News

യുദ്ധ ദുരിതത്തിലായ വിശുദ്ധ നാടിനും യുക്രൈനും വേണ്ടി ഫാത്തിമായില്‍ പ്രാര്‍ത്ഥന: രണ്ടു ലക്ഷത്തോളം തീര്‍ത്ഥാടകരുടെ പങ്കാളിത്തം

പ്രവാചകശബ്ദം 14-10-2023 - Saturday

ഫാത്തിമ (പോര്‍ച്ചുഗല്‍): യുദ്ധത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന വിശുദ്ധ നാട്ടിലും യുക്രൈനിലും സമാധാനമില്ലാത്ത മറ്റ് നാടുകളിലും സമാധാനം പുലരണമെന്ന നിയോഗവുമായി ഫാത്തിമയില്‍ ദൈവമാതാവിന്റെ മാതാവിന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് പ്രാര്‍ത്ഥന. 35 രാജ്യങ്ങളില്‍ നിന്നുള്ള ഏതാണ്ട് 1,80,000-ലധികം തീര്‍ത്ഥാടകരാണ് ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയാറാം തിരുനാള്‍ ദിനത്തോട് അനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ലിസ്ബണില്‍വെച്ച് നടന്ന 'ലോകയുവജനദിനം 2023'യുടെ സംഘാടക കമ്മിറ്റി പ്രസിഡന്റായ കര്‍ദ്ദിനാള്‍ അമേരിക്കോ അഗ്വിര്‍ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.

യുക്രൈനും, വിശുദ്ധ നാടിനും, സമാധാനം കാംക്ഷിക്കുന്ന മറ്റ് രാജ്യങ്ങളിലും സമാധാനമെന്ന വരദാനം ചൊരിയുവാന്‍ സ്വര്‍ഗ്ഗീയ രാജ്ഞിയോട് പ്രാര്‍ത്ഥിക്കുവാന്‍ കര്‍ദ്ദിനാള്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. “ഫാത്തിമയെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ സമാധാനത്തെക്കുറിച്ചും പറയും, നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇല്ലാത്ത ഒരു വരദാനമാണ് സമാധാനം: ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ പ്രിയപ്പെട്ട യുക്രൈനിലും, യേശുവിന്റെ നാടായ വിശുദ്ധ നാട്ടിലും സമാധാനമില്ല, അതിനാല്‍, ഈ സ്ഥലങ്ങളിലും ലോകത്തും സമാധാനം സംജാതമാകുവാന്‍ നമുക്ക് നമ്മുടെ അമ്മയോട് പ്രാര്‍ത്ഥിക്കാം” - കര്‍ദ്ദിനാള്‍ പറഞ്ഞു.

എന്തുകൊണ്ടാണ് ലോകത്ത് യുദ്ധം ഉണ്ടാകുന്നതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തനിക്കറിയില്ലെന്നും, എന്നാല്‍ കുട്ടികളും യുവാക്കളും, സ്ത്രീകളും, പാവപ്പെട്ടവരും യുദ്ധത്തില്‍ നഷ്ടപ്പെടുന്നുണ്ടെന്നും, ഈ തീര്‍ത്ഥാടനത്തില്‍ നമ്മളെ ആശങ്കപ്പെടുത്തുന്ന അടയാളമാണ് യുക്രൈനിലും ഇപ്പോള്‍ വിശുദ്ധ നാട്ടിലും നടന്നുകൊണ്ടിരിക്കുന്ന യുദ്ധമെന്ന നാടകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഫാത്തിമാ ദര്‍ശനങ്ങള്‍ ഉണ്ടായത്. ദൈവത്തെ നിഷേധിക്കുന്നത് ആളുകള്‍ നിറുത്തിയില്ലെങ്കില്‍ അതിലും മോശമായ ഒന്ന് പൊട്ടിപ്പുറപ്പെടും എന്ന് മാതാവ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത് മറ്റൊരു ലോകമഹായുദ്ധത്തിലാണ് അവസാനിക്കുക”- കര്‍ദ്ദിനാള്‍ വിവരിച്ചു. വത്തിക്കാനില്‍ നടന്നുകൊണ്ടിരിക്കുന്ന സിനഡ് സമ്മേളനത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നു ഫാത്തിമാ ദേവാലയത്തിന്റെ റെക്ടറായ ഫാ. കാര്‍ലോസ് കാബെസിന്‍ഹാസ് തീര്‍ത്ഥാടകരോട് ആഹ്വാനം ചെയ്തിരിന്നു.

More Archives >>

Page 1 of 893