News - 2024

മോൺ. ജോസഫ് ജോനാസ് സ്ലോവാക്യയിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ പുതിയ ആർച്ച് ബിഷപ്പ്

പ്രവാചകശബ്ദം 27-10-2023 - Friday

പ്രിസോവ്: സ്ലോവാക്യയിലെ ഗ്രീക്ക് കത്തോലിക്ക സഭയുടെ പുതിയ ആർച്ച് ബിഷപ്പായി മോൺ. ജോസഫ് ജോനാസ് നിയമിതനായി. പ്രിസോവ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി ജോസഫ് ജോനാസിനെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചത്. സ്ലോവാക് ഗ്രീക്ക് കത്തോലിക്ക സഭയുടെ കേന്ദ്രമായ അതിരൂപതയാണ് പ്രിസോവ്. യുക്രൈനിൽ സേവനം തുടരുന്നതിനിടയിലാണ് ഫ്രാൻസിസ് മാർപാപ്പ പുതിയ ദൗത്യത്തിലേക്ക് ജോനാസിനെ നിയമിച്ചിരിക്കുന്നത്.

1974 നവംബർ 21ന് സ്ലോവാക്യയിലെ ലെവോക്കയിൽ ജനിച്ച ജോനാസ് പ്രിസോവിലെ ഗ്രീക്ക്- കാത്തലിക്ക് തിയോളജി കോളേജിലാണ് പരിശീലനം നേടിയത്. 1998 ജൂലൈ പതിനൊന്നാം തീയതി ജോസഫ് ജോനാസ് പൗരോഹിത്യം സ്വീകരിച്ചു. 1998ൽ ദൈവശാസ്ത്രത്തിൽ മജിസ്റ്റർ എന്ന പദവി നേടിയതിനു ശേഷം അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലൈസൻഷ്യേറ്റ് കരസ്ഥമാക്കി. 2001 മുതൽ 2004 വരെ പ്രിസോവ് സെമിനാരിയുടെ ആത്മീയ നേതൃത്വം ജോനാസിനായിരുന്നു. 2013 മുതൽ 2017 വരെ റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ ഡോക്ടറേറ്റ് പഠനം അദ്ദേഹം പൂർത്തിയാക്കി.

ഇതിനു ശേഷം അദ്ദേഹം യുക്രൈനിലേക്ക് തിരികെ വരികയും ലിവിവിലുളള സെന്റ് മൈക്കിൾ സന്യാസ ആശ്രമത്തിന്റെ പദവി ഏറ്റെടുക്കുകയും ചെയ്തു. പരിശുദ്ധ സിംഹാസനവുമായി പൂർണ്ണമായ കൂട്ടായ്മയിലായ പൗരസ്ത്യ സഭകളിലൊന്നാണ് സ്ലോവാക്യന്‍ ഗ്രീക്ക് കത്തോലിക്ക സഭ. 2017-ലെ കണക്കുകള്‍ പ്രകാരം, ലോകമെമ്പാടുമായി 207,320 വിശ്വാസികളാണ് സ്ലോവാക്യന്‍ സഭയിലുള്ളത്. ബൈസന്റൈന്‍ ആരാധനാക്രമമാണ് സഭ പിന്തുടരുന്നത്.

More Archives >>

Page 1 of 898