബ്ലി നടത്തിയത്.

ഒക്ടോബർ 20ന് ആരംഭിക്കുന്ന പ്രാർത്ഥനായജ്ഞം നവംബർ 30 വരെ നീണ്ടുനിൽക്കും. തെരഞ്ഞെടുപ്പ് വേളയിൽ രാജ്യത്തെ പ്രസിഡന്റും, വൈസ് പ്രസിഡന്റും മുസ്ലിം സമുദായത്തിൽ നിന്ന് വരുന്നതിൽ രാജ്യത്തെ നിരവധി ക്രൈസ്തവർക്ക് ആശങ്കയുണ്ടായിരുന്നുവെന്നു കാത്തലിക്ക് കരിസ്മാറ്റിക് റിന്യൂവൽ ഓഫ് നൈജീരിയയുടെ അധ്യക്ഷൻ പ്രൊഫസർ ആന്റണി ബാറ്റൂർ പറഞ്ഞു.

സർക്കാർ നയപരിപാടികളിലും, നിയമനങ്ങളിലും എല്ലാ വിഭാഗങ്ങളെയും പരിഗണിക്കുന്നതിൽ പ്രസിഡന്റ് ബോലാ തിനുബുവിനെയും, വൈസ് പ്രസിഡന്റ് കാഷിം ഷെട്ടിമായെയും നാഷണൽ സോളം അസംബ്ലി അഭിനന്ദിച്ചു. സർക്കാരിന് വേണ്ടി പ്രാർത്ഥിക്കാൻ ക്രൈസ്തവ നേതാക്കൾക്ക് ഉത്തരവാദിത്വമുണ്ടെന്ന് വേദിയിൽ പ്രാർത്ഥന നയിച്ച വേൾഡ് ഹാർവെസ്റ്റ് മിനിസ്ട്രിയുടെ ജനറൽ ഓവർസിയറായ ലിയോനാർഡ് കവാസ് പറഞ്ഞു. ലോകത്ത് ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ ഡോഴ്സിന്റെ പട്ടികയില്‍ ആറാം സ്ഥാനത്താണ് നൈജീരിയ.

More Archives >>

Page 1 of 892