Videos

സത്യത്തിന്റെ നോട്ടം | നോമ്പുകാല ചിന്തകൾ | പത്താം ദിവസം

പ്രവാചകശബ്ദം 20-02-2024 - Tuesday

''കര്‍ത്താവ് പത്രോസിന്റെ നേരേ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴികൂവുന്നതിനു മുമ്പു മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കര്‍ത്താവ് പറഞ്ഞവചനം അപ്പോള്‍ പത്രോസ് ഓര്‍മിച്ചു. അവന്‍ പുറത്തുപോയി മനംനൊന്തു കരഞ്ഞു'' (ലൂക്ക 22:61-62)

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പത്താം ദിവസം ‍

നമ്മുടെ കഴിഞ്ഞ കാലത്തെ ഓർമ്മകൾ നമ്മെ വേട്ടയാടാറുണ്ടോ? മറ്റുള്ളവർ നമ്മെ മുറിപ്പെടുത്തിയ ഓർമ്മകളും, നമ്മുടെ ജീവിതത്തിൽ നാം ചെയ്തുപോയ പാപങ്ങളും, നമ്മുടെ ചില തെറ്റായ തീരുമാനങ്ങൾ മൂലം നമ്മുടെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളും ഒക്കെ വലിയ വേദനയായി ചിലപ്പോഴൊക്കെ നമ്മെ വേട്ടയാടാറുണ്ട്. അവയൊക്കെ ചിലപ്പോൾ മറ്റുള്ളവരോടുള്ള വെറുപ്പിലേക്കും വൈരാഗ്യത്തിലേക്കും നമ്മെ നയിക്കും, ചിലപ്പോൾ കുറ്റബോധം നമ്മോടുതന്നെയുള്ള വെറുപ്പിന് കാരണമായേക്കാം. എങ്ങനെയാണ് കഴിഞ്ഞകാലത്തിന്റെ ഈ തടവറയിൽ നിന്നും നമ്മുക്ക് മോചനം ലഭിക്കുക?

യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് പിന്നീട് കുറ്റബോധത്താൽ സ്വയം തൂങ്ങി മരിച്ചു. എന്നാൽ യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞ പത്രോസ് പിന്നീട് സുവിശേഷം പ്രഘോഷിച്ചുകൊണ്ട് അനേകരെ ക്രിസ്തുവിലേക്ക് നയിച്ചു. കർത്താവിനെ തള്ളിപ്പറഞ്ഞ കുറ്റബോധത്തിൽ നിന്നും പുറത്തുവരുവാൻ എങ്ങനെയാണ് പത്രോസിന് സാധിച്ചത്?

പത്രോസ് യേശുവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞപ്പോൾ, കർത്താവ് പത്രോസിന്റെ നേരെ തിരിഞ്ഞ് അവനെ നോക്കി. ഇന്നു കോഴി കൂവുന്നതിന് മുമ്പു മൂന്നുപ്രാവശ്യം എന്നെ നിഷേധിക്കും എന്ന് കർത്താവ് പറഞ്ഞ വചനം അപ്പോൾ പത്രോസ് ഓർമ്മിച്ചു. അവൻ പുറത്തുപോയി മനം നൊന്തു കരഞ്ഞു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇവിടെ തന്റെ കുറ്റബോധത്തിൽ നിന്നും ഹൃദയ നവീകരണത്തിലേക്ക് പത്രോസിനെ നയിച്ചത് മൂന്നുകാര്യങ്ങളാണെന്ന് നമ്മുക്കു കാണുവാൻ സാധിക്കും.

ഒന്ന്: കർത്താവ് തന്നെ നോക്കുന്നത് അവൻ തിരിച്ചറിയുന്നു. രണ്ട്: കർത്താവ് പറഞ്ഞ വചനം അവൻ ഓർമ്മിക്കുന്നു. മൂന്ന് അവൻ മാനസാന്തരപ്പെട്ട് മനം നൊന്ത് കരയുന്നു. ഇതേക്കുറിച്ചു മഹാനായ ലെയോ പറയുന്നത് ഇപ്രകാരമാണ്: "കർത്താവ് പത്രോസിനെ നോക്കി. പത്രോസ് സംഘർഷത്തിലൂടെ കടന്നുപോകുമെന്നു ഒരിക്കൽ മുൻകൂട്ടി കണ്ട അതേ കണ്ണുകൾ കൊണ്ട് ഈശോ കുഴപ്പത്തിലകപ്പെട്ട ശിഷ്യനെ നോക്കി. അതുവഴി സത്യത്തിന്റെ നോട്ടം പത്രോസിൽ പ്രവേശിച്ച് അവനെ ഹൃദയ നവീകരണത്തിലേക്ക് നയിച്ചു" (Sermon 54.5.1).

പിന്നീട് യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം പരിശുദ്ധാത്മാവിനാൽ നിറഞ്ഞു അനേകായിരങ്ങളെ ക്രിസ്തുവിലേക്ക് നയിച്ച് അവസാനം ക്രിസ്തുവിനുവേണ്ടി ധീര രക്തസാക്ഷിത്വം വരിച്ച പതോസിനെയാണ് ചരിത്രത്തിൽ നാം കാണുന്നത്.

പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ ജീവിതത്തിലെ കഴിഞ്ഞകാല വേദനകൾ നമ്മെ അലട്ടുന്നുണ്ടങ്കിൽ, ഏതെങ്കിലും കുറ്റബോധം നമ്മെ വേട്ടയാടുന്നുണ്ടങ്കിൽ നാം തിരിച്ചറിയണം. പത്രോസിനെ നോക്കിയതുപോലെ ഈശോ നമ്മെയും നോക്കുന്നുണ്ട്. ആ സത്യത്തിന്റെ നോട്ടം നാം തിരിച്ചറിയാതെ പോകരുത്. എല്ലാവരും നമ്മെ കുറ്റപ്പെടുത്തുമ്പോഴും നമ്മെ സ്നേഹത്തോടെ നോക്കുന്ന ഈശോയുടെ നോട്ടം നാം കാണാതെ പോകരുത്. അപ്പോൾ ഈശോ നമ്മെ നോക്കി നമ്മോട് പറയും മകനെ മകളെ, നീ എന്താണ് ആലോചിക്കുന്നത്? നീ എന്തിനാണ് ഉൾവലിഞ്ഞു നിൽക്കുന്നത്? എന്നിലേക്ക് തിരിയുക, എന്നിൽ ആശ്രയിക്കുക, എന്നെ അനുഗമിക്കുക. ഈ നോമ്പുകാലത്ത് ഈശോയുടെ നോട്ടം തിരിച്ചറിയുവാനും അവിടുത്തെ സ്വരം കേൾക്കുവാനും അത് നമ്മെ മനസാന്തരത്തിലേക്കും ഹൃദയനവീകരണത്തിലേക്കും നയിക്കുവാനുമുള്ള കൃപയ്ക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.


Related Articles »