News - 2024

ഇസ്രായേലും പലസ്തീനും: ആനുകാലിക പ്രതിസന്ധികളും മൂടിവെയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളും

ഫാ. ഡോ. മൈക്കിൾ പുളിക്കൽ 13-10-2023 - Friday

ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ 149 ആം സ്ഥാനം മാത്രമുള്ള ഒരു കൊച്ചു രാജ്യമാണ് ഇസ്രായേൽ. ഏകദേശം കേരളത്തിന്റെ വിസ്തൃതിയുടെ പകുതിയിൽ അൽപ്പം മാത്രം അധികം. ഈ ചെറിയ ഭൂപ്രദേശവുമായി ബന്ധപ്പെട്ടതാണ് ആധുനിക ലോകചരിത്രത്തിലെ ഏറ്റവും വലിയ അവകാശ തർക്കങ്ങളിൽ ഒന്ന് എന്നുള്ളത് വിചിത്രമായ ഒരു യാഥാർഥ്യമാണ്. പലസ്തീനികൾ അവകാശപ്പെടുന്ന പലസ്തീൻ, ഇസ്രായേലിന്റെ ഭാഗം തന്നെയാണ്. പലസ്തീൻ എന്ന ഒരു രാജ്യം വാസ്തവത്തിൽ നിലവിലില്ല.

ഇസ്രായേൽ എന്ന രാജ്യത്തിന് യഹൂദ മതവുമായി അഭേദ്യവും സവിശേഷവുമായ ബന്ധമുണ്ട്. ആധുനിക ലോകരാജ്യങ്ങളിൽ പ്രായോഗികമായി മതാധിഷ്ഠിത ചട്ടക്കൂട് പിന്തുടരുന്ന രണ്ടാമത്തെ മതവിഭാഗമാണ് ഇസ്രായേലിലെ മുഖ്യ ജനവിഭാഗമായ യഹൂദർ. മതാധിഷ്ഠിത രാജ്യ സങ്കല്പം പിന്തുടരുന്ന മുഖ്യ മതവിഭാഗം ഇസ്ലാമാണ്. ലോകത്ത് മുസ്ളീം ഭൂരിപക്ഷമുള്ള അമ്പതോളം രാജ്യങ്ങളിൽ 23 രാജ്യങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ ഇസ്ലാമിക രാജ്യങ്ങളാണ്. ഇസ്ലാമിക മത നിയമങ്ങളാണ് ആ രാജ്യത്തെ നിയമങ്ങൾ എന്നതിനാലാണ് അത്. വിരലിലെണ്ണാവുന്ന മുസ്ളീം രാജ്യങ്ങളിലൊഴികെ മറ്റു മതവിഭാഗക്കാർക്കും അന്യരാജ്യങ്ങളിലെ പൗരന്മാർക്കും കടുത്ത നിയന്ത്രണങ്ങൾ നിലവിലുണ്ട്.

യഹൂദരുടെയും ഇസ്രയേലിന്റെയും പലസ്തീന്റെയും ചരിത്രം ആരംഭിക്കുന്നത് ക്രിസ്തുവിന് നിരവധി നൂറ്റാണ്ടുകൾക്ക് മുമ്പാണ്. എന്നാൽ, ഇസ്ലാമിന്റെ ചരിത്രം ആരംഭിക്കുന്നത് ക്രിസ്തുവിന് ശേഷം ഏഴാം നൂറ്റാണ്ടിലാണ്. പൂർവ്വപിതാവായ അബ്രഹാമിന്റെ പുത്രൻ ഇസഹാക്കിന്റെ പുത്രൻ യാക്കോബിന്റെ അപരനാമമാണ് ഇസ്രായേൽ. യാക്കോബിന്റെ മകനായ യൂദായുടെ പേരിൽനിന്നാണ് യഹൂദർ എന്ന വംശനാമം രൂപപ്പെടുന്നത്. ക്രിസ്തുവിന് മുമ്പ് പതിമൂന്നാം നൂറ്റാണ്ടാണ് യൂദായുടെ കാലഘട്ടമായി കരുതപ്പെടുന്നത്. അതായത്, ഇസ്ലാം എന്ന മതം രൂപംകൊള്ളുന്നതിന് രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ്.

ഈജിപ്തിലെ അടിമത്ത കാലഘട്ടത്തിന് ശേഷം ദൈവം തങ്ങൾക്ക് വാഗ്ദാനം ചെയ്ത സ്വന്തം ദേശമെന്ന നിലയിലാണ് ആ കാലഘട്ടത്തിൽ ഇസ്രായേൽ ജനം പലസ്തീനായിലേയ്ക്ക് എത്തിച്ചേരുന്നത്. രാജാക്കന്മാരായ ദാവീദിന്റെയും സോളമന്റെയും കാലം ഇസ്രയേലിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. സോളമൻ രാജാവ് തന്റെ കഴിവിന്റെ പരമാവധി വിനിയോഗിച്ച് ജറുസലേം ദേവാലയം പണികഴിപ്പിച്ചത് ക്രിസ്തുവിന് പത്ത് നൂറ്റാണ്ടുകൾക്ക് മുമ്പായിരുന്നു. അത് പിന്നീട് നൂറ്റാണ്ടുകളോളം യഹൂദരുടെ ആരാധനാ കേന്ദ്രമായി നിലകൊണ്ടു. പലപ്പോഴായി തകർക്കപ്പെട്ട ആ ദേവാലയം ഒടുവിൽ, ക്രിസ്തുവിന്റെ കാലത്താണ് പുതുക്കി പണിതത്. നിർമ്മിക്കപ്പെട്ട ആദ്യകാലം മുതൽ, എല്ലാ യഹൂദരും വർഷത്തിലൊരിക്കൽ ജറുസലേം ദേവാലയത്തിൽ എത്തി ആരാധനയർപ്പിക്കണമെന്നത് കീഴ്‌വഴക്കമായി തുടർന്നിരുന്നു.

എന്നാൽ, ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടിൽ തന്നെ റോമാ സൈന്യം ജറുസലേം നഗരവും ദേവാലയവും തകർത്തു. അക്കാലത്തെ യഹൂദ വിപ്ലവത്തെയും റോമാസൈന്യം യഹൂദർക്കെതിരെ നടത്തിയ സൈനിക നീക്കത്തെയും പിൽക്കാലത്തെ രാഷ്ട്രീയ ധ്രുവീകരണങ്ങളെയും തുടർന്ന് യഹൂദർ ലോകമെമ്പാടും ചിതറിപ്പോയി. ക്രിസ്തുവർഷം ആദ്യ നൂറ്റാണ്ടുകളിൽ ക്രൈസ്തവവൽക്കരിക്കപ്പെട്ട പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇസ്ലാമിന്റെ വികാസത്തോടെ ഘട്ടംഘട്ടമായി മുസ്ളീം ഭരണാധികാരികൾക്ക് കീഴിലായി. പതിനൊന്നാം നൂറ്റാണ്ടോടെ ഇസ്രായേൽ - പലസ്തീൻ പ്രദേശങ്ങളും കൈവശപ്പെടുത്തിയ മുസ്ലീങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജറുസലേം ദേവാലയം നിന്ന സ്ഥലത്ത് "അൽ അക്സ" എന്ന മോസ്‌ക് നിർമ്മിച്ചു. പഴയ ജറുസലേം ദേവാലയത്തിന്റെ അവശേഷിപ്പായി ഇന്നുള്ളത് വിലാപത്തിന്റെ മതിൽ എന്നറിയപ്പെടുന്ന ഭാഗം മാത്രമാണ്. തങ്ങളുടെ വാഗ്ദത്ത നാട്ടിലേയ്ക്ക് തിരികെയെത്തുകയും അവിടെ ഒരു ദേവാലയം നിർമ്മിക്കപ്പെടുകയുമായിരുന്നു യഹൂദരുടെ നൂറ്റാണ്ടുകൾ നീണ്ട സ്വപ്നം.

ആ ദേശത്തോടുള്ള അവരുടെ എക്കാലത്തെയും പ്രതിപത്തി, അത് തങ്ങൾക്കായി നൽകപ്പെട്ട വാഗ്ദത്ത ദേശമാണ് എന്നുള്ളതായിരുന്നു. അതിന് പുറമെയാണ്, തങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രമായിരുന്ന ജറുസലേം ദേവാലയവുമായുള്ള ബന്ധം. ഈ ചെറു ഭൂപ്രദേശവുമായി ഓരോ യഹൂദനുമുള്ള ഹൃദയബന്ധം അവർണ്ണനീയമാം വിധം ശക്തവും മരണത്തോളം നിലനിൽക്കുന്നതുമാണ്. 1948 ൽ ഇസ്രായേൽ എന്ന ആധുനിക രാജ്യത്തിന്റെ രൂപീകരണത്തിലേയ്ക്ക് നയിച്ചതും ഈ വൈകാരിക തീക്ഷണത തന്നെയാണ്. നാല് സഹസ്രാബ്ദങ്ങൾക്ക് പിന്നോട്ട് നീണ്ട തങ്ങളുടെ വേരുകൾ ഉപേക്ഷിക്കാൻ യഹൂദർക്ക് കഴിയില്ല എന്നത് തന്നെയാണ് ഈ വിഷയത്തിലെ അവരുടെ നിലപാടുകളുടെ ഉറപ്പിന് കാരണം.

എന്നാൽ പലസ്തീനികളായ മുസ്ലീങ്ങളുടെയും, മറ്റുള്ള അതിന്യൂനപക്ഷത്തിന്റെയും വിഷയം 1947 - 48 കാലഘട്ടത്തിൽ സംഭവിച്ച യഹൂദ പുനർ അധിനിവേശവും, പലസ്തീൻ ജനത എന്ന നിലയിൽ ലോകസമൂഹത്തിന് മുന്നിൽ വേണ്ടത്ര പരിഗണനയോ, രാഷ്ട്ര പദവിയോ അവർക്ക് ഇനിയും ലഭിക്കാത്തതുമാണ്. രണ്ടു വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ അവരവർക്ക് പ്രധാനമാണ്. കഴിഞ്ഞ എഴുപത്തഞ്ച് വർഷങ്ങളായി തുടരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് ആവശ്യവുമാണ്. എന്നാൽ, ഏതെങ്കിലുമൊരു പക്ഷം ചേർന്ന് യുദ്ധം ചെയ്യുന്നതുകൊണ്ട് ഒരു പരിഹാരം ഉണ്ടാകുമെന്ന് കരുതാനും വയ്യ.

ഇസ്ലാമിക അധിനിവേശം ‍

സ്വന്തം രാജ്യം എന്ന യഹൂദരുടെ ആവശ്യത്തിനും, മുസ്ലീങ്ങൾ ഉയർത്തുന്ന അതേ ആവശ്യത്തിനും വ്യത്യാസമുണ്ട്. തങ്ങളുടെ വാഗ്ദത്ത ഭൂമി എന്ന വിശ്വാസത്തെ തുടർന്ന് ആ ചെറിയ പ്രദേശം തങ്ങൾക്ക് വേണം എന്നത് മാത്രമാണ് യഹൂദരുടെ ആവശ്യം. ഇന്ന് ലോകത്തുള്ള രണ്ടുകോടിയിൽ താഴെവരുന്ന യഹൂദരിൽ മൂന്നിലൊന്ന് മാത്രമാണ് ഇസ്രയേലിലുള്ളത്. ഇസ്രായേൽ എന്ന ചെറിയ ഭൂപ്രദേശത്തിനപ്പുറം തങ്ങൾക്കായി മറ്റൊരു രാജ്യം വേണമെന്ന ആവശ്യം യഹൂദർക്ക് ഒരിക്കലുമില്ല.

അമ്പതില്പരം രാജ്യങ്ങൾ ഇന്ന് ലോകത്തിൽ മുസ്ളീം ഭൂരിപക്ഷ രാജ്യങ്ങളാണ്. അതിൽ 23 രാജ്യങ്ങളിൽ നിലവിലുള്ളത് കർശനമായ ഇസ്ലാമിക നിയമങ്ങളാണ്. ഇസ്ലാമിക രാജ്യങ്ങളുടെ എണ്ണം മുഖ്യമായും കഴിഞ്ഞ പത്ത് നൂറ്റാണ്ടുകൾക്കിടയിൽ വർദ്ധിച്ചുവന്നവയാണ്. മറ്റു വിവിധ ജനവിഭാഗങ്ങൾ ജീവിച്ചിരുന്ന ഭൂമി മുസ്ലീങ്ങൾ കയ്യേറിയതിന് ശേഷം ചില നൂറ്റാണ്ടുകൾക്കൊണ്ട് മറ്റുള്ളവർ തീർത്തും ഇല്ലാതായവയാണ് ഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും. ഇസ്ലാമിക രാജ്യങ്ങളുടെ എണ്ണം കാലക്രമേണ ഇനിയും വർദ്ധിക്കും എന്നുള്ളതും തീർച്ചയാണ്.

യുഎഇ, സൗദി അറേബ്യ തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ ഉൾപ്പെടെ വിവിധ ഇസ്ലാമിക രാജ്യങ്ങൾ മറ്റു മതസ്ഥർക്ക് പൗരത്വം അനുവദിക്കുന്നില്ല. എന്നാൽ, ഇസ്രായേലിൽ പോലും യഹൂദർ അല്ലാത്തവർക്ക് പൗരത്വം ലഭിക്കും. ക്രൈസ്തവ ഭൂരിപക്ഷമുള്ള രാജ്യങ്ങളെല്ലാംതന്നെ ഇതര മതസ്ഥർക്ക് പൗരത്വം അനുവദിക്കുന്നവയാണ്. പൂർണ്ണമായും തങ്ങളുടേത് മാത്രമായ രാജ്യം എന്ന ആശയം ഇന്ന് ലോകത്തിലുള്ളത് ഇസ്ലാമിന് മാത്രമാണ് എന്നതാണ് വാസ്തവം. മറ്റു രാജ്യങ്ങളിലെ പൗരന്മാർക്കും മറ്റു മതസ്ഥർക്കുമുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യത്തിലും ഇസ്ലാമിക രാജ്യങ്ങളാണ് ബഹുദൂരം പിന്നിൽ നിൽക്കുന്നത്. ഉത്തര കൊറിയ, ചൈന പോലുള്ള ചില രാജ്യങ്ങൾ മാത്രമാണ് ഇത്തരത്തിൽ താരതമ്യം ചെയ്യാൻ കഴിയുന്നതായുള്ളത്.

യുദ്ധവും യുദ്ധ തന്ത്രങ്ങളും ‍

പ്രത്യക്ഷമായോ പരോക്ഷമായോ പൂർവ്വികരിൽനിന്ന് കൈമാറി ലഭിച്ച അവകാശങ്ങളെപ്രതിയാണ് ഇസ്രായേൽ - പലസ്തീൻ ഉൾപ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങൾക്കിടയിൽ തർക്കങ്ങൾ നടന്നുവരുന്നത്. ജനതകൾ തമ്മിലുള്ള യുദ്ധങ്ങളുടെ ചരിത്രങ്ങൾക്ക് സഹസ്രാബ്ദങ്ങളുടെയോ, മനുഷ്യോല്പത്തിയുടെ തന്നെയോ ചരിത്രമുണ്ട്. ഇസ്രായേലിന്റെ തന്നെയും ചരിത്രത്തിന്റെ ആരംഭം പോരാട്ടത്തിലൂടെയാണ്. ഇസ്രായേലിലെ രാജാക്കന്മാരുടെ ചരിത്രത്തിൽ ഉടനീളം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും പലായനങ്ങളും തിരിച്ചുവരവുകളും കാണാം. ഇസ്ലാമിന്റെ ചരിത്രവും അപ്രകാരം തന്നെ. മറ്റെല്ലാ ജനതകളെയും യുദ്ധത്തിലൂടെ തുടച്ചുനീക്കിയാണ് ഇസ്ലാം വളർന്നത്.

ഇസ്ലാമിന്റെ യുദ്ധതന്ത്രത്തിന് ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സ്വഭാവമാണ് ഇന്നുമുള്ളത് എന്നത് നൈജീരിയ മുതലുള്ള പല രാജ്യങ്ങളുടെയും അനുഭവങ്ങളിൽനിന്ന് വ്യക്തമാണ്. ഇസ്രയേലും ഹമാസ് തീവ്രവാദികളും തമ്മിൽ നടക്കുന്ന പോരാട്ടമാണ് ഏറ്റവും പുതിയ ഉദാഹരണം. അത്യന്തം ക്രൂരമായ രീതിയിൽ നിരപരാധികളായ ജനങ്ങളെ വധിക്കുന്ന ശൈലി തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾക്ക് പൊതുവായുള്ളതാണ്. പിഞ്ചു കുഞ്ഞുങ്ങളെ വരെ കഴുത്തറുത്തും നിലത്തടിച്ചും കൊല്ലാനും, സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് നിഷ്ടൂരമായി വധിക്കാനും, തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കാനും, മൃതദേഹങ്ങളിൽ പോലും ക്രൂരതകാണിക്കാനും അവർ മടികാണിക്കാറില്ല. ISIS, ബൊക്കോഹറാം, അൽഖ്വയ്‌ദ, താലിബാൻ തുടങ്ങിയ പ്രമുഖ മുസ്ളീം ഭീകരവാദ സംഘടനാകളെല്ലാം ഇത്തരം അതിക്രമങ്ങൾക്ക് കുപ്രസിദ്ധമാണ്. ഇസ്ലാമിക അധിനിവേശം നടന്നുകൊണ്ടിരിക്കുന്ന നൈജീരിയ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ ഇതര മതസ്ഥരും നേരിട്ടുകൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണ്. ഇത്തരം വിഷയങ്ങൾ അർഹിക്കുന്ന രീതിയിൽ അന്തർദേശീയ മാധ്യമങ്ങൾ പോലും കൈകാര്യം ചെയ്യുന്നില്ല എന്നുള്ളതും ഒരു വാസ്തവമാണ്.

ഹമാസ് പോലുള്ള ഭീകര സംഘടനകൾ അവകാശ സംരക്ഷണത്തിന് എന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും അതിന് ലഭിക്കുന്ന തിരിച്ചടികളും ഒരു പക്ഷത്ത് നിന്ന് മാത്രം കാണുന്നവരുടെയും, കൊടും ക്രൂരതകളെ പോലും അന്ധമായി ന്യായീകരിക്കുന്നവരുടെയും എണ്ണം കേരളത്തിലും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഹമാസ് എന്ന തീവ്രവാദസംഘടനയുടെ ഭീകരാക്രമങ്ങളെ പോരാട്ടം എന്ന് വിശേഷിപ്പിക്കാനും, ഭീകരസംഘടനകളിലെ അംഗങ്ങളെ പലസ്തീനികളുടെ പ്രതിനിധികളായി ചിത്രീകരിക്കാനും ഇവിടെയും ചിലർ പരിശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്.

സാധാരണക്കാരുടെയും ന്യായത്തിന്റെയും പക്ഷത്തുനിന്ന് നിഷ്പക്ഷമായി ചിന്തിക്കാനും, ശാശ്വതമായ പരിഹാരം കണ്ടെത്താനും ഈ ശൈലി സഹായകമാകില്ല. ഇവിടെ ആവശ്യം യുക്തമായ അന്താരാഷ്ട്ര ഇടപെടലുകളാണ്. ഫ്രാൻസിസ് മാർപ്പാപ്പ മുന്നോട്ടു വച്ച കത്തോലിക്കാ സഭയുടെ നിലപാടാണ് ഈ വിഷയത്തിൽ യുക്തം: "യുദ്ധം ഒന്നിനും പരിഹാരമല്ല". ആയതിനാൽ, ലോകരാഷ്ട്രങ്ങൾ വിവേകബുദ്ധിയോടെ ക്രിയാത്മകമായ ഇടപെടലുകൾ നടത്താൻ തയ്യാറാവുകയും മുന്നോട്ടുവരികയും വേണം.

More Archives >>

Page 1 of 893