News - 2024

ലോകമെമ്പാടുമുള്ള മതാധ്യാപകർക്കു ആശംസയും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാൻസിസ് പാപ്പ

പ്രവാചകശബ്ദം 22-08-2024 - Thursday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും വിശ്വാസ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മതാധ്യാപകർക്കു ആശംസയും പ്രാര്‍ത്ഥനയും അറിയിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍വച്ചുനടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് ലോകമെമ്പാടുമുള്ള മതാധ്യാപകർക്ക് ഫ്രാൻസിസ് പാപ്പ ആശംസകൾ അർപ്പിച്ചത്. പത്താം പിയൂസ് പാപ്പയുടെ ഓർമ്മദിനമായ ആഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി മതാധ്യാപക ദിനമായി ലോകത്തിലെ വിവിധ ഇടങ്ങളിൽ ആഘോഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസിസ് പാപ്പ, മതാധ്യാപകരെ ഓർക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുമുള്ള എല്ലാവരുടെയും ഉത്തരവാദിത്വം സൂചിപ്പിച്ചത്.

"ഇന്ന്, വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ സ്മരണയായി ലോകത്തിന്റെ പല ഭാഗങ്ങളിലും മതാധ്യാപക ദിനമായി ആഘോഷിക്കുന്നു. വളരെയധികം സേവനം ചെയ്യുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുൻപന്തിയിൽ നിന്നുകൊണ്ട് വിശ്വാസം ധൈര്യപൂർവം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന നമ്മുടെ മതാധ്യാപകരെക്കുറിച്ചു നമുക്ക് ചിന്തിക്കാം. കർത്താവ് അവരെ ധൈര്യപ്പെടുത്തുവാനും അവരുടെ യാത്ര ഇനിയും അഭംഗുരം തുടരുന്നതിനും വേണ്ടി അവർക്കായി നമുക്ക് ഇന്ന് പ്രാർത്ഥിക്കാം" - പാപ്പ പറഞ്ഞു.


Related Articles »