News - 2024
വിശുദ്ധ നാട്ടിലെ സംഘര്‍ഷം: ഫ്രാന്‍സിസ് പാപ്പയും അമേരിക്കന്‍ പ്രസിഡന്റും ഫോണില്‍ ചര്‍ച്ച നടത്തി
പ്രവാചകശബ്ദം 23-10-2023 - Monday
ഗാസ: വിശുദ്ധ നാട്ടിലെ പ്രതിസന്ധി മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇസ്രായേലിലെയും, ഗാസയിലെയും പുതിയ സ്ഥിതിവിശേഷങ്ങളെ കുറിച്ച് ഫ്രാന്‍സിസ് പാപ്പയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണിലൂടെ ചര്‍ച്ച നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഇരുവരും സംസാരിച്ച കാര്യം വൈറ്റ് ഹൗസാണ് പുറത്തുവിട്ടിരിക്കുന്നത്. ഏതാണ്ട് 20 മിനിറ്റോളം നീണ്ട ടെലിഫോണ്‍ ചര്‍ച്ചയില്‍ ലോകത്തെ സംഘര്‍ഷഭരിതമായ സാഹചര്യത്തെക്കുറിച്ചും, സമാധാനത്തിലേക്കുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തുവെന്നു വത്തിക്കാന്‍ വാര്‍ത്താകാര്യാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ഇസ്രായേലി പൗരന്മാര്‍ക്കെതിരെ ഹമാസ് നടത്തിയ അതിക്രൂരമായ ആക്രമണത്തെ പ്രസിഡന്റ് അപലപിച്ചുവെന്നും, ഗാസയിലെ പൗരന്മാരെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയേക്കുറിച്ച് എടുത്തുപറഞ്ഞുവെന്നും വൈറ്റ്ഹൗസ് പ്രസ്താവിച്ചു. കഴിഞ്ഞയാഴ്ചത്തെ ബൈഡന്റെ ഇസ്രായേല്‍ സന്ദര്‍ശനവും, മേഖലയില്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കുവാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളും പാപ്പ സംസാരിച്ചപ്പോള്‍ ചര്‍ച്ചാവിഷയങ്ങളായി. മേഖലയില്‍ സംഘര്‍ഷം തടയേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും, മധ്യപൂര്‍വ്വേഷ്യയില്‍ ശാശ്വതമായ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.
ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനക്കിടെ ഫ്രാന്‍സിസ് പാപ്പ, മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. “ഒരിക്കല്‍കൂടി എന്റെ ചിന്തകള്‍ ഇസ്രായേലിലും, പലസ്തീനിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിലേക്ക് തിരിയുന്നു. എനിക്കതില്‍ വിഷമമുണ്ട്, സഹനമനുഭവിക്കുന്നവര്‍ക്കും, ബന്ദികള്‍ക്കും, പരിക്കേറ്റവര്‍ക്കും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കൊപ്പമുണ്ടായിരിക്കുകയും ചെയ്യും''. യുദ്ധം എപ്പോഴും ഒരു പരാജയമാണ്, മനുഷ്യസാഹോദര്യത്തെ നശിപ്പിക്കുന്നതാണതെന്നും പാപ്പ സന്ദേശത്തില്‍ ആവര്‍ത്തിച്ചു.