News - 2024

4 രാജ്യങ്ങള്‍, 20000 മൈല്‍; ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം നാളെ മുതല്‍

പ്രവാചകശബ്ദം 01-09-2024 - Sunday

വത്തിക്കാൻ സിറ്റി: പത്രോസിന്റെ സിംഹാസനത്തില്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ പര്യടനം നാളെ മുതല്‍ നടക്കും. നാളെ സെപ്റ്റംബർ 2 മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ 44-ാമത് അപ്പസ്തോലിക പര്യടനം കൂടിയാണ്. സെപ്റ്റംബർ രണ്ടിന് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലേക്ക് പാപ്പ യാത്ര തിരിക്കും.

റോമിൽനിന്നു വിമാനം കയറുന്ന മാർപാപ്പ പിറ്റേന്നായിരിക്കും ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെത്തുക. ആറാം തീയതി വരെ ഇന്തോനേഷ്യയില്‍ അപ്പസ്തോലിക സന്ദര്‍ശനം തുടരും. ആറു മുതൽ ഒമ്പതു വരെയുള്ള തീയതികളില്‍ പാപ്പുവ ന്യൂഗിനിയയില്‍ പാപ്പ സന്ദർശനം നടത്തും. ഇവിടുത്തെ ജനസംഖ്യയിൽ 32 ശതമാനവും കത്തോലിക്കരാണ്. രാജ്യത്തെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണെന്നത് ശ്രദ്ധേയമാണ്.

സെപ്റ്റംബര്‍ 9 മുതൽ 11 വരെ മാർപാപ്പ കിഴക്കൻ ടിമുറിലായിരിക്കും സന്ദര്‍ശനം നടത്തുക. പത്തു ലക്ഷത്തോളം കത്തോലിക്കരാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 96 ശതമാനമാണ്. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പ അന്ന് സിംഗപ്പൂറിലേക്കു പോകും. സിംഗപ്പൂരിലെ ആകെ ജനസംഖ്യയുടെ മൂന്നു ശതമാനമേ അഥവാ 3,95,000 വരുന്ന കത്തോലിക്കരാണ് രാജ്യത്തുള്ളത്. 13-ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്കു മടങ്ങുന്ന വിധത്തിലാണ് ക്രമീകരണമെന്ന് വത്തിക്കാന്‍ അറിയിച്ചു.


Related Articles »