Videos

ക്ഷമയുടെ മാതൃക | നോമ്പുകാല ചിന്തകൾ | ഒന്‍പതാം ദിവസം

പ്രവാചകശബ്ദം 20-02-2024 - Tuesday

''ഈശോയ്ക്ക് കാവൽ നിന്നിരുന്നവർ യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു. അവര്‍ അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു. അവര്‍ അവനെ അധിക്‌ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു'' (ലൂക്കാ 23: 63-65).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: ഒന്‍പതാം ദിവസം ‍

ചരിത്രത്തിലുടനീളം പല നേതാക്കന്മാരും ക്ഷമയുടെ മാതൃക ലോകത്തിന് കാണിച്ചുതന്നിട്ടുണ്ട്. പല മതഗ്രന്ഥങ്ങളും ക്ഷമയുടെ സന്ദേശം ലോകത്തെ പഠിപ്പിക്കുന്നുണ്ട്. അവയൊക്കെ നല്ല സന്ദേശങ്ങൾ തന്നെയാണ്. അവയൊക്കെ മനുഷ്യനു ക്ഷമിക്കുവാൻ പ്രേരണ നൽകിയെങ്കിലും, ക്ഷമിക്കുവാനും സ്നേഹിക്കുവാനും മനുഷ്യനെ ശക്തനാക്കിയില്ല. ക്ഷമിക്കുവാൻ പഠിപ്പിച്ച നേതാക്കന്മാർക്കാർക്കും ക്ഷമിക്കുവാനുള്ള ശക്തി ഈ ലോകത്തിന് പ്രദാനം ചെയ്യാൻ കഴിഞ്ഞില്ല. അതു പ്രദാനം ചെയ്യുവാൻ ലോകചരിത്രത്തിൽ യേശുക്രിസ്തുവിനു മാത്രമേ സാധിച്ചിട്ടുള്ളൂ. കാരണം സത്യദൈവമായ അവിടുന്ന് ദൈവിക പ്രശാന്തത നമ്മിലേക്ക് ചൊരിഞ്ഞുകൊണ്ട് നമ്മുടെ ഹൃദയത്തിന്റെ മുറിവുകളെ ഉണക്കുകയും നമ്മുക്ക് ക്ഷമിക്കുവാൻ ശക്തി നൽകുകയും ചെയ്യുന്നു. ക്ഷമയുടെ ഉത്തമമായ മാതൃകയും സ്രോതസ്സുമായി പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തിനു നൽകിയിരിക്കുന്നു.

ന്യായാധിപ സംഘത്തിന്റെ മുമ്പിൽ വച്ച് യേശു പരിഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതായി സുവിശേഷത്തിൽ നാം കാണുന്നു. ''ഈശോയ്ക്ക് കാവൽ നിന്നിരുന്നവർ യേശുവിനു കാവല്‍നിന്നിരുന്നവര്‍ അവനെ പരിഹസിക്കുകയും അടിക്കുകയും ചെയ്തു. അവര്‍ അവന്റെ കണ്ണുകള്‍ മൂടിക്കൊണ്ട്, നിന്നെ അടിച്ചവന്‍ ആരെന്നു പ്രവചിക്കുക എന്നു പറഞ്ഞു. അവര്‍ അവനെ അധിക്‌ഷേപിച്ച് അവനെതിരായി പലതും പറഞ്ഞു'' (ലൂക്കാ 23: 63-65).

എന്നാൽ ഈശോ എല്ലാം ശാന്തമായി സഹിക്കുന്നു. ഇതേക്കുറിച്ച് വിശുദ്ധ പത്രോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു: നിന്ദിക്കപ്പെട്ടപ്പോള്‍ അവന്‍ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോള്‍ ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്തത് (1 പത്രോസ് 2:23).

സഭാപിതാവായ അലക്‌സാൻഡ്രിയായിലെ സിറിൽ പറയുന്നു: ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവും എല്ലാം സംവിധാനം ചെയ്തവനും രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനുമായവനെ പറ്റിയാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. അവിടുന്നു അത്യധികമായ മഹത്വവും ഗാംഭീര്യവുമുള്ളവനാണ്. എല്ലാറ്റിന്റെയും അടിസ്ഥാനം അവനാണ്. സര്‍വവും നിലനില്‍ക്കുന്നതും അവനില്‍ തന്നെ (കൊളോ 1:17). സ്വര്‍ഗ്ഗത്തിലുള്ള സര്‍വ വിശുദ്ധരുടെയും ജീവശ്വാസം അവനാണ്. അപ്രകാരമുള്ള അവന്‍ നമ്മിലൊരുവനെപോലെ തള്ളി പറയപ്പെടുന്നു; ക്ഷമാപൂര്‍വ്വം പ്രഹരങ്ങള്‍ സഹിക്കുന്നു. ദുഷ്ടന്മാരുടെ നിന്ദനത്തിന് വിധേയനാകുന്നു. അവന്‍ നമ്മുക്ക് ക്ഷമയുടെ ഉത്തമ മാതൃക നല്‍കുന്നു. അതിലുപരി ദൈവീക പ്രശാന്തതയുടെ അതുല്യമായ മഹത്വം വെളിപ്പെടുത്തുകയും ചെയ്യുന്നു (Commentary of Luke, Homily 150).

പ്രിയപ്പെട്ട സഹോദരങ്ങളെ, മറ്റുള്ളവരോട് പൂർണ്ണമായും ക്ഷമിക്കുക എന്നത് മനുഷ്യനാൽ അസാധ്യമാണ് കാരണം അത് ദൈവികമായ ഒരു പ്രവർത്തിയാണ് അതിന് നമ്മുക്ക് ദൈവത്തിന്റെ സഹായം കൂടിയേ തീരൂ. അതിനാൽ ഈ നോമ്പുകാലത്ത് നമ്മുക്ക് എല്ലാവരോടും ക്ഷമിക്കുവാനുള്ള വലിയ ഒരു കൃപയ്ക്കായി ഈശോയോട് പ്രാർത്ഥിക്കാം. നമ്മുടെ കർത്താവ് ക്ഷമയുടെ ഉത്തമമായ മാതൃക നമ്മുക്കു നൽകുക മാത്രമല്ല ചെയ്‌തത്‌, അതിലുപരി ദൈവിക പ്രശാന്തതയുടെ അതുല്യമായ മഹത്വം വെളിപ്പെടുത്തുകയും, അവിടുത്തെ പുനരുത്ഥാനത്തിന്‍റെ മഹത്വത്തില്‍ നമ്മെ പങ്കുകാരാക്കുകയും ചെയ്തുകൊണ്ട് നമ്മെ ക്ഷമിക്കുവാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു.


Related Articles »