Videos
പന്ത്രണ്ടുപേരിൽ ഒരുവൻ | നോമ്പുകാല ചിന്തകൾ | മൂന്നാം ദിവസം
പ്രവാചകശബ്ദം 14-02-2024 - Wednesday
പന്ത്രണ്ടു പേരില്‍ ഒരുവനായ യൂദാസ് സ്‌കറിയോത്താ പ്രധാന പുരോഹിതന്‍മാരുടെ അടുത്തു ചെന്നു ചോദിച്ചു: ഞാന്‍ അവനെ നിങ്ങള്‍ക്ക് ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക് എന്തു തരും? അവര്‍ അവന് മുപ്പതുവെള്ളിനാണയങ്ങള്‍ വാഗ്‌ദാനം ചെയ്‌തു (മത്തായി 26: 14-15)
'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: മൂന്നാം ദിവസം
വിശുദ്ധ ഗ്രന്ഥത്തിൽ, യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കുന്ന ഭാഗത്ത് "പന്ത്രണ്ടു പേരിൽ ഒരുവനായ യൂദാസ്" എന്ന് മൂന്ന് സമാന്തര സുവിശേഷങ്ങളിലും യൂദാസിനെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നുണ്ട്. എന്തിനായിരിക്കും ഒറ്റുകാരനായ യൂദാസിനെ "പന്ത്രണ്ടുപേരിൽ ഒരുവൻ" എന്ന് പ്രത്യേകം എടുത്തു പറയുന്നത്? ഇതേക്കുറിച്ച് സഭാപിതാവായ അലക്‌സാഡ്രിയായിലെ സിറിൽ ഇപ്രകാരമാണ് പറയുന്നത്:
അവൻ പന്ത്രണ്ടുപേരിൽ ഒരുവനായിരുന്നു എന്നു സുവിശേഷം വ്യക്തമാക്കുന്നു. ഇത് ഒറ്റുകാരന്റെ പാപത്തിന്റെ ആഴം വ്യക്തമാക്കാനാണ്. കർത്താവ് മറ്റു പതിനൊന്നു പേരോടുമൊപ്പം അവനെ ആദരിക്കുകയും ശ്ലൈഹീക പദവിയാൽ അലങ്കരിക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ടവനും പ്രിയങ്കരനുമായിരുന്ന അവനെ അവിടുന്ന് വിശുദ്ധ മേശയിങ്കൽ സ്വീകരിക്കുകയും ഉന്നതമായ ബഹുമതി നല്‌കുകയും ചെയ്‌തു. എന്നാൽ, അതു കർത്താവിൻ്റെ കൊലയാളികൾക്ക് അവിടുത്തെ കണ്ടെത്താനുള്ള വഴിയായി ഭവിച്ചു. അവൻ്റെ വീഴ്ച്‌ചയുടെ ആഴത്തെക്കുറിച്ച് എത്രയധികം കണ്ണീർപൊഴിച്ചാലും മതിയാവില്ല. ഏതു വിലാപ ഗാനമാണ് അവനു പര്യാപ്‌തമായുള്ളത്? വില കുറഞ്ഞ നാണയത്തുട്ടുകളെപ്രതി അവൻ മിശിഹായിൽനിന്ന് അകലുകയും ദൈവത്തിലുള്ള പ്രത്യാശ നഷ്ടപ്പെടുത്തുകയും ചെയ്തു. മിശിഹായുടെ യഥാർത്ഥ അനുയായികൾക്കുവേണ്ടി ഒരുക്കപ്പെട്ടിരുന്ന ബഹുമതിയും കിരീടവും ജീവനും മഹത്വവും അവൻ നഷ്‌ടപ്പെടുത്തി; അതോടൊപ്പം കർത്താവിന്റെ കൂടെ ഭരിക്കുന്നതിനുള്ള അവകാശവും. (Commentary on Luke, Homily 148).
ഒരു പാപം അത് ആരു ചെയ്യുന്നു എന്നതനുസരിച്ച് പാപത്തിന്റെ ഗൗരവവും വർദ്ധിക്കുന്നു. മാമ്മോദീസയിലൂടെ ക്രിസ്‌തുവിന്റെ മൗതിക ശരീരത്തിലെ അംഗങ്ങളായി തീർന്നവർ ദൈവത്തോട് അവിശ്വസ്തത കാണിക്കുമ്പോൾ അത് മാരകമായ വീഴ്‌ചയായി തീരുന്നു. യൂദാസ് വിലകുറഞ്ഞ നാണയത്തുട്ടുകളെപ്രതി മിശിഹായിൽ നിന്ന് അകലുകയും ദൈവത്തിലുള്ള പ്രത്യാശ നഷ്ടപ്പെടുത്തുകയും ചെയ്‌തു. അതുപോലെ ഈ ലോകം നമ്മുടെ മുൻപിൽ വച്ചുനീട്ടുന്ന പണവും പ്രശസ്‌തിയും സുഖഭോഗങ്ങളും നമ്മെ ക്രിസ്തുവിൽ നിന്നും അകറ്റിയിട്ടുണ്ടങ്കിൽ, ഈ നോമ്പുകാലത്ത് നമ്മുക്ക് അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവരാം. അതിനായി അനുതാപമുള്ള ഒരു ഹൃദയം നൽകി നമ്മളെ നവീകരിക്കണമേ എന്ന് നമ്മുക്ക് പ്രാർത്ഥിക്കാം.