News - 2024

കേരളത്തോട് അടുപ്പം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 04-08-2024 - Sunday

വത്തിക്കാന്‍ സിറ്റി: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും വിലങ്ങാടും കനത്ത നാശം വിതച്ച ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയോട് അനുബന്ധിച്ചുള്ള സന്ദേശത്തിലാണ് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ദുഃഖം പ്രകടിപ്പിച്ചത്. ഇന്ത്യൻ ജനതയോട്, പ്രത്യേകിച്ച് കേരളത്തിലെ ജനത്തോട് തന്റെ അടുപ്പം പ്രകടിപ്പിക്കുകയാണെന്നും ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നു പാപ്പ പറഞ്ഞു.

പേമാരി മൂലം കനത്ത നാശനഷ്ടമുണ്ടായ, നിരവധി ഉരുൾപൊട്ടലുകൾക്ക് കാരണമായി മനുഷ്യജീവനുകൾ നഷ്ട്ടമായ, നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെട്ട, കേരളത്തിലെ ജനങ്ങളോട് ഞാൻ എൻ്റെ അടുപ്പം പ്രകടിപ്പിക്കുന്നു. വിനാശകരമായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും ദുരന്തം ബാധിച്ച എല്ലാവര്‍ക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥനയിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും പാപ്പ പറഞ്ഞു. തന്റെ പൊതു സന്ദേശത്തിന്റെ സമാപനത്തിലാണ് പാപ്പ കേരളത്തെ നടുക്കിയ ദുരന്തത്തെ കുറിച്ച് പങ്കുവെച്ചത്.

അതേസമയം വയനാട് ഉരുൾപൊട്ടലിൽ കണ്ടെത്താനുള്ളവർക്കായി അഞ്ചാംദിനവും വ്യാപകമായ തിരച്ചിലാണ് നടന്നത്. നിലവിൽ ലഭിക്കുന്ന അനൗദ്യോഗിക വിവര പ്രകാരം 352 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. 206 പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്ക്. അതിൽ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്. 30 കുട്ടികൾക്കും ദുരന്തത്തിൽ ജീവൻ നഷ്‌ടമായതായി മുഖ്യമന്ത്രി അറിയിച്ചു. 148 മൃതദേഹങ്ങൾ കൈമാറിയിട്ടുണ്ട്. വയനാട്ടിൽ 93 ക്യാമ്പുകളിലായി 10,042 പേരുണ്ട്.

കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, മഞ്ഞക്കുന്ന്, പാലൂർ, വായാട് പ്രദേശത്തു ഉണ്ടായ ഉരുൾപൊട്ടലിൽ 13 വീടുകൾ പൂർണ്ണമായും 9 വീടുകൾ ഭാഗികമായും നശിച്ചിരിന്നു. 44 വീടുകളിൽ തുടർന്ന് താമസിക്കാനാകാത്ത രീതിയിൽ ഒറ്റപ്പെട്ടു. 100 ഏക്കറിനു മേൽ കൃഷി ഭൂമി മണ്ണൊലിച്ചും പാറകൾ നിറഞ്ഞും ഉപയോഗ്യശൂന്യമായി. കോടികണക്കിന് രൂപയുടെ നാശ നഷ്ടം കാർഷിക മേഖലയിൽ മാത്രം ഉണ്ടായിട്ടുണ്ട്. റോഡുകൾ തകർന്നതിനാൽ ഒറ്റപെട്ട നിലയിലാണ് പല പ്രദേശങ്ങളും.


Related Articles »