News - 2024

തായ്‌വാൻ ദിവ്യകാരുണ്യ കോൺഗ്രസില്‍ കര്‍ദ്ദിനാൾ ഫിലോനി പാപ്പയുടെ പ്രതിനിധി

സ്വന്തം ലേഖകന്‍ 11-01-2019 - Friday

വത്തിക്കാൻ സിറ്റി: തായ്‌വാനില്‍ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസില്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി സുവിശേഷവത്ക്കരണത്തിനായുള്ള തിരുസംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി നിയമിതനായി. മാർച്ച് ഒന്ന് മുതൽ യുന്‍ലിന്‍ കൌണ്ടിയിലെ ചിയായിലാണ് ദേശീയ ദിവ്യകാരുണ്യ സമ്മേളനം നടക്കുന്നത്. മാർപാപ്പയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കർദ്ദിനാൾ ഫെർണാണ്ടോ ഫിലോനി പ്രതികരിച്ചു. സഭയിൽ സുവിശേഷവത്കരണത്തിനും അതുവഴി തായ്‌വാനിലെ ഇടയ ദൗത്യത്തിനും ദിവ്യകാരുണ്യ സമ്മേളനം ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുവിശേഷവത്കരണത്തിലൂടെ തായ്‌വാൻ സഭ വളർന്നുവന്നത് അനേകം മിഷ്ണറിമാരുടെ പ്രയത്നത്തിലൂടെയാണ്. അതിനാൽ സുവിശേഷവത്കരണം എന്ന ആശയത്തെ ദിവ്യകാരുണ്യ സമ്മേളനത്തിൽ ഉൾകൊള്ളിക്കണം. പൊതു ആരാധനയിലൂടെ സഭ കൂടുതൽ ഒന്നിക്കും. സുവിശേഷവത്കരണത്തിന് നേതൃത്വം വഹിക്കുന്ന മെത്രാന്മാർക്കും സന്യസ്ഥർക്കും അല്‍മായർക്കും പരസ്പരം പരിചയപ്പെടാൻ അവസരമാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്റെ ഉറവകൾ നിന്നിലാണെന്ന സങ്കീർത്തന വചനമാണ് സമ്മേളനത്തിന്റെ പ്രമേയം. കഴിഞ്ഞ തവണ തായ്‌വാൻ മെത്രാൻ സമിതി വത്തിക്കാനില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ദിവ്യകാരുണ്യ സമ്മേളനത്തിലേക്ക് മാർപാപ്പയെയും സ്വാഗതം ചെയ്തിരുന്നു.


Related Articles »